സീരിയലിലും ദിവസക്കൂലിയാണ്; ഇടുന്ന വസ്ത്രങ്ങളൊക്കെ നമ്മള്‍ തന്നെ വാങ്ങും, അതിന്റെ പിന്നിലെ കഥ പറഞ്ഞ് ജിഷിന്‍
സീരിയലില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്താണ് ജിഷിന്‍ മോഹന്‍ ജനപ്രിയനാവുന്നത്. ഇപ്പോഴും നിരവധി സീരിയലുകളിലാണ് താരം അഭിനയിക്കുന്നത്. നടന്‍ ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസണില്‍ പങ്കെടുക്കുന്നതായി ചില വിവരങ്ങളുണ്ടെങ്കിലും കൂടുതല്‍ വ്യക്തത ഇനിയും വന്നിട്ടില്ല.
അതേ സമയം സീരിയലില്‍ അഭിനയിക്കുന്നവരുടെ ജീവിതം അത്ര പോഷ് ഒന്നുമല്ലെന്ന് പറയുകയാണ് താരം. തന്നെ പോലെ കഥാപാത്രങ്ങള്‍ ചെയ്യുന്നവര്‍ക്ക് ദിവസക്കൂലിയാണെന്നും കൊവിഡ് കാലത്ത് അതുപോലുമില്ലാത്ത അവസ്ഥയിലേക്ക് എത്തിയെന്നും ജിഷിന്‍ പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

കൊറോണ സമയത്താണ് ദിവസവേതനത്തിന് ജോലി ചെയ്യുന്നതിനെ പറ്റി മുഖ്യമന്ത്രിയ്ക്ക് കത്ത് അയക്കുന്നത്. ശരിക്കും മുഖ്യമന്ത്രിയ്ക്ക് താന്‍ കത്ത് അയച്ചത് ആ സമയത്ത് ബുദ്ധിമുട്ടിലായിരുന്നത് കൊണ്ടാമെന്നാണ് നടന്‍ പറയുന്നത്. പുറമെ കാണുന്നവര്‍ കരുതുന്നത് അവന്‍ വലിയ സെലിബ്രിറ്റിയാണെന്ന്. സീരിയല്‍ താരങ്ങളുടേത് പോഷ് ലൈഫാണെന്ന് പലരും കരുതിയലും എല്ലാവരുടെയും കാര്യം അങ്ങനെയല്ല. ഇത് നിലനിര്‍ത്തി കൊണ്ട് പോവുക എന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടാണ്.
രണ്ടോ മൂന്നോ സീരിയലുകള്‍ ഉണ്ടെങ്കിലേ മാസത്തില്‍ നല്ലൊരു പെയിമെന്റ് കിട്ടുകയുള്ളു. ദിവസക്കൂലി ആയത് കൊണ്ടും എന്നെ പോലെ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുന്നവര്‍ക്കും പത്തും പന്ത്രണ്ട് ദിവസവുമൊന്നും ഷൂട്ടിങ്ങ് ഉണ്ടാവില്ല. ചിലപ്പോള്‍ രണ്ടോ നാലോ ദിവസമൊക്കെയേ എനിക്ക് ഷൂട്ടിങ് ഉണ്ടാവുകയുള്ളു.
അതുകൊണ്ട് രണ്ടോ മൂന്നോ സീരിയലുകള്‍ ചെയ്യുന്നവര്‍ക്കേ ഒരു മാസത്തേക്കുള്ള വരുമാനം കണ്ടെത്താന്‍ സാധിക്കുകയുള്ളു. മിനിമം പത്തോ പതിനഞ്ചോ ദിവസം അഭിനയിച്ചാലേ നമ്മുടെ കാര്യങ്ങള്‍ നടന്ന് പോവുകയുള്ളു. പോഷ് ലൈഫ് എന്നല്ല പറയേണ്ടത്. അത്യാവശ്യം മാന്യമായ വസ്ത്രങ്ങള്‍ നമ്മള്‍ തന്നെ വാങ്ങിക്കണം. സീരിയലില്‍ ഇടുന്നതൊക്കെ നമ്മുടെ തന്നെ കോസ്റ്റിയൂമാണ്.

നമുക്ക് കിട്ടുന്ന പെയിമെന്റില്‍ നിന്നാണ് വസ്ത്രങ്ങളും മറ്റും വാങ്ങുന്നത്. ആണുങ്ങള്‍ക്കൊന്നും കുഴപ്പമില്ല. എന്നാല്‍ നടിമാരുടെ കാര്യം അങ്ങനെയല്ല. ബീന ചേച്ചിക്കൊക്കെ ഒരു ഷെല്‍ഫ് നിറയെ സാരികളാണ്. അങ്ങനെ മാറി മാറി വസ്ത്രം ധരിക്കണം. കാരണം അവരുടെ സാരി കാണാന്‍ ഇരിക്കുന്ന ആളുകളുണ്ട്. നമുക്ക് ഒരു ജീന്‍സിട്ട് പോയാല്‍ പിന്നെ ഷര്‍ട്ട് മാറ്റി മാറ്റി ഇട്ടാല്‍ മതി. പക്ഷേ സ്ത്രീകള്‍ക്ക് അങ്ങനെയല്ല. അവര്‍ക്കാണ് കൂടുതല്‍ ചിലവ്.
ഒരു ദിവസം പത്തും പതിനഞ്ചും ഇരുപതും സീനുകളൊക്കെ എടുക്കും. ഇത്രയും സീനുകളില്‍ വേറെ വേറെ വസ്ത്രം വേണം. ചിലത് കണ്ട്യൂനിറ്റി ഉണ്ടെങ്കിലും അതില്ലാത്തതും ഉണ്ടാവും. പത്ത് ഇരുന്നൂറ് എപ്പിസോഡ് എങ്കിലും കഴിഞ്ഞാലേ നമുക്ക് ഈ വേഷം വീണ്ടും ഇടാന്‍ സാധിക്കുകയുള്ളു. മാത്രമല്ല ബ്രാന്‍ഡഡ് ഷര്‍ട്ടുകളും വാങ്ങിക്കാന്‍ പറ്റില്ല. അങ്ങനെ വാങ്ങിയാല്‍ നമുക്ക് താങ്ങില്ല. ഇരുന്നൂറിനും മൂന്നുറിനുമൊക്കെ ഷര്‍ട്ട് കിട്ടുമ്പോള്‍ വാങ്ങും. ആരാണ് ഇതിന്റെ ബ്രാന്‍ഡ് നോക്കാന്‍ പോകുന്നത്.
പിന്നെ വലിയ ബോസിനെ പോലുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ കോട്ട്, കാരവാന്‍, ആഡംബര വാഹനമൊക്കെ കമ്പനി തരും. പക്ഷെ ഒറ്റ ദിവസത്തെ വര്‍ക്ക് മാത്രമേ ഉണ്ടാകൂ. ചിലവ് കൂടാതിരിക്കാന്‍ ഒരു ദിവസം തന്നെ മാക്‌സിമം സീനുകള്‍ ഷൂട്ട് ചെയ്യും. അവസാനം എനിക്ക് ഒരു ദിവസത്തെ വര്‍ക്കും എന്റെ ഗുണ്ടകള്‍ക്ക് പതിനാറ് ദിവസത്തെ വര്‍ക്കും ഉണ്ടാകും. അതുകൊണ്ട് ഞാന്‍ സംവിധായകന്‍ ജോസി സാറിനോട് എന്റെ കഥാപത്രം ഗുണ്ടയാക്കി തരുമോയെന്ന് ചോദിച്ചിട്ടുണ്ടെന്ന്' ജിഷിന്‍ പറയുന്നു.
കന്യാദനം എന്ന സീരിയലിലാണ് ജിഷിൻ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഇതിന് പുറമേ നടൻ ബിഗ് ബോസിലേക്ക് പോകുന്നതായിട്ടും അഭ്യൂഹങ്ങളുണ്ട്. ഇക്കാര്യം ഔദ്യോഗികമായി ഇനിയും പുറത്ത് വന്നിട്ടില്ല.


Click it and Unblock the Notifications











