പലരുടെയും വാർഷിക വരുമാനം ഇവർക്ക് മിനുട്ടുകൾ കൊണ്ട്, ഏറ്റവും ധനിക ദിയ കൃഷ്ണ; "താര കുടുംബം വാങ്ങുന്ന തുക"
സോഷ്യൽ മീഡിയ താരങ്ങളുടെ കാലഘട്ടമാണിത്. സിനിമാ താരങ്ങളേക്കാൾ ജനശ്രദ്ധ ലഭിക്കുന്നവരായി ഇൻഫ്ലുവൻസേർസ് മാറിക്കഴിഞ്ഞു. ചിലർ സിനിമാമേഖലയിലേക്കുള്ള ചവിട്ട് പടിയായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം കാണുന്നു. എന്നാൽ ചിലർക്ക് സിനിമാ ലോകത്ത് ലഭിക്കുന്നതിനേക്കാൾ ജനപ്രീതി സോഷ്യൽ മീഡിയയിലൂടെ സ്വന്തമാക്കുന്നു. ഇൻഫ്ലുവൻസേർസിന്റെ കുടുംബമായാണ് കൃഷ്ണകുമാർ ഫാമിലി അറിയപ്പെടുന്നത്. ഇവർക്ക് ലഭിക്കുന്ന ജനശ്രദ്ധ പലരെയും അമ്പരിപ്പിക്കുന്നതാണ്. താരകുടുംബത്തിലെ മിക്ക വ്ലോഗുകളും യൂട്യൂബിൽ ട്രെൻഡിംഗാണ്.
അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ, സിന്ധു കൃഷ്ണ എന്നീ അഞ്ച് പേരും യൂട്യബിലെ താരങ്ങളാണ്. അഹാനയും ഇഷാനിയും ഹൻസികയുമെല്ലാം പല ബ്രാൻഡുകളുമായും കൊളാബറേഷൻ ചെയ്യാറുമുണ്ട്. ഇവർ വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ച് റെഡിറ്റിൽ വന്നിരിക്കുന്ന വാദമാണിപ്പോൾ ശ്രദ്ധ നേടുന്നത്. മലയാളി ഇൻഫ്ലുവൻസർമാരുടെ പ്രതിഫലം എത്രയാണെന്നായിരുന്നു റെഡിറ്റിൽ വന്ന ചോദ്യം. മറുപടിയായി വന്ന കമന്റുകളിൽ അഹാന, ദിയ, ഇഷാനി എന്നിവരെ പരാമർശിക്കുന്നുണ്ട്.

"ദിയ കൃഷ്ണ ഒരു പോസ്റ്റിന് 40000 വും സ്റ്റോറിക്ക് 20000 വും റീലിന് ഒരു ലക്ഷവുമാണ് വാങ്ങിയിരുന്നത്. ഇത് 2020 ൽ ഞങ്ങൾ ഒരു ബ്രാൻഡ് കൊളാബറേഷന് വേണ്ടി സമീപിച്ചപ്പോഴായിരുന്നു. ഇപ്പോൾ പ്രൊമോഷനുകൾക്ക് കൃഷ്ണകുമാർ ഫാമിലി 5 ലക്ഷമാണ് വാങ്ങുന്നതെന്ന് കേട്ടു" ഒരാളുടെ കമന്റിങ്ങനെ. അഹാന കൃഷ്ണ പത്ത് ലക്ഷമാണ് പ്രൊമോഷൻ റീലുകൾക്ക് വാങ്ങുന്നതെന്നും വാദമുണ്ട്. അതേസമയം സോഷ്യൽ മീഡിയയിലെ വാദങ്ങൾക്കപ്പുറം ഇതേക്കുറിച്ച് അഹാനയോ സഹോദരിമാരോ തുറന്ന് സംസാരിച്ചിട്ടില്ല.
എന്നാൽ വലിയ തുക ഇവർക്ക് യൂട്യൂബിൽ നിന്നും കൊളാബറേഷനുകളിൽ നിന്നും ലഭിക്കുന്നുണ്ടെന്ന് വ്യക്തമാണ്. കൂട്ടത്തിൽ ദിയ കൃഷ്ണയാണോ ഏറ്റവും ധനികയെന്ന ചോദ്യം ആരാധകർക്കുണ്ട്. കാരണം ദിയക്ക് സോഷ്യൽ മീഡിയ വരുമാനത്തിന് പുറമെ ബിസിനസുമുണ്ട്. ഓ ബെെ ഓസി എന്ന സ്ഥാപനമാണ് ദിയ നടത്തുന്നത്. ഈയടുത്ത് ഇവിടെ ജീവനക്കാരികൾ നടത്തിയത് 69 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണെന്നാണ് റിപ്പോർട്ടുകൾ. അപ്പോൾ തന്നെ ദിയയുടെ ബിസിനസിന്റെ വ്യാപ്തി ഊഹിക്കാവുന്നതാണ്.

സാധാരണക്കാരായ പലരുടെയും വാർഷിക വരുമാനം ഇവർക്ക് മിനുട്ടുകൾ മാത്രമുള്ള റീലുകളിലൂടെയും മറ്റും ലഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്. അതേസമയം ഇന്നത്തെ സാമ്പത്തിക ശേഷിയില്ലാത്ത ഒരു കാലഘട്ടം കൃഷ്ണകുമാർ കുടുംബത്തിനുണ്ട്. ഒരിക്കൽ അഹാന കൃഷ്ണ ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയുണ്ടായി. "അച്ഛന്റെ കരിയറിൽ ഒത്തിരി അപസ് ആന്റ് ഡൗൺസ് വന്നിട്ടുണ്ട്.
ഉയർച്ചയേക്കാൾ കൂടുതൽ താഴ്ചയായിരുന്നു. എല്ലാം ഓപ്പണായി ചർച്ച ചെയ്യുന്നതിനാൽ നമ്മൾ കാണുന്നുണ്ട്. എത്രയോ വർഷങ്ങൾ അച്ഛന് വർക്കില്ലാതായിട്ടുണ്ട്. ഓരോ മാസവും എങ്ങനെയാണ് മുന്നോട്ട് കൊണ്ട് പോകുക എന്ന് ആലോചിച്ച സമയമുണ്ട്. ഞാൻ സ്റ്റീവ് ലോപസ് ചെയ്യുന്ന സമയത്തൊക്കെ എങ്ങനെയാണ് ഈ മാസത്തെ ലോൺ അടയ്ക്കുക, ഫീസ് അടയ്ക്കുക എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്" എന്നാണ് ഒരിക്കൽ അഹാന കൃഷ്ണ പറഞ്ഞത്.
സിനിമ കരിയറായി തെരഞ്ഞെടുത്ത അഹാന പിന്നീട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്ക് ശ്രദ്ധ നൽകുകയായിരുന്നു. ഞാൻ സ്റ്റീവ് ലോപസ് എന്ന സിനിമയിലൂടെയാണ് അഹാന അഭിനയ രംഗത്ത് വന്നത്. ഇന്നും നടിയായി അറിയപ്പെടാനും മികച്ച റോളുകൾ ചെയ്യാനും അഹാന ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അഹാനയ്ക്ക് സിനിമാ താരത്തിനേക്കാൾ വലിയ പ്രശസ്തി സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നു.


Click it and Unblock the Notifications