എന്റെ സന്തോഷവും ധൈര്യവും സ്നേഹവുമായവൻ, ഒറ്റക്കാണെന്ന് തോന്നിപ്പിക്കാറില്ല; മകനെ ജിഷിൻ പൂർണ്ണമായും മറന്നോ?
ഒരു സമയത്ത് ഏറെ ആരാധകരുണ്ടായിരുന്ന സെലിബ്രിറ്റി കപ്പിളായിരുന്നു സീരിയൽ താരങ്ങളായ ജിഷിൻ മോഹനും വരദയും. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. താരദമ്പതികൾ ജിയാൻ എന്നൊരു മകനുണ്ട്. മൂന്ന് വർഷം മുമ്പാണ് ഇരുവരും വിവാഹമോചിതരായത്. ജിഷിൻ തന്നെയാണ് ഡിവോഴ്സ് വാർത്ത ആദ്യം പുറത്ത് വിട്ടതും. വിവാഹമോചനശേഷം കരിയറും മകനും യാത്രകളുമെല്ലാമാണ് വരദയുടെ സന്തോഷം. ജിഷിൻ ഇപ്പോൾ സീരിയൽ താരം അമേയ നായരുമായി ലിവിങ് റിലേഷനിലാണ്.
ഇപ്പോഴിതാ വരദയുടെ പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. മകന്റെ പിറന്നാൾ മാതാപിതാക്കൾക്കൊപ്പം ആഘോഷിച്ചതിന്റെ ഫോട്ടോകളാണ് വരദ പങ്കുവെച്ചത്. ജീവിതത്തിൽ ഒറ്റപ്പെട്ടുവെന്ന് തോന്നാത്തത് മകൻ ഉള്ളതുകൊണ്ടും അവന്റെ സ്നേഹം അനുഭവിക്കുന്നത് കൊണ്ടുമാണെന്നും വരദ കുറിച്ചു.

എന്റെ ബേബിയുടെ പിറന്നാൾ ആഘോഷം... എന്റെ സന്തോഷം, സമാധാനം, ധൈര്യം, സ്നേഹം... എല്ലാം ദേ ഈ നിൽക്കുന്ന ചെക്കനാണ്. അവന് മനസിലായില്ലെങ്കിൽ പോലും ഞാൻ വിഷമിച്ചിരിക്കുന്ന കണ്ടാൽ ആശ്വസിപ്പിക്കുന്ന ഉമ്മകൾ തന്ന് വീർപ്പ് മുട്ടിച്ച് എന്തിന് വിഷമിച്ചുവെന്ന് പോലും എന്നെ കൺഫ്യൂഷനാക്കുന്ന എന്നെ പുതിയ കാര്യങ്ങൾ പഠിപ്പിക്കുന്ന നിർത്താതെ ചോദ്യങ്ങൾ ചോദിക്കുന്ന വിശേഷങ്ങൾ പറയുന്ന ഓരോ ദിവസവും ഓരോ രീതികൾ കണ്ട് പിടിച്ച് ശല്യം ചെയ്യുന്ന ഒത്തിരി കുരുത്തക്കേടുകൾ ചെയ്യുന്ന എന്റെ സൽപുത്രൻ.
ജീവിതത്തിൽ ഒറ്റക്കാണെന്ന് ഒരു നിമിഷം പോലും തോന്നിപ്പിക്കാത്തതും ഇവൻ തന്നെയാട്ടോ. ബെർത്ത് ഡെ ആയിട്ട് ഒരു മൂന്ന് ദിവത്തെ ട്രിപ്പ് ആവാമെന്ന് കരുതി ഇറങ്ങിയതാണ് കുടുംബവുമായിട്ട്. മനോഹരമായ യാത്രയായിരുന്നു.
താമസം ബ്ലാങ്കറ്റ് റിവർ സൈഡ് മൂന്നാർ എന്ന റിസോർട്ടിലും. ഈ റിസോർട്ടിലെ എല്ലാവർക്കും ഒത്തിരി നന്ദി. പ്രതീക്ഷിച്ചതിലും മനോഹരമായിരുന്നു ഓരോ ദിവസവും. യാത്രയും ആഘോഷവും എല്ലാം കഴിഞ്ഞ് ഇപ്പോഴാണ് ഫോട്ടോസ് പോസ്റ്റ് ചെയ്യാൻ സമയം കിട്ടിയത്. ഒരു സാഹചര്യത്തിലും കൈവിട്ട് കളയാതെ കൂടെ നിന്നവർക്കും എന്നും സ്നേഹിക്കുന്നവർക്കും ഒത്തിരി നന്ദി... സ്നേഹം എന്നായിരുന്നു വരദയുടെ കുറിപ്പ്.
നിരവധി ആരാധകരാണ് വരദയുടെ ഓമനപുത്രന് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയത്. എന്നാൽ പിതാവായ ജിഷിൻ മകന്റെ പിറന്നാൾ ദിനത്തിൽ ഒരു ആശംസ പോസ്റ്റ് പോലും പങ്കുവെച്ചില്ലെന്നത് പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമായി. പുതിയ പങ്കാളിയെ കിട്ടിയതോടെ ജിഷിൻ മകനെ പൂർണ്ണമായും മറന്നുവോ എന്നുള്ള തരത്തിലാണ് ചോദ്യങ്ങൾ.

മുമ്പ് മകനൊപ്പമുള്ള പഴയ വീഡിയോകളും ഫോട്ടോകളും ജിഷിൻ പങ്കിടാറുണ്ടായിരുന്നു. വിവാഹമോചനശേഷം മകനെ താൻ വിരളമായി മാത്രമെ കണ്ടിട്ടുള്ളുവെന്നും കുറച്ച് മാസങ്ങൾക്ക് മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ ജിഷിൻ തുറന്ന് പറഞ്ഞിരുന്നു. പരസ്പര സമ്മതത്തോടെയുള്ള വേർപിരിയലായിരുന്നു. ഡിവോഴ്സ് ആവശ്യപ്പെട്ടത് അവളാണ്. പത്ത് ദിവസത്തിനുള്ളിൽ ഞങ്ങൾ ഡിവോഴ്സായി. ഇത്രയ്ക്ക് എളുപ്പമായിരുന്നോ ഡിവോഴ്സെന്ന് തോന്നി.
ചിരിച്ച് കൊണ്ട് പറയുന്നെങ്കിലും ആ ഘട്ടം കടന്ന് കിട്ടുക വലിയ പാടാണ്. ഡിവോഴ്സിന് ശേഷം മകനെ ഞാൻ ഒറ്റ പ്രാവശ്യമെ കണ്ടിട്ടുള്ളൂ. പിന്നെ കണ്ടിട്ടില്ല. എന്റെ തെറ്റായിരിക്കാം. മറക്കാൻ പ്രയാസമാണ്. ഞാനും മകനും വലിയ അടുപ്പമായിരുന്നു. ഇടയ്ക്കിടെ പോയി കണ്ട് അവനെ ഓർമ്മിപ്പിക്കേണ്ടെന്ന് കരുതി. കുട്ടികൾക്ക് പെട്ടെന്ന് മറക്കാൻ പറ്റുമായിരിക്കും.
എവിടെയെങ്കിലും പോകുമ്പോൾ ഞാൻ അവന് ഡ്രസുകൾ വാങ്ങിക്കും. അത് കൊടുക്കാൻ പോലും പറ്റിയില്ല. അവൻ മറക്കാൻ സാധ്യതയില്ല. അവനെ എന്റെ കൂടെ തനിയെ വിടാനുള്ള പ്രായമായിട്ടില്ല എന്നുമാണ് മകനിൽ നിന്നും അകലം പാലിക്കുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജിഷിൻ മുമ്പ് പറഞ്ഞത്.


Click it and Unblock the Notifications

















