സിനിമ താരങ്ങൾക്ക് ലഭിക്കുന്നതുപോലുള്ള സ്വീകരണമായിരുന്നു, അന്നാണ് ആദ്യമായി വില കൂടിയ വസ്ത്രം ധരിച്ചത്; ജോബി
ഒരു കാലത്ത് ടെലിവിഷനിൽ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന റിയാലിറ്റി ഷോയായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിങ്ങർ. ജോബി ജോൺ ആയിരുന്നു സീസൺ ഫോറിലെ വിജയി. അഞ്ച് ലക്ഷത്തിന് മുകളിൽ വോട്ട് നേടിയാണ് അന്ന് ജോബി കപ്പ് നേടിയത്. ശേഷം നിരവധി സിനിമകളിൽ പിന്നണി പാടുകയും ചെയ്ത ജോബി തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെക്കുകയാണിപ്പോൾ മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ.
വിജയിയായശേഷം എവിടെ പോയാലും സൂപ്പർ താരങ്ങൾക്ക് ലഭിക്കുന്നതുപോലൊരു സ്വീകരണമായിരുന്നു തനിക്ക് ലഭിച്ചിരുന്നതെന്നും അതെല്ലാം എന്നേക്കും മനസിൽ സൂക്ഷിക്കുന്ന ഓർമകളാണെന്നും ജോബി പറയുന്നു. അന്ന് ജനങ്ങൾ അയക്കുന്ന എസ്എംഎസ് പിന്തുണ കൂടി പരിശോധിച്ചാണ് റിയാലിറ്റി ഷോകളിൽ വിജയിയെ കണ്ടെത്തിയിരുന്നത്. ജോബി ലഭിച്ച അത്രത്തോളം എസ്എംഎസ് മറ്റാർക്കും പിന്നീട് ലഭിച്ചിട്ടില്ല.

വോട്ട് വന്ന് നിറയുന്നത് കാണുമ്പോൾ പാട്ട് നന്നായി പാടാൻ വല്ലാത്തൊരു ആത്മവിശ്വാസം വരുമായിരുന്നുവെന്ന് അനുഭവങ്ങൾ പങ്കുവെച്ച് ഗായകൻ പറയുന്നു. യഥാർത്ഥത്തിൽ വോട്ട് മാത്രം പരിഗണിച്ച് അല്ല അവർ എന്നെ വിജയിയായി പ്രഖ്യാപിച്ചത്. അന്നത്തെ പെർഫോമൻസ് കൂടി പരിഗണിച്ചായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് അവർ അത് പറയുകയും ചെയ്തിരുന്നു. എസ്എംഎസ് കൂടുന്നത് കാണുന്നതുകൊണ്ട് അവസാനത്തെ പാട്ടൊക്കെ പാടുമ്പോൾ ഞാൻ ഫുൾ കോൺഫിഡൻസിലായിരുന്നു.
പറയാൻ മറന്ന പരിഭവങ്ങൾ എന്ന പാട്ട് ഫൈനലിൽ പാടിയത് ഗ്രൂമേഴ്സിന്റെ നിർദേശത്തോടെയായിരുന്നു. അത്ര എളുപ്പത്തിൽ പാടാൻ കഴിയുന്ന പാട്ടായിരുന്നില്ല. പ്രൈസ് ഡിസ്ട്രിബ്യൂഷൻ സമയത്ത് അഞ്ച് ലക്ഷം വോട്ട് എന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും എട്ടര ലക്ഷത്തോളം വോട്ട് യഥാർത്ഥത്തിൽ കിട്ടി. അത് പിന്നീട് പുതിയ സീസൺ ആരംഭിച്ചപ്പോൾ രഞ്ജിനി ചേച്ചി എന്നെ വിളിച്ച് വരുത്തി പരസ്യമായി പറഞ്ഞിരുന്നു. അതിന്റെ വീഡിയോ ഇപ്പോഴും യുട്യൂബിലുണ്ട്.
സിനിമാ താരത്തെ പോലെയായിരുന്നു അന്നൊക്കെ ആളുകൾ ട്രീറ്റ് ചെയ്തിരുന്നത്. മാത്രമല്ല ആളുകൾ എന്നെ ഇന്നും പ്രോഗ്രാമിന് വിളിക്കുന്നത് സ്റ്റാർ സിങർ വിജയ് എന്ന ലേബലിൽ തന്നെയാണ്. ലോകത്ത് എവിടെയൊക്കെ മലയാളികൾ ഉണ്ടോ അവിടെ നിന്നെല്ലാം എനിക്ക് എസ്എംഎസ് സപ്പോർട്ട് വന്നിരുന്നു. ശ്രീലങ്കയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും വരെ ആരാധകരുണ്ടായിരുന്നു. ഞാൻ സ്റ്റാർ സിങറിന്റെ ഭാഗമായശേഷമാണ് എന്റെ വീട്ടിൽ ടിവി പോലും വാങ്ങിയത്.
സ്റ്റാർ സിങ്ങർ വിൻ ചെയ്തശേഷം ഒരുപാട് ഉദ്ഘാടനങ്ങളിലും പരിപാടികളിലും അതിഥിയായി പങ്കെടുത്തിട്ടുണ്ട്. ചില ദിവസങ്ങളിൽ നാലും അഞ്ചും ഉദ്ഘാടനങ്ങളാണ് ചെയ്തിരുന്നത്. ചിലപ്പോൾ പോയി മുഖം കാണിച്ച് തിരികെ വരും. പാടാൻ കഴിയാത്ത വിധം തൊണ്ട വരെ അടഞ്ഞ് പോയ സമയങ്ങളുണ്ടെന്നും ജോബി പറഞ്ഞു. സിനിമ താരങ്ങൾക്ക് കിട്ടുന്നത് പോലുള്ള സ്വീകരണമായിരുന്നു എനിക്ക് കിട്ടിയിരുന്നത്.

തിരുവനന്തപുരത്തെ ഒരു കോളജിൽ ചെന്നപ്പോൾ അവിടുത്തെ ഫങ്ഷൻ കഴിഞ്ഞ് തിരികെ പോകാൻ ബുദ്ധിമുട്ടിയതും ജോബി ഓർക്കുന്നു. അതുപോലെ നടൻ വിജയിയെ കാണാനും സംവദിക്കാനും അവസരം കിട്ടിയ സ്റ്റാർ സിങ്ങർ മത്സരാർത്ഥികൾ സീസൺ ഫോറിലെ ഞങ്ങൾ മാത്രമാണ്. ഗായകൻ ശ്രീനാഥ് വിജയിയുടെ വലിയ ആരാധകനായിരുന്നു. അവൻ ഫാൻസ് അസോസിയേഷനിലും സജീവമായിരുന്നു.
അങ്ങനെ അസോസിയേഷനുമായി ശ്രീനാഥ് ബന്ധപ്പെടുകയും അവർ ഏഷ്യാനെറ്റുമായി ബന്ധപ്പെടുകയും ചെയ്താണ് ഞങ്ങൾക്ക് വിജയിയെ കാണാൻ അവസരം ലഭിച്ചത്. പത്ത് മിനിറ്റ് സമയം മാത്രമെ അനുവദിച്ചിരുന്നുള്ളു. ആ പത്ത് മിനിറ്റ് മികച്ചതാക്കി മാറ്റാൻ ഞങ്ങൾ അതിന് മുമ്പുള്ള കുറച്ച് ദിവസങ്ങൾ നന്നായി പരിശ്രമിച്ചു. മാത്രമല്ല വിജയിയെ കാണാൻ പോകാൻ വേണ്ടിയാണ് ആദ്യമായി വില കൂടിയ നല്ല വസ്ത്രങ്ങൾ ഞാൻ വാങ്ങി ധരിച്ചത്. ഇനി ഞങ്ങൾക്ക് കിട്ടിയതുപോലൊരു അവസരം മറ്റാർക്കും വിജയിക്കൊപ്പം കിട്ടില്ല.
അദ്ദേഹം ഷേക്ക് ഹാന്റ് തന്നശേഷം അന്ന് രാത്രി വരെ കൈ കഴുകിയതേയില്ല. ഞാൻ വിജയിയായി വന്നപ്പോൾ എനിക്ക് കിട്ടിയ ട്രോഫി കാണാൻ വേണ്ടി കാവിലംപ്പാറ ടൗണിൽ വലിയൊരു ജനക്കൂട്ടം തന്നെ വന്നിരുന്നു. വടകര മുതൽ തൊട്ടിപ്പാലം വരെ അന്ന് ബ്ലോക്കായിരുന്നു. അതിനുശേഷം 15 വർഷങ്ങൾക്കിപ്പുറം അടുത്തിടെ കാവിലംപ്പാറ ഫെസ്റ്റിലാണ് അതുപോലൊരു ജനക്കൂട്ടം കണ്ടതെന്നും ജോബി പറയുന്നു.


Click it and Unblock the Notifications











