അവൻ പഠിക്കില്ലെന്നാണ് ഞാൻ കരുതിയത്, കൊടുത്ത വാക്ക് തെറ്റിക്കാൻ പാടില്ലല്ലോ; സഹോദരന് സർപ്രൈസുമായി ജാസ്മിൻ
പ്രിയപ്പെട്ടവരെ സന്തോഷിപ്പിക്കുകയും സർപ്രൈസ് ചെയ്യിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ ജാസ്മിനെ കണ്ട് പഠിക്കണമെന്നാണ് താരത്തിന്റെ സ്ഥിരം പ്രേക്ഷകരും ആരാധകരും പറയാറുള്ളത്. കുടുംബത്തെ സംരക്ഷിക്കുന്നതടക്കം പലകാര്യങ്ങളിലും ജാസ്മിൻ ഒരു മാതൃകയാണ്. ചെറിയ പ്രായം മുതൽ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും ഉത്തരവാദിത്വത്തോടെ നോക്കി നടത്തുന്നതും ജാസ്മിനാണ്. ബിഗ് ബോസിനുശേഷം പ്രൊഫഷണൽ ലൈഫിന് കൂടുതൽ പ്രാധാന്യം കൊടുത്ത് തുടങ്ങിയതിനാൽ കൊച്ചിയിൽ ഫ്ലാറ്റെടുത്താണ് ജാസ്മിന്റെ താമസം.
ഇപ്പോഴിതാ പത്താം ക്ലാസിൽ ഉയർന്ന മാർക്ക് വാങ്ങിയ സഹോദരന് ജാസ്മിൻ നൽകിയ സർപ്രൈസിന്റെ വീഡിയോയാണ് വൈറലാകുന്നത്. ഒരു ഐഫോണാണ് പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ സഹോദരന് ജാസ്മിൻ സമ്മാനിച്ചത്. ഞാൻ പൊന്നുവിന് ഒരു സർപ്രൈസ് കൊടുക്കാനുള്ള പ്ലാനിലാണ്.

ഒമ്പത് എ പ്ലസ്സോ, പത്ത് എ പ്ലസ്സോ വാങ്ങിയാൽ അവൻ ആഗ്രഹിക്കുന്ന ഗിഫ്റ്റ് വാങ്ങിക്കൊടുക്കാമെന്ന് ഞാൻ അവന് പരീക്ഷ തുടങ്ങും മുമ്പ് വാക്ക് കൊടുത്തിരുന്നു. അവൻ അത്രയ്ക്കൊന്നും പഠിക്കില്ലെന്നായിരുന്നു എന്റെ ധാരണ. ഫുൾ ടൈം കളിയാണ്. പിള്ളേരുമായി ഫുട്ബോൾ കളിക്കാനൊക്കെ നിരന്തരം പോകും. അതുകൊണ്ട് തന്നെ അവന് അത്രയ്ക്കൊന്നും മാർക്ക് കിട്ടാൻ പോകുന്നില്ലെന്ന് ഞാൻ കരുതി.
ഇങ്ങനൊരു വാക്ക് കൊടുത്തതിന്റെ പേരിൽ വാശി കയറി പഠിക്കുന്നെങ്കിൽ പഠിക്കട്ടേയെന്നും ഞാൻ കരുതി. അങ്ങനെ റിസൽട്ട് വന്നു. എട്ട് എ പ്ലസ്സും രണ്ട് എയുമുണ്ട് പൊന്നുവിന്. അതുകൊണ്ട് തന്നെ ഗിഫ്റ്റ് എന്തായാലും വാങ്ങി കൊടുക്കാമെന്ന് ഞാൻ തീരുമാനിച്ചു. രണ്ട് എ കിട്ടിയ പേപ്പറുകൾ അവൻ റീവാല്യുവേഷന് കൊടുത്തിട്ടുണ്ട്. അത് എപ്ലസ് ആയി മാറുമെന്ന പ്രതീക്ഷയിലാണ് അവൻ.
ഞാൻ അടുത്തിടെ ഒരു പുതിയ ഫ്ലാറ്റെടുത്തു. അവിടേക്ക് അത്തയും ഉമ്മയും പൊന്നുവുമെല്ലാം വന്നിട്ടുണ്ട്. ഐ ഫോണാണ് അവന് ഞാൻ സമ്മാനമായി കൊടുക്കാൻ പോകുന്നത്. ഇത്ര ചെറുപ്പത്തിലേ ഐ ഫോൺ വാങ്ങി കൊടുക്കണോ എന്നൊക്കെ ഞാൻ ആദ്യം ചിന്തിച്ചു. പിന്നെ വാക്ക് തെറ്റിക്കുന്നത് ശരിയല്ലല്ലോ എന്ന് തോന്നി. ഞാൻ വാക്ക് കൊടുത്തതിന്റെ പേരിൽ അവൻ കഷ്ടപ്പെട്ട് കുത്തിയിരുന്ന് പഠിച്ചതാണെങ്കിലോ.
നിർബന്ധിച്ച് എന്നെകൊണ്ട് എന്തെങ്കിലും വാങ്ങിപ്പിക്കുന്ന കൂട്ടത്തിലല്ല പൊന്നു. എന്തെങ്കിലും വേണമെന്ന വാശിയുമില്ല. അവൻ ജനിച്ച സമയത്തൊന്നും ഞങ്ങളുടെ കയ്യിൽ പണമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് നമ്മുടെ സാഹചര്യം മനസിലാക്കി മാത്രമെ അവൻ എന്ത് ആവശ്യവും പറയൂ. വാങ്ങാൻ പൈസയില്ലെന്ന് പറഞ്ഞാലും അവൻ ഓക്കെയാണ്. പക്ഷെ ഞാൻ തിരിച്ചായിരുന്നു. എനിക്ക് വാശിയായിരുന്നു.

പൈസയില്ലെന്ന് പറഞ്ഞാലും ഞാൻ അവിടെ നിന്ന് കരഞ്ഞ് ബഹളം ഉണ്ടാക്കി സാധനം വാങ്ങിപ്പിക്കുന്ന സ്വഭാവമുണ്ടായിരുന്നു. അന്നും ഇന്നും വാശിയില്ല പൊന്നുവിന്. പിന്നെ എനിക്ക് ആരും ഒന്നും ചെയ്ത് തരാൻ ഇല്ലാത്തതുകൊണ്ട് അവനെല്ലാം ചെയ്ത് കൊടുക്കാൻ എനിക്ക് ഇഷ്ടമാണെന്നും ജാസ്മിൻ പറയുന്നു. ഗിഫ്റ്റായി പൊതിഞ്ഞ് കൊണ്ടുപോയാൽ പൊന്നുവിന് മനസിലാകും എന്നതുപോലെ ഓൺലൈൻ പർച്ചേസിങ് ബോക്സിലിട്ടാണ് ഗിഫ്റ്റ് ജാസ്മിൻ സഹോദരന് നൽകിയത്.
വലിയ മാസ്റ്റർ പ്ലാൻ ഉണ്ടായിരുന്നുവെങ്കിലും ഒന്നും പൊന്നുവിന്റെ അടുത്ത് ഫലിച്ചില്ല. ഗിഫ്റ്റാണെന്ന് പൊന്നു നേരത്തെ തന്നെ ഊഹിച്ചിരുന്നു. ഗിഫ്റ്റ് കിട്ടിയപ്പോൾ സർപ്രൈസാകാത്തതിന്റെ പേരിൽ ജാസ്മിൻ സഹോദരനോട് പരാതി പറയുന്നുമുണ്ടായിരുന്നു. സഹോദരന്റെ പുത്തൻ ഫോണിൽ ഫാമിലി സെൽഫി എടുത്തുകൊണ്ടായിരുന്നു ഉദ്ഘാടനം.
ഇത്ര ചെറിയ പ്രായത്തിൽ ഐ ഫോൺ സഹോദരന് സമ്മാനിച്ചത് അവനെ തനിക്ക് വിശ്വാസമുള്ളതുകൊണ്ടാണെന്നും ജാസ്മിൻ പറഞ്ഞു. പൊന്നുവിന് എട്ട് എ പ്ലസ് പ്രതീക്ഷിച്ചില്ല. അതുകൊണ്ട് തന്നെ സന്തോഷമായി. ബി ഒക്കെ കിട്ടുമെന്ന് കരുതി പൊന്നു ടെൻഷനിലായിരുന്നു എന്നുമായിരുന്നു പിതാവ് ജാഫറിന്റെ പ്രതികരണം.


Click it and Unblock the Notifications