ഭക്ഷണത്തിന് ബുദ്ധിമുട്ടി, മാതാപിതാക്കൾ സർക്കസ് ആർട്ടിസ്റ്റുകൾ, കഷ്ടപ്പാട് അറിഞ്ഞവർ പറ്റിച്ച് സമ്പാദിക്കുമോ?
ടിക്ക് ടോക്കിലൂടെയാണ് മീത്ത്-മിരി ദമ്പതികൾ അറിയപ്പെട്ട് തുടങ്ങിയത്. ചെറിയ സ്കിറ്റ് വീഡിയോകളും ഡാൻസ് വീഡിയോകളും ചലഞ്ച് വീഡിയോകളും ചെയ്ത് തുടങ്ങിയതോടെ ഫോളോവേഴ്സ് ദിനംപ്രതി വർധിച്ചു. ടിക്ക് ടോക്ക് ഇന്ത്യയിൽ ബാൻ ചെയ്യപ്പെട്ടതോടെ എല്ലാവരേയും പോലെ ഈ ദമ്പതികളും യുട്യൂബ് ചാനൽ തുടങ്ങി. ഒപ്പം ഇൻസ്റ്റഗ്രാം റീലുമായും ആക്ടീവായി. ലൈഫ് സ്റ്റൈൽ വ്ലോഗുകളാണ് മീത്തും മിരിയും യുട്യൂബ് ചാനലിൽ ഏറെയും പങ്കുവെക്കാറുള്ളത്.
അഞ്ച് മില്യണിൽ അധികം സബ്സ്ക്രൈബേഴ്സുള്ളതാണ് ഇരുവരുടേയും യുട്യൂബ് ചാനൽ. ഇൻസ്റ്റഗ്രാമിലും ഒരു മില്യണിൽ അധികം ഫോളോവേഴ്സുണ്ട്. കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽമീഡിയയിലാകെ നിറഞ്ഞ് നിൽക്കുന്നത് മീത്തും മിരിയുമാണ്. അതിന് കാരണം ഇരുവരുടേയും പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങാണ്.

കുറച്ച് ദിവസം മുമ്പ് അത്യാഢബര പൂർവമാണ് മീത്തും മീരിയും തങ്ങൾ ആദ്യമായി പണിത വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് നടത്തിയത്. കണ്ണൂരിൽ തന്നെയാണ് വീട് പണിതിരിക്കുന്നത്. മീത്ത് കണ്ണൂർ സ്വദേശിയാണ്. റൂഹ് എന്ന് പേരിട്ടിരിക്കുന്ന വീട് മണിമാളികയുടെ എല്ലാ ആഢംബരങ്ങളോടെയുമാണ് നിർമ്മിച്ചിരിക്കുന്നത്.
കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേഴ്സ് ടെലിവിഷൻ താരങ്ങളുമെല്ലാം ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അതുകൊണ്ട് തന്നെ രണ്ട് ദിവസത്തോളം നീണ്ടുനിൽക്കുന്നതായിരുന്നു ആഘോഷം. ഗാനമേള, നൃത്തം, ഡിജെ, വിഭവ സമൃദ്ധമായ ഭക്ഷണം തുടങ്ങിയവയെല്ലാം മീത്തും മിരിയും ചേർന്ന് അതിഥികൾക്കായി ഒരുക്കിയിരുന്നു. ഒരു കോടിക്ക് മുകളിൽ മുടക്കിയാണ് ഇരുവരും വീടിന്റെ പണി പൂർത്തിയാക്കിയത്.
എത്ര തുക ചിലവായെന്ന് കൃത്യമായി പറഞ്ഞില്ലെങ്കിലും ഒരു കോടിക്ക് മുകളിൽ വീടിന് വേണ്ടി ചിലവായതായി ഇരുവരും മീഡിയയോട് സംസാരിക്കവെ വെളിപ്പെടുത്തിയിരുന്നു. വീട് നിർമ്മാണത്തിന് ചിലവായ തുക വെളുപ്പെടുത്തിയശേഷം നിരവധി നെഗറ്റീവ് കമന്റുകൾ ദമ്പതികൾക്ക് എതിരെ ഉയരുന്നുണ്ട്. യുട്യൂബ് വീഡിയോകളിലൂടെ അത്രയേറെ പണം സമ്പാദിക്കുന്നുണ്ടോ? എന്നാണ് ഏറെയും ചോദ്യങ്ങൾ.
നാലായിരം സ്ക്വയർഫീറ്റിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. രണ്ട് വർഷം വീട് പണിതുയർത്തുന്നതുമായി ബന്ധപ്പെട്ട് തങ്ങൾ കഷ്ടപ്പെട്ടതായി ഇരുവരും പറഞ്ഞിരുന്നു. വീടിന്റെ ഓരോ മുക്കിലും മൂലയിലും മീത്തിന്റെയും മിരിയുടേയും കഷ്ടപ്പാടും കഠിനാധ്വാനവും വ്യക്തമാണ്. ശ്രുതി തമ്പി വീടുണ്ടാക്കിയപ്പോൾ എന്തെല്ലാം അശ്ലീലങ്ങളാണ് ആളുകൾ പറഞ്ഞത്. ഇവിടൊന്നും പറയാനില്ലേ? എന്നാണ് ഒരാൾ കമന്റിലൂടെ ചോദിച്ചത്.

മറ്റ് ചിലർ ഇവരുടെ ഓൺലൈൻ ക്ലോത്തിങ് ബിസിനസിനെ പരിഹസിച്ചും എത്തിയിട്ടുണ്ട്. അഞ്ഞൂറ് രൂപയുടെ സാരി രണ്ടായിരം രൂപയ്ക്ക് വിറ്റ് സമ്പാദിച്ച പണം കൊണ്ട് പണിത വീടല്ലേ എന്നാണ് ചിലർ ഇരുവരേയും വിമർശിച്ച് ചോദിച്ചത്. എന്നാൽ ഇരുവരുടേയും ആരാധകർ ദമ്പതികളുടെ കഠിനാധ്വാനത്തെ കുറിച്ച് വ്യക്തമാക്കി എത്തിയിട്ടുണ്ട്. അവർ അഞ്ച് വർഷത്തോളം അധ്വാനിച്ചതിന്റെ ഫലമാണ് വീടെന്നാണ് ഇരുവരേയും പിന്തുണയ്ക്കുന്നവർ കുറിച്ചത്.
സാധാരണ കുടുംബത്തിൽ നിന്നും ഉയർന്ന് വന്നരാണ് മീത്തും മീരിയും. കഷ്ടപ്പാട് കൂടുതൽ അനുഭവിച്ചിട്ടുള്ളത് മീത്താണ്. താരത്തിന്റെ മാതാപിതാക്കൾ സർക്കസ് ആർട്ടിസ്റ്റുകളാണ്. കുട്ടിക്കാലത്ത് ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടിയ സാഹചര്യങ്ങളിലൂടെ വരെ കടന്നുപോയിട്ടുണ്ട്. പിന്നീട് പഠിച്ച് അഞ്ച് അക്ക ശമ്പളമുള്ള ജോലി സമ്പാദിച്ചു. മീത്ത് മുതിർന്നശേഷമാണ് കുടുംബം കഷ്ടപ്പാടിൽ നിന്നും കരകയറി തുടങ്ങിയത്.
നൃത്തവും അഭിനയവുമെല്ലാം മീത്തിന് ചെറുപ്പം മുതൽ ഹരമാണ്. അങ്ങനെയാണ് മിരിയുടെ വരവിനുശേഷം ചെറിയ സ്കിറ്റുകൾ വീഡിയോയാക്കി ചെയ്ത് യുട്യൂബിലും മറ്റ് സോഷ്യൽമീഡിയ പേജിലും പങ്കുവെച്ച് തുടങ്ങിയത്. ഇന്ന് ഇരുവരും യുട്യൂബ് വഴിയും പ്രമോഷൻ പോലുള്ള വഴിയും എല്ലാം ലക്ഷങ്ങളാണ് മാസം സമ്പാദിക്കുന്നത്. അത്രയേറെ കഷ്ടപ്പാട് അറിഞ്ഞ് ജീവിച്ച് വന്നവർ സാധാരണക്കാരെ പറ്റിച്ച് സമ്പാദിക്കുമെന്ന് തോന്നുന്നില്ലെന്നും ദമ്പതികളെ അനുകൂലിച്ച് എത്തിയവർ കുറിച്ചു.


Click it and Unblock the Notifications











