'ഞാൻ ഞെട്ടിയില്ല, അനുമോൾ പുറത്തും ഇങ്ങനെയാണ്'; അത്രയ്ക്കും അടുത്തവർ അപരിചിതരെ പോലെ...
ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ മറ്റെല്ലാ സീസണുകളിലെയും പോലെ സിനിമകളുടെയും സീരിയലിന്റെയും പ്രൊമോഷന്റെയും ഭാഗമായി അതിഥികൾ എത്തുന്നുണ്ട്. നടൻ ജീവൻ ഗോപാലാണ് പുതിയ അതിഥി. ഹാപ്പി കപ്പിൾസ് എന്ന സീരിയലിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ജീവൻ ബിഗ് ബോസിലെത്തിയത്. മത്സരാർത്ഥിയായ അനുമോളുടെ അടുത്ത സുഹൃത്തായിരുന്നു ജീവൻ. ഇരുവരും ഒരുമിച്ച് സിറ്റ്കോം ചെയ്തിട്ടുണ്ട്. അന്ന് ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നിരുന്നു.
എന്നാൽ ജീവനെ കണ്ട് അനുമോൾ ഞെട്ടി. അപരിചിതരെ പോലെയാണ് അനുമോളും ജീവനും ബിഗ് ബോസിൽ പെരുമാറിയത്. അനുമോൾ ആദിലയോട് പറഞ്ഞ ചില കാര്യങ്ങൾ പ്രേക്ഷകരിൽ പല ചോദ്യങ്ങളുമുയർത്തി. എന്റെ ലെെഫ് നശിപ്പിച്ചു, മരണത്തിലേക്ക് വരെ തള്ളിയിട്ടു. ഞാൻ ജീവിതത്തിൽ ഒരിക്കൽ പോലും കാണാൻ ആഗ്രഹിക്കാത്ത ആളാണ് എന്നൊക്കെയാണ് അനുമോൾ പറയുന്നത്. ഇത് ജീവനെ ഉദ്ദേശിച്ചാണെന്ന് പ്രേക്ഷകർ പറയുന്നു. അതേസമയം താനും ജീവനും അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നും പ്രണയമില്ലെന്നും അനുമോൾ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഫിൽമിബീറ്റ് മലയാളവുമായുള്ള പുതിയ അഭിമുഖത്തിൽ അനുമോളെക്കുറിച്ച് ജീവൻ സംസാരിക്കുന്നുണ്ട്.

അനുമോളുടെ പെർഫോമൻസ് നല്ല രീതിയിൽ പോകുന്നുണ്ട്. സെറ്റിലേത് പോലെയാണ് ബിഗ് ബോസിലും. എനിക്ക് വ്യത്യാസമൊന്നും തോന്നിയില്ല. അനുമോളെ പോലെ പാവം ക്യാരക്ടറുള്ളയാൾ ബിഗ് ബോസിൽ പോയപ്പോൾ ഞെട്ടിയിരുന്നോ എന്ന് ചോദിച്ചപ്പോൾ ജീവൻ മറുപടി പറയുന്നുണ്ട്. ഞെട്ടാനൊന്നുമില്ല. എല്ലാവരും പാവം തന്നെയാണ്. പിന്നെ അതൊരു ഗെയിം ഷോയാണ്. അതിന്റേതായ രീതിയിൽ ഗെയിം കളിച്ച് പോകുന്നു. അത്രയേ ഉള്ളൂ എന്നാണ് ജീവൻ മറുപടി നൽകിയത്.
'നല്ല ജോഡി ആയിരുന്നു നിങ്ങൾ എന്ത് പ്രശ്നങ്ങൾ ഉണ്ടേലും പറഞ്ഞു സോൾവ് ആകൂ. നല്ല ഫ്രണ്ട്സ് ആയിരിക്കൂ', 'അനുവും ജീവനും സൂപ്പർ ജോഡിയായിരുന്നു. വിഷമം തോന്നുന്നു ബിഗ് ബോസിൽ കണ്ടപ്പോൾ', 'ഇനി ഇയാളെ എല്ലാവരും കൂടി നെഗറ്റീവ് ആക്കും. അനുമോൾ ഈ കാര്യമൊന്നും അവിടെ പറയാൻ പാടില്ലായിരുന്നു പ്രശ്നം ഉണ്ടെങ്കിൽ ഇറങ്ങിക്കഴിഞ്ഞ് തീർക്കണമായിരുന്നു എന്നിങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്. ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന ജീവൻ ഇന്ന് ടെലിവിഷൻ രംഗത്തെ ശ്രദ്ധേയ സാന്നിധ്യമാണ്. രാപ്പകൽ, മെെ ബോസ്, മമ്മി ആന്റ് മി എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
അനുമോൾ ബിഗ് ബോസിൽ വലിയ ജനപ്രീതി നേടി മുന്നോട്ട് പോകവെയാണ് ജീവൻ അതിഥിയായി വന്നത്. പല സഹാചര്യങ്ങളിലും വളരെ വെെകാരികമായാണ് അനുമോൾ സംസാരിക്കാറും പ്രതികരിക്കാറും. സോഷ്യൽ മീഡിയയിൽ അനുമോളുടെ ഗെയിമിനെക്കുറിച്ച് പല അഭിപ്രായങ്ങളാണ്. അനുമോൾ സ്ക്രീൻസ്പേസിന് വേണ്ടി കളിക്കുന്നു എന്നാണ് ഒരുപക്ഷം പറയുന്നത്. പല സംഭവങ്ങൾ നടക്കുമ്പോഴും താൻ പ്രധാന ശ്രദ്ധാകേന്ദ്രമായി മാറാൻ വേണ്ടി അനുമോൾ ഗെയിം കളിക്കുന്നെന്നും വാദമുണ്ട്.
ബിഗ് ബോസിൽ പല തവണ അനുമോൾ കരഞ്ഞു. പലരുമായും വഴക്കുണ്ടായി. എന്നാൽ അനുമോളുമായി വഴക്കിട്ട ചിലരെ പ്രേക്ഷകർ കയ്യൊഴിഞ്ഞു. അപ്പാനി ശരത്ത് ഉൾപ്പെടെയുള്ളവർ പുറത്തായത് ഇതിനുദാഹരണമാണെന്ന് പ്രേക്ഷകർ പറയുന്നു. ടെലിവിഷൻ രംഗത്ത് വലിയ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് അനുമോൾ. ടെലിവിഷൻ ഷോകൾ അനുമോൾക്ക് പുതിയ കാര്യമല്ല. എന്നാൽ ബിഗ് ബോസ് അനുമോൾക്ക് തീർത്തും പുതിയതും വെല്ലുവിളി നിറഞ്ഞതുമായ അനുഭവമാണ്. അനുമോൾക്ക് ശക്തമായ പിആർ സോഷ്യൽ മീഡിയയിൽ ഉണ്ടെന്ന വാദം ശക്തമാണ്.


Click it and Unblock the Notifications