ഞങ്ങൾക്ക് കുട്ടിയെ തരാൻ അവർ തയ്യാറായി, അതിനാലാണ് അമ്മയാകാൻ പോവുകയാണെന്ന് തറപ്പിച്ച് പറഞ്ഞത്; ജാസി പറയുന്നു
സോഷ്യൽമീഡിയ റീൽസുകളിലൂടെ ശ്രദ്ധനേടിയ ട്രാൻസ്ജെന്റർ വ്യക്തിയാണ് ജാസി. ഒരിടയ്ക്ക് താൻ അമ്മയാകാൻ പോവുകയാണെന്ന് ജാസി പറഞ്ഞത് വലിയ വിവാദമായിരുന്നു. മാത്രമല്ല ഗർഭിണിയായി അഭിനയിച്ചുള്ള വീഡിയോകളും പങ്കുവെച്ചിരുന്നു. ട്രാൻസ് വുമണായ ജാസിക്ക് ഒരിക്കലും ഗർഭിണിയാകാൻ കഴിയില്ല. പിന്നെ എന്തിന് ഇത്തരത്തിൽ വേഷം കെട്ടുകയും അമ്മയാകാൻ പോവുകയാണെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു എന്നായിരുന്നു ഉയർന്ന വിമർശനം.
ഇപ്പോഴിതാ അന്ന് ഉയർന്ന വിവാദത്തിന് മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ പുതിയ അഭിമുഖത്തിലൂടെ മറുപടി പറയുകയാണ് ജാസി. പിഞ്ചുകുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലുന്ന അമ്മമാരുള്ള നാട്ടിൽ താൻ അമ്മയാകാൻ പോകുന്നുവെന്ന് പറഞ്ഞത് മാത്രമാണ് വിവാദമാകുന്നതെന്ന് ജാസി പറയുന്നു.

നയൻതാരയ്ക്ക് രണ്ട് കുട്ടികളുണ്ട്. പക്ഷെ അവർ പ്രസവിച്ചതല്ല. സറോഗസി വഴി ഉണ്ടായ കുഞ്ഞുങ്ങളാണ്. എന്തുകൊണ്ട് അങ്ങനൊരു രീതി എനിക്ക് ചിന്തിച്ചുകൂടാ..?. ഞാൻ ഇപ്പോൾ പെണ്ണായിട്ടാണ് ജീവിക്കുന്നത്. എനിക്കൊരു ഭർത്താവുണ്ട്. ഒരു കുഞ്ഞ് കൂടി ഉണ്ടായിരുന്നുവെങ്കിൽ കുടുംബം പോലെ ജീവിക്കാമായിരുന്നുവെന്ന തോന്നൽ എനിക്കുണ്ടായിരുന്നു.
ഈ കാര്യം കുറേ കാലമായി ഞാൻ ചിന്തിക്കുന്നുണ്ട്. അങ്ങനെ ഒരു കുഞ്ഞിനെ ദത്തെടുക്കാമെന്ന തീരുമാനത്തിലേക്ക് എത്തി. കുട്ടിയെ തരാൻ ഒരു കൂട്ടർ തയ്യാറായതും ആയിരുന്നു. അമ്മയാകാൻ ഇഷ്ടമാണെന്ന് ഞാൻ അഭിമുഖങ്ങളിൽ പറഞ്ഞത് കേട്ട് അവർ എന്നെ ഇങ്ങോട്ട് കോൺടാക്ട് ചെയ്യുകയായിരുന്നു. ആ സംഭവം പൂർണ്ണമായും പറയാൻ കഴിയില്ല. നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാകും.
അവർ താൽപര്യം പ്രകടിപ്പിച്ചപ്പോൾ ഞാൻ സമ്മതം അറിയിക്കുകയും നിയമപരമായി തന്ന ദത്തെടുക്കാം എന്ന തീരുമാനത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. കാരണം കുട്ടിയുടെ അവകാശത്തിന്റെ പേരിൽ തർക്കം വരരുതല്ലോ. അങ്ങനെ ദത്തെടുക്കലുമായി ബന്ധപ്പെട്ട് എനിക്കുണ്ടായിരുന്ന ചില സംശയങ്ങൾ ഞാൻ എന്റെ കമ്യൂണിറ്റിയിൽ ഉൾപ്പെട്ട ശീതൾ അടക്കമുള്ളവരോട് ചോദിച്ചു.
അപ്പോൾ ചേച്ചി വഴിയാണ് ഞാൻ അറിഞ്ഞത് ട്രാൻസ്ജെന്റേഴ്സിനെ സിംഗിൾ പാരന്റായിട്ടാണ് പരിഗണിക്കുകയെന്നും അതിനാൽ അവർക്ക് കുഞ്ഞിനെ നിയമപരമായി ദത്തെടുക്കാൻ കഴിയില്ലെന്നും. അത് അറിയുന്നത് മുമ്പ് വരെ കുഞ്ഞിനെ എനിക്ക് സ്വന്തമായി കിട്ടുമെന്ന വിശ്വാസത്തിലായിരുന്നു ഞാൻ. അതുകൊണ്ടാണ് മീഡിയ ചോദിച്ചപ്പോൾ അമ്മയാകാൻ പോവുകയാണെന്ന് തറപ്പിച്ച് പറഞ്ഞതും.

കുഞ്ഞിനെ ദത്തെടുക്കാൻ കഴിയാതെ പോയത് എനിക്ക് ഒരു സങ്കടമാണ്. ആഷി പുരുഷനാണ്. ഞാൻ പുരുഷനിൽ നിന്നും സ്ത്രീയായി മാറിയതാണ്. അങ്ങനെയുള്ള ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കാനുള്ള അവകാശം നിയമം നൽകുന്നില്ല. എന്നെങ്കിലും നിയമങ്ങൾ മാറുമെന്ന് വിശ്വസിക്കുന്നു. ഗർഭിണിയായി വേഷം കെട്ടിയത് കോണ്ടന്റ് ക്രിയേഷന്റെ ഭാഗമായിട്ടാണ്. ഞാൻ മാത്രമല്ലല്ലോ. എത്രയോപേർ ഈ ഒരു കോണ്ടന്റ് റീലാക്കി ചെയ്യുന്നുണ്ട്.
ബയോളജിക്കലി ചിന്തിക്കേണ്ടതില്ല. വെറുമൊരു കോണ്ടന്റായി മാത്രം കണ്ടാൽ മതി. ജന്മം നൽകിയ കുഞ്ഞിനെ എറിഞ്ഞ് കൊല്ലുന്ന അമ്മമാരും തെരുവിൽ ഉപേക്ഷിച്ച് പോകുന്നവരും വിഷം കൊടുത്ത് കൊല്ലുന്നവരും പിഞ്ചുകുഞ്ഞിനെ വിട്ട് സ്വന്തം ജീവിതം നോക്കി പോകുന്ന അമ്മമാരുള്ള നാടല്ലേ നമ്മുടേത്. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർ സ്ത്രീത്വത്തെ അപമാനിക്കുകയല്ലേ ചെയ്യുന്നത്?.
അതോ ഞാൻ ഗർഭിണിയാണെന്ന് പറഞ്ഞത് മാത്രമാണോ സ്ത്രീത്വത്തെ അപമാനിക്കൽ?. ഗർഭിണിയാവുക എന്നത് എന്റെ സ്വപ്നമാണ്. അത് ഞാൻ റീൽസിലൂടെ ചിത്രീകരിക്കാൻ നോക്കിയെന്ന് മാത്രം. അതെങ്ങനെ സ്ത്രീത്വത്തെ അപമാനിക്കലാകും?. എന്തുകൊണ്ടാണ് ആളുകൾക്ക് അങ്ങനൊരു മൈന്റെന്ന് എനിക്ക് അറിയില്ല. ഞാൻ മാത്രമല്ല ട്രാൻസ് കമ്യൂണിറ്റിയിൽ നിന്നുള്ള ഒരുപാട് പേർ എനിക്ക് മുമ്പ് അമ്മയാകാൻ പോകുന്നുവെന്ന പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. അതൊന്നും ആർക്കും പ്രശ്നമായി തോന്നിയില്ല. ഞാൻ പറഞ്ഞപ്പോൾ മാത്രമാണ് വിവാദമായി മാറിയത് എന്നും ജാസി പറഞ്ഞു.


Click it and Unblock the Notifications

















