അങ്ങനെ പറഞ്ഞാല്‍ ഞാന്‍ ബിഗ് ബോസില്‍ നിന്നും ഇറങ്ങി പോവും; ഇതുവരെ കള്ളത്തരം കാണിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍
അഞ്ചാം തവണയും മലയാളത്തിലേക്ക് ബിഗ് ബോസ് വരികയാണ്. ഇത്തവണയും അവതാരകനായി മോഹന്‍ലാല്‍ തന്നെ എത്തുമെന്നുള്ളതാണ് ആരാധകരെയും ആവേശത്തിലാക്കുന്നത്. എന്നാല്‍ കഴിഞ്ഞ സീസണുകളില്‍ മോഹന്‍ലാലിന്റെ അവതരണത്തെ പലരും കുറ്റപ്പെടുത്തിയിരുന്നു. ചിലരെ സപ്പോര്‍ട്ട് ചെയ്യുന്നതായും മറ്റ് ചിലരെ മാറ്റി നിര്‍ത്തുന്നുവെന്ന ആരോപണവും നേരിടേണ്ടി വന്നു.
എന്നാല്‍ അങ്ങനെ ചെയ്യാന്‍ ബിഗ് ബോസോ അണിയറ പ്രവര്‍ത്തകരോ നിര്‍ബന്ധിച്ചാല്‍ ഞാന്‍ ഈ ഷോയില്‍ നിന്ന് തന്നെ ഇറങ്ങി പോകുമെന്ന് പറയുകയാണ് മോഹന്‍ലാല്‍. ഏഷ്യാനെറ്റിന് നല്‍കിയ ലൈവ് പ്രതികരണത്തിലൂടെയാണ് ബിഗ് ബോസിനെ പറ്റിയും അതിന്റെ യഥാര്‍ഥ്യത്തെ പറ്റിയും നടന്‍ സംസാരിച്ചിരിക്കുന്നത്.

ഈ ഷോ ഓരോ സീസണ്‍ കഴിയുംതോറും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാം, എങ്ങനെ നന്നാക്കാം എന്നൊക്കെയാണ് ചിന്തിക്കുന്നത്. അതിന്റെയൊരു ചിന്തയുടെ ഭാഗമായിട്ടാണ് ഈ സീസണില്‍ ഒര്‍ജിനല്‍സിനെ പറ്റി പറഞ്ഞത്. ജീവിതത്തിലെ പല മേഖലകളിലൂടെയും സഞ്ചരിച്ച് യഥാര്‍ഥ ജീവിതം കണ്ട് അതില്‍ വിജയിച്ച ഒരു കൂട്ടം ആളുകളെയാണ് ഇത്തവണ ബിഗ് ബോസിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. അതുകൊണ്ടാണ് ബാറ്റില്‍ ഓഫ് ഓര്‍ജിനല്‍സ് എന്ന തീം നല്‍കിയതെന്ന് മോഹന്‍ലാല്‍ പറയുന്നു.
അതിനര്‍ഥം ബാക്കിയുള്ളവരെല്ലാം ഫേക്ക് ആണെന്നല്ല. ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ പേരും ഉപയേഗിക്കുന്ന വാക്ക് ഫേക്ക് എന്നാണ്. അതുകൊണ്ട് ഒര്‍ജിനല്‍ എന്ന കോണ്‍സപ്റ്റിലേക്ക് പോയി. ഈ സീസണില്‍ വരുന്നവര്‍ അവരുടെ മേഖലയില്‍ ഒറ്റയ്ക്ക് പടപൊരുതി വിജയിച്ചവരാണ്. ഇങ്ങനെയുള്ള ആളുകളെ ഒത്തിരി ശ്രമങ്ങള്‍ക്കൊടുവിലാണ് കണ്ടെത്തിയിരിക്കുന്നതും. ഓരോ സീസണ്‍ കഴിയുംതോറും കൂടുതല്‍ മികച്ചതായി പ്രേക്ഷകരിലേക്ക് എത്തുന്നു എന്നറിയുമ്പോള്‍ ഒത്തിരി സന്തോഷം തോന്നുന്നുണ്ട്.
ബിഗ് ബോസില്‍ വന്ന് പോകുന്നവര്‍ക്ക് എന്തായാലും ഒരു വെളിപാട് ഉണ്ടാവും. ഏറ്റവും കൂടുതല്‍ സമയം നില്‍ക്കുന്നവര്‍ക്കാണ് പറയാനുള്ളത്. പ്രൊഫഷണലായും സാമ്പത്തികമായും മാനസികമായും ഒരു വെളിപാട് ഉണ്ടാവുന്ന ഷോ ആണിത്. ഇതൊരു സൈക്കോളജിക്കല്‍ ശുദ്ധീകരണമായിട്ടാണ് ആളുകള്‍ കാണുന്നത്. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും ഷോ ഉള്ളത് അതുകൊണ്ടാണ്.

ബിഗ് ബോസിന്റെയും മത്സരാര്‍ഥികളുടെയും ഇടയിലുള്ള മീഡിയേറ്ററാണ് ഞാന്‍. ഷോ യുടെ എല്ലാ എപ്പിസോഡുകളും തന്നെ കാണും. അതില്‍ ഏറ്റവും രസകരമായി നടന്ന സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്യും. അങ്ങനെയാണ് നമ്മള്‍ അവരുടെ മുന്നില്‍ എത്തുന്നത്. പിന്നെ അവരുടെ പ്രശ്‌നങ്ങളും നമ്മള്‍ സംസാരിക്കും. ഞാന്‍ അതിനിടയിലുള്ള ഒരു മെമ്പറേ അല്ല.
വര്‍ഷങ്ങളായി അഭിനയിക്കുന്നത് കൊണ്ട് ഓരോ സിനിമയുടെ സെറ്റിലും വ്യത്യസ്ത സ്വഭാവമുള്ള ഇരുന്നൂറോ മുന്നൂറോ പേരുണ്ടാവും. അവരുടെ ഇടയില്‍ കൂടി ജീവിച്ച് വരുന്ന ആളാണ് ഞാന്‍. അതുകൊണ്ട് എനിക്ക് കുറച്ച് കൂടി എളുപ്പത്തില്‍ അവരെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്.
പുറത്ത് ഫാന്‍ ഫൈറ്റ് നടക്കുന്നത് ഈ ഷോ കൂടുതല്‍ ആസ്വദിക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ്. ആളുകള്‍ അത് സ്വീകരിക്കുന്നതിന്റെ സന്തോഷമുണ്ട്. സിനിമയുടെ കാര്യത്തിലാണെങ്കിലും ഫാന്‍ ഫൈറ്റൊക്കെ നടക്കാറുണ്ട്. അത് പരിധി വിട്ട് ആവശ്യമില്ലാത്ത തലത്തിലേക്ക് പോകുമ്പോഴാണ് അത് മോശമാവുന്നത്. അല്ലാതെ ഫാന്‍സ് ഉണ്ടാവുന്നത് നല്ല കാര്യമാണ്. അത് പരിധി വിടാതെ പോകാന്‍ അവരാണ് ശ്രമിക്കേണ്ടത്.
ബിഗ് ബോസില്‍ മോഹന്‍ലാല്‍ ഒര്‍ജിനലായിരിക്കുമോ എന്ന ചോദ്യത്തിന് ഞാന്‍ എല്ലാ സീസണിലും ഒര്‍ജിനലായിരുന്നു എന്നാണ് താരത്തിന്റെ മറുപടി. അതല്ലാതെ നമുക്കിതില്‍ കള്ളത്തരമൊന്നും കാണിക്കാന്‍ പറ്റില്ല. ഒരുപാട് പേര്‍ ഇത് സ്‌ക്രീപ്റ്റഡ് ആണെന്ന് പറയുന്നുണ്ട്. അങ്ങനൊന്നും ചെയ്യാന്‍ പറ്റത്തില്ല. കാരണം ഇത് ഒരു ഭാഷയില്‍ മാത്രം നടക്കുന്നതല്ല. ഏറ്റവും ഒര്‍ജിനലായി പ്രവര്‍ത്തിക്കാനാണ് എനിക്ക് താല്‍പര്യം.
ഇതുവരെ ഞാന്‍ അങ്ങനെ തന്നെയാണ് ചെയ്തിട്ടുള്ളതും. ഒരാളെ മാത്രം സപ്പോര്‍ട്ട് ചെയ്തിട്ട് ഞാന്‍ നിന്നിട്ടില്ല. അങ്ങനെ ചെയ്യാന്‍ പറയുന്ന ദിവസം ഞാന്‍ ഈ ഷോയില്‍ നിന്നും ഇറങ്ങി പോകും. ഇതുവരെ പറഞ്ഞിട്ടില്ല, പറയുമെന്ന് തോന്നുന്നുമില്ല. നമ്മുടെ ഷോ യില്‍ എല്ലാം ഒര്‍ജിനല്‍ തന്നെയാണെന്ന് മോഹന്‍ലാല്‍ പറയുന്നു.


Click it and Unblock the Notifications