അവരില്ലാത്ത വിടവ് നികത്തി റേറ്റിങ് തിരിച്ച് പിടിച്ചവൻ, സിദ്ധാർത്ഥിനെ ഉപ്പും മുളകിൽ നിന്നും പുറത്താക്കി?; ചർച്ച
മിനിസ്ക്രീനിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ടെലിവിഷൻ സിറ്റികോമാണ് ഉപ്പും മുളകും. 2015ൽ ആരംഭിച്ച സിറ്റ്കോം 2200ൽ അധികം എപ്പിസോഡുകൾ പിന്നിട്ട് ജൈത്ര യാത്ര തുടരുകയാണ്. ഇപ്പോൾ മൂന്നാം സീസണാണ് സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നത്. ബിജു സോപാനം, നിഷ സാരംഗ്, ജൂഹി റുസ്തഗി, റിഷി, അൽസാബിത്ത്, ശിവാനി, ബേബി അമേയ, ബേബി നന്ദൂട്ടി തുടങ്ങി ഒരുപാട് കലാകാരന്മാരുടെ തലവര തന്നെ മാറ്റിയത് ഉപ്പും മുളകുമാണ്.
പതിവായി കണ്ടുവരുന്ന സീരിയലുകളിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഉപ്പും മുളകിലെ അഭിനേതാക്കളുടെ പ്രകടനവും കഥാപരിസരവും എല്ലാം. വൻ വിജയമായി മുന്നോട്ട് പോവുകയായിരുന്ന സിറ്റ്കോം പരാജയം രുചിച്ച് തുടങ്ങിയത് പ്രധാന വേഷങ്ങൾ ചെയ്തിരുന്ന ബിജു സോപാനവും നിഷ സാരംഗും റിഷിയും ശ്രീകുമാറുമെല്ലാം പിന്മാറിയതോടെയാണ്.

കഴിഞ്ഞ വർഷം സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നുവെന്ന നടിയുടെ പരാതിയെ തുടർന്നാണ് ബിജു സോപാനത്തിനും ശ്രീകുമാറിനും എതിരെ പോലീസ് കേസെടുത്തത്. ഒരാൾ നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ഈ സംഭവത്തോടെ ബിജുവും ശ്രീകുമാറും സീരിയലിൽ നിന്നും പിന്മാറി.
നിഷ സാരംഗും ഉപ്പും മുളക് ടീമുമായി സഹകരിക്കുന്നില്ല. റിഷിയും സീരിയൽ അണിയറപ്രവർത്തകരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് സിറ്റ്കോമിൽ നിന്നും പിന്മാറിയത്. ബാലുവും നീലുവും മുടിയനുമൊന്നും എപ്പിസോഡിൽ പ്രത്യക്ഷപ്പെടാതെയായതോടെ പ്രേക്ഷകർക്കും സിറ്റ്കോം കാണാനുള്ള ആവേശം നഷ്ടപ്പെട്ടു. റേറ്റിങിലും ഉപ്പും മുളകും വളരെ അധികം പിന്നിലായി.
റേറ്റിങിൽ കൂപ്പുകുത്തി വീണ സിറ്റ്കോമം ഉയർത്തെഴുന്നേറ്റത് നടൻ സിദ്ധാർത്ഥ് പ്രഭു സിദ്ധു എന്ന കഥാപാത്രമായി സീരിയലിൽ രംഗപ്രവേശം ചെയ്തതോടെയാണ്. ജൂഹി റുസ്തഗി അവതരിപ്പിക്കുന്ന ലെച്ചു എന്ന കഥാപാത്രത്തിന്റെ ഭർത്താവ് റോളാണ് സിദ്ധാർത്ഥ് പ്രഭു ചെയ്തിരുന്നത്. നേരത്തെ തട്ടീം മുട്ടീം സീരിയലിൽ അഭിനയിച്ച് ജനപ്രിയനായതുകൊണ്ട് തന്നെ ഉപ്പും മുളകിലെ സിദ്ധാർത്ഥിന്റെ പ്രകടനം വളരെ വേഗത്തിൽ ജനങ്ങളുടെ സ്വീകാര്യത നേടി. റേറ്റിങ് കൂടി.
എപ്പിസോഡുകൾ എല്ലാം വൈറലായി മാറി. എന്നാൽ ക്രിസ്മസ് ദിനത്തിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടം സൃഷ്ടിച്ച സിദ്ധാർത്ഥിന്റെ വാർത്തയും വീഡിയോകളും കാട്ടുതീപോലെ പടർന്നത് സിറ്റ്കോമിനേയും ബാധിച്ചു. സിദ്ധാർത്ഥ് ഓടിച്ച വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്കേറ്റിരുന്നു. ചോദ്യംചെയ്ത നാട്ടുകാരെയും തടയാന്‍ എത്തിയ പൊലീസിനെയും സിദ്ധാര്‍ത്ഥ് ആക്രമിച്ചു.

ഒടുവില്‍ ബലംപ്രയോഗിച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ സംഭവത്തിനുശേഷം സോഷ്യൽമീഡിയയിൽ നിന്ന് വരെ സിദ്ധാർത്ഥ് അപ്രത്യക്ഷനായി. മാത്രമല്ല കേസും വിവാദവും ഉണ്ടായതിനാൽ താരത്തെ ഉപ്പും മുളകിൽ നിന്നും പുറത്താക്കിയതായി റിപ്പോർട്ടുകളുണ്ട്. പക്ഷെ ഏറ്റവും പുതിയ എപ്പിസോഡിന്റെ പ്രമോയിലും സിദ്ധാർത്ഥിന്റെ സാന്നിധ്യമുണ്ട്. ചിലപ്പോൾ മുൻകൂട്ടി ഷൂട്ട് ചെയ്തുവെച്ച എപ്പിസോഡുകളാകും ഇപ്പോൾ സംപ്രേഷണം ചെയ്യുന്നവ.
ബാലുവും നീലുവും മുടിയനുമെല്ലാം പോയശേഷം വന്ന വിടവ് നികത്തിയത് സിദ്ധാർത്ഥാണെന്നും അതിനാൽ ഒരു ചാൻസ് കൂടി താരത്തിന് കൊടുക്കണമെന്ന് ആവശ്യപ്പെടുന്ന പ്രേക്ഷകർ നിരവധിയാണ്. ഒരു വാണിങ് കൊടുക്കുവുന്നതേയുള്ളു. പിരിച്ച് വിടേണ്ട ആവശ്യമില്ലെന്നാണ് ഏറെയും കമന്റുകൾ. അതേസമയം സിദ്ധാർത്ഥും ഭാഗമായ ന്യുഇയർ സ്പെഷ്യൽ എപ്പിസോഡിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
സിനിമയാണ് കുട്ടിക്കാലം മുതൽ സിദ്ധാർത്ഥിന്റെ ലക്ഷ്യം. ചേച്ചി ഭാഗ്യലക്ഷ്മിക്കൊപ്പമാണ് സിദ്ധാർത്ഥ് തട്ടീം മുട്ടീം സീരിയലിൽ അഭിനയിച്ചിരുന്നത്. അഭിനയത്തിന് പുറമെ സ്വന്തമായി ചില ബിസിനസുകളും താരത്തിനുണ്ട്. തട്ടീം മുട്ടീക്കുശേഷം പഠനത്തിലാണ് ഭാഗ്യലക്ഷ്മി ശ്രദ്ധകൊടുത്തത്. നഴ്സായ ഭാഗ്യലക്ഷ്മി ജോലിയുടെ ഭാഗമായി ഇപ്പോൾ വിദേശത്താണ്.


Click it and Unblock the Notifications











