കുട്ടികള്‍ക്കായി വ്യത്യസ്ത റിയാലിറ്റി ഷോയുമായി അമൃത ടിവി! ഇമ്മിണി ബല്ല്യൊരു ഫാന്‍ ഉടന്‍
പ്രേക്ഷകഹൃദയം കീഴടക്കാന്‍ ഒരു പുതിയ റിയാലിറ്റി ഷോ കൂടി അണിയറയില്‍ ഒരുങ്ങുന്നു. മലയാളത്തിലെ മുന്‍നിര ടെലിവിഷന്‍ ചാനലുകളിലൊന്നായ അമൃതാ ടിവിയാണ് പുതിയ പരിപാടിയുമായി എത്തുന്നത്. ഇമ്മിണി ബല്ല്യൊരു ഫാന്‍ എന്ന പേരിട്ട പരിപാടി പ്രധാനമായും കുട്ടികളെ കേന്ദ്രീകരിച്ചുളള ഷോയാണ്. റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന ഓരോ മല്‍സരാര്‍ത്ഥികള്‍ക്കും തങ്ങളുടെ സൂപ്പര്‍ ഹീറോകളോടുളള ഇഷ്ടം പരിപാടിയില്‍ പ്രകടിപ്പിക്കാം.
പാട്ട്, ഡാന്‍സ്, സ്‌കിറ്റ് തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തികൊണ്ടുളള ഒരു റിയാലിറ്റി ഷോയുമായാണ് ചാനല്‍ ഇത്തവണ എത്തുന്നത്. സൗഭാഗ്യ വെങ്കിടേഷ്,മാളവിക നായര്‍,പരസ്പരം നായകന്‍ വിവേക് ഗോപന്‍ തുടങ്ങിയവരാണ് പരിപാടിയില്‍ വിധികര്‍ത്താക്കളായി എത്തുന്നത്. ഡബ്‌സ്മാഷ് വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്.

നടി താരാ കല്യാണിന്റെ മകളായ സൗഭാഗ്യ ആദ്യമായാണ് ഇത്തരമൊരു റിയാലിറ്റി ഷോയുടെ വിധികര്‍ത്താവായി എത്തുന്നത്. സീരിയലിലൂടെ സിനിമയിലൂടെയും ശ്രദ്ധേയയായ മാളവികയും ടെലിവിഷനിലേക്കുളള തിരിച്ചുവരവാണ് ഈ പരിപാടിയിലൂടെ നടത്തുന്നത്.
സംപ്രേക്ഷണം ഉടന്‍ ആരംഭിക്കാനിരിക്കുന്ന ഇമ്മിണി ബല്ല്യൊരു ഫാനിന്റെ പ്രൊമോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. അമൃതാ ടിവിയുടെ ഫേസ്ബുക്ക് പേജിലായിരുന്നു വീഡിയോ പുറത്തിറങ്ങിയിരുന്നത്. വിധികര്‍ത്താക്കളെ കാണിച്ചുകൊണ്ടായിരുന്നു പരിപാടിയുടെ പ്രൊമോ പുറത്തുവന്നത്.


Click it and Unblock the Notifications











