ഇങ്ങനൊരു ജന്മം ആവേണ്ടായിരുന്നു, അംഗവൈകല്യമുള്ളയാളായി ജനിച്ചാലും കുഴപ്പമില്ലായിരുന്നു, വേദന മനസിലാവില്ല; ജാസി
സോഷ്യൽ മീഡിയ സെലിബ്രിറ്റിയായ ജാസിയേയും പങ്കാളി ആഷിയേയും അറിയാത്ത സോഷ്യൽമീഡിയ ഉപയോക്താക്കൾ കുറവായിരിക്കും. റീൽസ് താരമാണ് ജാസി. തന്റെ സ്വത്വം തിരിച്ചറിഞ്ഞതോടെ സർജറികൾക്കും ചികിത്സയ്ക്കുമെല്ലാമായി ജാസി കഴിഞ്ഞ കുറച്ച് മാസങ്ങളായി നാട്ടിലുണ്ട്. വർഷങ്ങളായി ദുബായിൽ ബിസിനസ് നടത്തി വരികയാണ് ഇരുവരും. പൂർണമായും സ്ത്രീയായി മാറി പാസ്പോട്ടിൽ അടക്കം മാറ്റം വരുത്തിയശേഷം മാത്രമെ ജാസി ദുബായിലേക്ക് തിരിച്ച് പോകുന്നുള്ളു.
അടുത്ത ജന്മത്തിൽ താനൊരു ട്രാൻസ്ജെന്ററായി പിറക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറയുകയാണ് ഇപ്പോൾ ജാസി. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജാസി. ഒന്നുകിൽ പൂർണ്ണതയുള്ള പുരുഷനോ അല്ലെങ്കിൽ പൂർണ്ണതയുള്ള സ്ത്രീയോ ആയാൽ മതിയെന്നും ജാസി പറയുന്നു. പെട്ടന്ന് ഇമോഷണലാവുകയും ദേഷ്യപ്പെടുകയും എല്ലാം ചെയ്യുന്നയാളാണ് ഞാൻ.

അതുപോലെ തന്നെ എല്ലാം പെട്ടന്ന് മറക്കുകയും ചെയ്യും. ആരെങ്കിലും എന്നോട് എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതും ഞാൻ മറക്കും. എന്റെ ലൈഫ് കുളമാക്കിയ ഒരു വ്യക്തിയുണ്ട്. അയാളെ മാത്രമെ ഞാൻ മറക്കാത്തതുള്ളു. ആ വ്യക്തിയോട് വെറുപ്പല്ല. കൺമുന്നിൽ കണ്ടാൽ ഞാൻ വെടിവെച്ച് കൊല്ലും. അത്ര ദേഷ്യമുണ്ട്. അത്രത്തോളം എനിക്ക് അയാളെ ഇഷ്ടമല്ല.
ആ പേര് പറയാൻ പോലും എനിക്ക് ഇഷ്ടമല്ല. ഞാൻ എന്റെ സ്വത്വം തിരിച്ചറിഞ്ഞപ്പോൾ ആദ്യം ഉമ്മയോടാണ് പറഞ്ഞത്. പക്ഷെ ഉമ്മ അത് വിശ്വസിച്ചില്ല. നിന്റെ തോന്നലാണ്. കുറേ ആൺകുട്ടികൾക്കൊപ്പം പോയി കളിച്ചാൽ മതി. ജിമ്മിന് പോയി നോക്കൂ, ക്രിക്കറ്റ് കളിക്കൂ, പെൺകുട്ടികളോടുള്ള ഫ്രണ്ട്ഷിപ്പ് അവസാനിപ്പിക്കൂ എന്നൊക്കെയാണ് പറഞ്ഞത്. പക്ഷെ അതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. അങ്ങനെ മാറ്റാൻ പറ്റുന്ന ഒന്നല്ല.
അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള ആളുകളെ മനസിലാക്കി അംഗീകരിക്കാൻ എല്ലാവരും മനസ് കാണിക്കണം. ഉമ്മ എന്നെ അക്സപ്റ്റ് ചെയ്തു. സഹോദരിമാരുടെ ഭർത്താക്കന്മാരിൽ ഒരാൾ എന്നെ അംഗീകരിച്ചിട്ടില്ല. ബാക്കി എല്ലാവർക്കും ഓക്കെയാണ്. ഞാൻ ജനിച്ചത് പുരുഷനായിട്ടാണ്. സ്ത്രീയായി ജനിക്കണമെന്ന ആഗ്രഹം എനിക്കില്ല.
എന്റെ ഉള്ളിൽ ഒരു പെണ്ണത്തം ഉള്ളതുകൊണ്ടാണ് ഞാൻ ഇപ്പോൾ ഒരു സത്രീയായി മാറിയത്. പെണ്ണായി ജനിക്കാൻ ആഗ്രഹമില്ല. പുരുഷനാണെങ്കിൽ പുരുഷനായി മാത്രം. സ്ത്രീയാണെങ്കിൽ സ്ത്രീയായി മാത്രം. അതല്ലാതെ ഇതിന് രണ്ടിനും ഉള്ളിൽ കിടക്കുന്ന ഒരു ജന്മമുണ്ടല്ലോ. അത് തരരുത്. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ട്രാൻസ് ജെന്ററാകാൻ എനിക്ക് താൽപര്യമില്ല. ഒന്നുകിൽ പൂർണ്ണതയുള്ള ആൺകുട്ടി. അല്ലെങ്കിൽ പൂർണ്ണതയുള്ള പെൺകുട്ടി ആയാൽ മതി.

അതല്ലാതെ ഇതിന് രണ്ടിനും ഇടയിൽ കിടക്കുന്ന ഒരു മനസ് തന്ന് ദൈവം എന്നെ പരീക്ഷിക്കരുതെന്നാണ് പ്രാർത്ഥന. ഇതെല്ലാം അനുഭവിച്ച് കടന്ന് വരുന്നവർക്ക് മാത്രമെ ഞാൻ പറയുന്നത് മനസിലാകൂ. ഒമ്പത്, ചാന്ത്പൊട്ട് എന്നൊക്കെ നിസാരനായി വിളിച്ച് പോകാം. പക്ഷെ അനുഭവിക്കുന്നവർക്കെ വേദന മനസിലാകൂ. അടുത്ത ജന്മം ഭിന്നശേഷിയുള്ളയാളായി ജനിച്ചാലും കുഴപ്പമില്ല. കാരണം അവരോടൊക്കെ ആളുകൾക്ക് സഹതാപമാണ്.
ഈ ഒരു ജന്മം എനിക്ക് വേണ്ടിയിരുന്നില്ലെന്നും ജാസി പറയുന്നു. സിനിമാ മോഹം തനിക്കുണ്ടെന്നും ജാസി വെളിപ്പെടുത്തി. സിനിമയിൽ അവസരം കിട്ടിയാൽ ഞാൻ അഭിനയിക്കും. ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. സിനിമയിൽ നിന്നും വിളികൾ വന്നിരുന്നു. എനിക്ക് ഇഷ്ടപ്പെടാത്ത കഥാപാത്രങ്ങൾ ആയതുകൊണ്ട് ഞാൻ അവയെല്ലാം വേണ്ടെന്ന് വെച്ചു. ചെറിയ കഥാപാത്രമാണെങ്കിലും പെർഫോം ചെയ്യാൻ എന്തെങ്കിലും ഉണ്ടാകണം.
കുറച്ച് പ്രാധാന്യമുള്ള കഥാപാത്രവും ആകണമെന്ന് ആഗ്രഹമുണ്ട്. സിനിമ കണ്ട് കഴിഞ്ഞാലും എന്റെ കഥാപാത്രം ആളുകളുടെ മനസിൽ തങ്ങി നിൽക്കുന്ന തരത്തിലുള്ളതാകണം. ഓഡീഷനൊന്നും പക്ഷെ ചെയ്തിട്ടില്ലെന്നും ജാസി പറയുന്നു.


Click it and Unblock the Notifications