എനിക്ക് വിഷമമില്ല! ഇക്ക നാളെ ഞാനും അങ്ങോട്ടേക്ക് വരും! കൊച്ചിന്‍ ഹനീഫയുടെ വിയോഗത്തില്‍ സലീം കുമാര്‍ പറഞ്ഞത്
മരണത്തെക്കുറിച്ച് അഭിമുഖങ്ങളിലെല്ലാം വാചാലനായിട്ടുണ്ട് സലീം കുമാര്‍. അതൊരു സത്യമാണ്. അംഗീകരിക്കുകയല്ലാതെ വേറെയൊന്നും ചെയ്യാനില്ല. മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് വന്ന സന്ദര്‍ഭങ്ങളുമുണ്ട്. ഗ്രാമഫോണിലെ എന്തേ ഇന്നും വന്നീല എന്ന ഗാനം കാണുമ്പോള്‍ മനസ് വല്ലാതെ പതറിപ്പോയിട്ടുണ്ട്. അതില്‍ കൂടെ അഭിനയിച്ചവരില്‍ ഞാന്‍ മാത്രമേ ഇന്നുള്ളൂ. ഞാനിങ്ങനെ ഇവിടെ അടുത്ത ഊഴം കാത്തിരിക്കുന്നു. ഒറ്റയ്‌ക്കൊക്കെ ഇരുന്ന് ഈ പാട്ട് കാണുമ്പോള്‍ എന്തൊക്കെയോ തോന്നാറുണ്ടെന്നായിരുന്നു അദ്ദേഹം മുന്‍പ് പറഞ്ഞത്.
മരണത്തെ അത്രയേറെ ഭയന്നിരുന്നു അദ്ദേഹം. അപ്രതീക്ഷിതമായി അദ്ദേഹം വിട വാങ്ങിയപ്പോള്‍ പ്രിയപ്പെട്ടവരെല്ലാം പറഞ്ഞതും ഇക്കാര്യത്തെക്കുറിച്ചായിരുന്നു. മുന്‍പ് ജെബി ജംഗ്ക്ഷനില്‍ അതിഥിയായി എത്തിയപ്പോഴും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. കൊച്ചിന്‍ ഹനീഫ മരിച്ച് കിടക്കുമ്പോള്‍ സലീം ആദ്യം പറഞ്ഞത് സ്വന്തം മരണത്തെക്കുറിച്ചായിരുന്നല്ലോ എന്നും ജോണ്‍ ബ്രിട്ടാസ് ചോദിച്ചിരുന്നു. ഇക്ക, ഞാനും വരും. അത്രേയുള്ളൂ. അത് വലിയ കുഴപ്പമായി അങ്ങനെ പറഞ്ഞത്. അദ്ദേഹം മരിച്ചതില്‍ എനിക്ക് വലിയ വിഷമമില്ല, കാരണം കൊച്ചിന്‍ ഹനീഫ ഇന്ന് പോയിടത്തേക്ക് നാളെ ഞാന്‍ പോവേണ്ടതാണ്.

ഇത് പറഞ്ഞപ്പോള്‍ ആളുകള്‍ വിചാരിച്ചത് എന്താണെന്നറിയുമോ, ഞാനിങ്ങനെ റെഡിയായി പാസ്‌പോര്‍ട്ടൊക്കെ എടുത്ത് ഇരിക്കുകയാണെന്നാണ്. അറിഞ്ഞില്ലേ, സലീം കുമാര്‍ ചാവാന്‍ പോവുകയാണ്. എന്റെ വീട്ടില്‍, മക്കളുടെ സ്‌കൂളില്‍ അങ്ങനെ എല്ലായിടത്തും ഇതായിരുന്നു ചര്‍ച്ച. പിന്നെ ഇവര് തന്നെ അസുഖങ്ങളുണ്ടാക്കാന്‍ തുടങ്ങി. ഹാര്‍ട്ടിന് പ്രശ്‌നമാണ്, അറ്റാക്ക് വന്നു എന്നൊക്കെ. ചികിത്സയ്ക്കായി ചാലക്കുടിയില്‍ പോയി എന്നൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഞാന്‍ ചാലക്കുടിയില്‍ ഒരു ഷൂട്ടിംഗിന് പോയതേയുള്ളൂ. അല്ലാതെ ഞാന്‍ അങ്ങോട്ട് പോയിട്ടില്ല. എന്തൊക്കെ രോഗങ്ങളാണ് വന്നത്. അതുപോലെ അമേരിക്കയില്‍ വെച്ച് കാര്‍ ആക്‌സിഡന്റ് എന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ദിലീപിന്റെ കൂടെയൊക്കെ അമേരിക്കയില്‍ പോയപ്പോഴായിരുന്നു അത്. ഞാന്‍ അപ്പോള്‍ തന്നെ വീട്ടില്‍ വിളിച്ചു. പലതും കേള്‍ക്കും, അതൊന്നും കാര്യമാക്കണ്ട കേട്ടോ, ഞാന്‍ ഇവിടെ ഓക്കെയാണെന്ന് പറഞ്ഞു. വേറെയാരോടും പറയേണ്ടതില്ലല്ലോ. അതുപോലെ കുറേപേര്‍ എന്നെ ഫോണില്‍ വിളിക്കുമായിരുന്നു.
ഹലോ പറഞ്ഞുകഴിയുമ്പോള്‍ എന്താടാ എന്ന് ചോദിക്കും. പിന്നെപ്പിന്നെ ഞാന്‍ തന്നെ ചോദിച്ച് തുടങ്ങി. നീ എന്തറിഞ്ഞാണ് വിളിക്കുന്നത്. എങ്ങനെ മരിച്ചു എന്നാണ് നീ അറിഞ്ഞത് എന്നൊക്കെ ചോദിക്കുമായിരുന്നു. ഹനീഫ്ക്ക മരിച്ചന്ന് പറഞ്ഞത് വലിയ കുഴപ്പമായി. മനസ് നൊന്താണ് ഞാനത് പറഞ്ഞത്. ഇതിനോടൊക്കെ ഭയങ്കര പേടിയുള്ളൊരാളായിരുന്നു ഹനീഫ്ക്ക. മരണത്തെ അത്രയേറെ പേടിച്ചിരുന്നു അദ്ദേഹം. നിങ്ങള്‍ക്ക് വേറെ വല്ല കാര്യവും പറഞ്ഞൂടേയെന്ന് ഞാന്‍ ചോദിക്കാറുണ്ട്. മരിച്ചാല്‍ തീര്‍ന്നു. ഒരു പോത്ത്, എരുമ മരിച്ചാല്‍ തീര്‍ന്നു അല്ലേ, അതുപോലെ തന്നെ.
രണ്ടാം ജന്മത്തില്‍ മനുഷ്യന്‍ വേണ്ട. മനുഷ്യനെപ്പോലെ ഇത്രയും വൃത്തികെട്ട ജീവി വേറെയില്ല. ഏറ്റവും പേടിയുള്ളവരാണ് മനുഷ്യന്‍. നമ്മള്‍ നിത്യേന കേള്‍ക്കുന്നതാണ് ആത്മഹത്യ. ഭാര്യയെ വഞ്ചിച്ചു, കരമടക്കാന്‍ പൈസയില്ലാതെ, അങ്ങനെ ഓരോ കാരണങ്ങള്‍. ഏതെങ്കിലും മൃഗങ്ങള്‍ ആത്മഹത്യ ചെയ്തതായി കേട്ടിട്ടുണ്ടോ.ഒരാളെയും കൊല്ലുകയുമില്ല മൃഗങ്ങള്‍. തിന്നാനല്ലാതെ മറ്റൊന്നിനും കൊല്ലില്ല. എനിക്കെന്തായാലും മനുഷ്യന്‍ വേണ്ട എന്നുമായിരുന്നു അന്ന് സലീം കുമാര്‍ പറഞ്ഞത്.


Click it and Unblock the Notifications