അവർക്ക് ഞാൻ രണ്ട് കെട്ടി ആടിപാടി നടക്കുന്ന സ്ത്രീ, സ്നേഹത്തിന് വാല്യു കിട്ടാത്ത അവസ്ഥ വേദനയാണ്; ആൻ മരിയ
മിമനിസ്ക്രീൻ പ്രേക്ഷകർക്കും സോഷ്യൽമീഡിയ നിരന്തരമായി ഉപയോഗിക്കുന്നവർക്കും സുപരിചിതയാണ് സീരിയൽ നടി ആൻ മരിയ. യഥാര്‍ത്ഥ നാമം ആൻ മരിയയെന്നാണെങ്കിലും പക്ഷേ സോഷ്യൽ മീഡിയ ലോകത്ത് പാലാക്കാരി അച്ചായത്തി എന്ന പേരിലാണ് അറിയപ്പെടുന്നത്. പാലായിൽ ജനിച്ച് വളർന്ന ആൻ മരിയ ഒരു സിംഗിൾ മദറാണ്. മകൾക്ക് മൂന്നര വയസുള്ളപ്പോഴാണ് ആൻ മരിയയും ആദ്യ ഭർത്താവും വേർപിരിയുന്നത്. പിന്നീട് വർഷങ്ങൾക്കുശേഷം 2021ൽ സോഫ്റ്റ്‍വെയർ എഞ്ചിനീയറും യൂട്യൂബ് വ്ളോഗറുമായ ഷാൻ ജിയോയെ താരം വിവാഹം ചെയ്തു.
ഒന്നര വർഷം മുമ്പ് ആ ബന്ധവും തകർന്നു. ഇപ്പോൾ അമ്മയും ഏക മകളുമാണ് ആൻ മരിയയുടെ ലോകം. നല്ല സുഹൃത്തുക്കളും തന്നെ സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്യുന്ന മകളും അമ്മയും ഉള്ളതുകൊണ്ടാണ് താൻ ജീവനോടെ ഇരിക്കുന്നതെന്ന് പറയുകയാണ് ആൻ മരിയ.

സ്നേഹത്തിന് വാല്യു കിട്ടാത്ത അവസ്ഥ വേദനയാണെന്നും മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു. ഞാൻ എല്ലാവരുമായും പെട്ടന്ന് ക്ലോസാകും. നന്നായി സംസാരിക്കുന്ന കൂട്ടത്തിലാണ്. അതുകൊണ്ട് തന്നെ എല്ലാം എല്ലാവരോടും തുറന്ന് പറയും. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഡിപ്രഷനിലൂടെ കടന്നുപോയ കാര്യം ഞാൻ തുറന്ന് പറഞ്ഞത്. അന്ന് സോഷ്യൽമീഡിയയിൽ നിന്നും പിന്തുണ ലഭിച്ചിരുന്നു. നെഗറ്റീവ് കിട്ടിയിട്ടില്ല.
സോഷ്യൽമീഡിയയിൽ നിന്ന് മാത്രമല്ല സുഹൃത്തുക്കൾ, സഹപ്രവർത്തകർ എല്ലാം എന്നെ ചേർത്ത് പിടിച്ചു. ഡിപ്രഷൻ വെച്ച് അഭിനയിക്കാൻ പറ്റുന്നില്ലെന്ന് ഞാൻ തന്നെ സീരിയൽ ചെയ്യുന്ന സമയത്ത് ഒരിക്കൽ പറഞ്ഞിരുന്നു. നിർത്തി പോകാമെന്നും തീരുമാനിച്ചിരുന്നു. പക്ഷെ അടുത്തറിയാവുന്നവർ ചേർത്ത് പിടിച്ചതുകൊണ്ട് അതൊന്നും വേണ്ടി വന്നില്ല. അതുപോലെ എന്റെ ഏറ്റവും വലിയ അനുഗ്രഹം മോളാണ്.
അവൾക്ക് എന്റെ ഇമോഷൻസ് മനസിലാകും. ദൈവത്തെ കാണുന്നതും അറിയുന്നതും പ്രിയപ്പെട്ടവരായ ഈ മനുഷ്യരിലൂടെയാണ്. പലരുടേയും സഹായങ്ങൾ നമ്മളിലേക്ക് വന്ന് ചേരുമ്പോഴാണ് ദൈവത്തെ അറിയുന്നത്. ഞാൻ ചെറുപ്പം മുതൽ ഒരുപാട് കഷ്ടപ്പാടിലൂടെയാണ് വളർന്ന് വന്നത്. ഏഴ് വർഷം മുമ്പാണ് സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങിയത്. അന്നും എനിക്ക് ആ തീരുമാനം എടുക്കുമ്പോൾ ഭയമായിരുന്നു.
അമ്മയുടേയും അപ്പയുടേയും കുടുംബം സമ്പന്നരാണെങ്കിലും ഞങ്ങൾക്ക് ഒരു അത്യാവശ്യം വന്നപ്പോൾ ഒറ്റപ്പെട്ട് പോയത് പോലെയായിരുന്നു. ഞാനും എന്റെ മോളും തമ്മിൽ നല്ലൊരു ബോണ്ടിങ്ങുണ്ട്. മക്കളോട് ഫ്രണ്ട്ലിയായി നിന്നാലെ കാര്യമുള്ളൂ. സ്ട്രിക്ടായി നിന്നാൽ ഒരു കാര്യവും നടക്കില്ല. നമ്മൾ ഫ്രണ്ട്ലിയാവുന്നതിനാൽ അവർ മനസ് തുറന്ന് നമ്മളോട് സംസാരിക്കും. മോൾക്ക് മൂന്നര വയസുള്ളപ്പോൾ ഞാനും ഭർത്താവും സെപ്പറേറ്റഡായി. എന്റെ സ്ട്രഗിൾ അന്ന് മുതൽ അവൾ കാണുന്നുണ്ട്.

അതുപോലെ ഞാനും ഭർത്താവും വേർപിരിഞ്ഞശേഷവും അച്ഛനുമായി സംസാരിക്കാൻ മോൾക്ക് അവസരം കൊടുക്കുമായിരുന്നു. ഫോൺ വിളിച്ച് കൊടുക്കുമായിരുന്നു. പിന്നീട് മോൾക്ക് അത് താൽപര്യമില്ലാതെയായി. പക്ഷെ മോളുടെ ആദ്യ കുർബാനയുടെ സമയത്ത് അവളുടെ അച്ഛന്റെ വീട്ടുകാരുടെ സഹകരണമുണ്ടായിരുന്നു. ഇന്നത്തെ കാലത്ത് ചതി പറ്റും.
അത് നമ്മൾ മനസിലാക്കണമെന്ന് മോൾക്ക് പറഞ്ഞ് കൊടുത്തിട്ടുണ്ട്. ആളുകളെ നോക്കിയും കണ്ടും മാത്രമെ സെലക്ട് ചെയ്യാൻ പാടുള്ളുവെന്നും പറഞ്ഞ് കൊടുത്തിട്ടുണ്ട്. പഠിക്കുക ജോലി വാങ്ങുക സ്വന്തം കാലിൽ നിൽക്കുക എന്നിട്ട് മാത്രം വിവാഹം കഴിച്ചാൽ മതിയെന്ന് ഞാൻ മോളോട് പറഞ്ഞിട്ടുണ്ട്. മോളിപ്പോൾ പ്ലസ് വണ്ണിലാണ്. മക്കൾ എല്ലാ ഇമോഷൻസും അറിഞ്ഞ് വളരണം. ഞാൻ ഇപ്പോഴും ഓക്കെയായിട്ടില്ല.
പക്ഷെ ആളുകൾക്ക് മുന്നിൽ ചിരിച്ച് നിൽക്കുന്നുവെന്ന് മാത്രം. മറ്റുള്ളവർ നോക്കുമ്പോൾ രണ്ട് കെട്ടി ആടിപാടി നടക്കുന്ന സ്ത്രീയാണ് ഞാൻ. പബ്ലിക്കിൽ സന്തോഷത്തോടെ പെരുമാറുമെങ്കിൽ ഉള്ളിൽ കനലാണ്. മറ്റുള്ളവരെ ഒന്നും കാണിക്കേണ്ട കാര്യമില്ലല്ലോ. സ്നേഹത്തിന് വാല്യു കിട്ടാത്ത അവസ്ഥ വേദനയാണെന്നും ആൻ മരിയ പറഞ്ഞു.


Click it and Unblock the Notifications