വിജയിയായിട്ടും സമ്മാനമായ ഒരു കോടിയുടെ വില്ല ജോബിക്ക് കിട്ടിയില്ലേ?, എറണാകുളത്ത് താമസിക്കുന്നതിന് പിന്നിൽ!
കോഴിക്കോട് സ്വദേശിയും സംഗീതപ്രേമിയുമായ ജോബി ജോണിന്റെ ജീവിതം മാറി മറിഞ്ഞത് ഐഡിയ സ്റ്റാർ സിങർ എന്ന റിയാലിറ്റി ഷോയുടെ ഭാഗമായശേഷമാണ്. ഇരുപത് വർഷത്തോളം നീണ്ട പരിശ്രമത്തിന്റെ ഫലമായാണ് അത്രത്തോളം വലിയൊരു വേദി ജോബിക്കായി തുറന്ന് കിട്ടിയത്. ഐഡിയ സ്റ്റാർ സിങർ സീസൺ ഫോറിലെ വിജയിയായിരുന്നു ജോബി. പാലക്കാട് നിന്നുള്ള ശ്രീനാഥ് ഫസ്റ്റ് റണ്ണറപ്പും മുംബൈയിൽ നിന്നുള്ള പ്രീതി വാര്യർ സെക്കൻഡ് റണ്ണറപ്പും അഞ്ജു ജോസഫും ചെന്നൈയിൽ നിന്നുള്ള വിദ്യാ ശങ്കറും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളും നേടി.
വിജയിയായ ജോബി ജോണിന് ട്രാവൻകൂർ ബിൽഡേഴ്‌സ് സ്പോൺസർ ചെയ്ത ഒരു കോടി രൂപയുടെ വില്ലയാണ് സമ്മാനമായി ലഭിച്ചത്. വാഗ്ദാനം ചെയ്തതുപോലെ ജോബിക്ക് ആ വില്ല യഥാർത്ഥത്തിൽ ലഭിച്ചുവോയെന്ന സംശയം ആരാധകർക്കുണ്ടായിരുന്നു. ഇപ്പോഴിതാ മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി പറയുകയാണ് ഗായകൻ.

ഐഡിയ സ്റ്റാർ സിങർ വിജയിച്ചപ്പോൾ തിരുവനന്തപുരത്ത് വില്ലയാണ് എനിക്ക് കിട്ടിയത്. പോയി വരാനുള്ള എളുപ്പത്തിന് ഞാൻ എറണാകുളം തെരഞ്ഞെടുത്തു. അതുകൊണ്ട് സമ്മാനമായി കിട്ടിയ വില്ല വിറ്റ് എറണാകുളത്ത് പുതിയ ഫ്ലാറ്റ് വാങ്ങി. 2013ലാണ് ഇത് നടന്നത്. ജോബിക്ക് വീട് കിട്ടിയില്ലേ..? ജോബിയുടെ അവസ്ഥ പരിതാപകരമാണ് എന്നൊക്കെയുള്ള തരത്തിൽ ഇപ്പോഴും പ്രചരിക്കുകയും ഇതുമായി ബന്ധപ്പെട്ടുള്ള വീഡിയോ കിടന്ന് കറങ്ങുകയും ചെയ്യുന്നുണ്ട്.
എനിക്ക് വീട് കിട്ടി. 2013ൽ തന്നെ കിട്ടി. അതുകൊണ്ട് ഇനി അത്തരത്തിലുള്ള വീഡിയോ പ്രചരിപ്പിക്കരുത്. എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ലെന്ന് ചോദിച്ചാൽ ഇപ്പോഴാണ് പറയാൻ എനിക്ക് അവസരം കിട്ടിയതെന്നും ജോബി പറയുന്നു. മൂന്നാം ക്ലാസ് മുതൽ ഞാൻ പാടി തുടങ്ങിയതാണ്. കുഞ്ഞിക്കിളിയെ കൂടെവിടെ എന്ന പാട്ട് പാടിയാണ് തുടക്കം.
ആ പാട്ട് നാല് വരി പാടിയശേഷം വരികൾ മറന്ന് പോയി. അന്ന് കരഞ്ഞ എന്നെ ടീച്ചറാണ് ആശ്വസിപ്പിച്ചത്. അവിടെ നിന്നാണ് പാട്ടിലേക്ക് ശ്രദ്ധ കൊടുത്ത് തുടങ്ങിയത്. തബല, കീബോർഡ്, ഡ്രംസ് എല്ലാം ഞാൻ കൈകാര്യം ചെയ്യും. പാട്ട് കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് കുറേ നാളായി. ഇരുപത്തിയേഴ് വയസിലാണ് സ്റ്റാർ സിങ്ങറിൽ വിജയിക്കുന്നത്. എന്റെ മൂത്ത മകന് ഫെജോയുടേയും ഇളയ മകന് വേടന്റേയും പാട്ടുകളാണ് ഇഷ്ടം.
ഞാൻ റിയാലിറ്റി ഷോ വിൻ ചെയ്ത കാര്യം മക്കൾക്കറിയാം. ഞാനും കാലത്തിനൊത്ത് മാറാൻ ശ്രമിക്കുന്നയാൾ തന്നെയാണെന്നും ജോബി പറയുന്നു. കൊവിഡ് കാലത്ത് ശ്വാസ തടസം നേരിട്ട് ഒമ്പത് ദിവസത്തോളം ശ്വാസം എടുക്കാൻ പോലും കഴിയാതെ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും ശാരീരികമായും മാനസീകമായും ഏറ്റവും കൂടുതൽ വിഷമിച്ചത് കൊറോണ സമയത്താണെന്നും ജോബി പറയുന്നു. കൊവിഡ് വന്ന സമയത്ത് വലിയൊരു സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോയിട്ടുണ്ട്.

ഫിസിക്കലിയും മെന്റലിയും എല്ലാം ആ സമയത്ത് തകർന്നിരുന്നു. ഒമ്പത് ദിവസത്തോളം ഞാൻ ഓക്സിജൻ വെച്ച് ആശുപത്രിയിൽ ഒരേ കിടപ്പായിരുന്നു. ശ്വാസം എടുക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഏതോ ലോകത്ത് ശ്വാസം ഇരിപ്പുണ്ട്. അത് ഇത്തിരി കിട്ടിയെങ്കിൽ നന്നായിരുന്നു എന്ന് തോന്നുന്ന അവസ്ഥയിലൂടെ കടന്നപോകുന്ന ഒരാളെ കുറിച്ച് ചിന്തിച്ച് നോക്കിക്കേ.... അത്രയേറെ ആഗ്രഹത്തോടെ ശ്വാസത്തിന് വേണ്ടി കൊതിച്ച സമയമുണ്ട്.
ചിലപ്പോഴൊക്കെ ബാത്ത്റൂമിൽ കയറി അവിടെയുള്ള ജനലിൽ പിടിച്ച് കയറി അന്തരീക്ഷത്തിൽ നിന്നും ശ്വാസമെടുക്കാൻ ശ്രമിക്കുമായിരുന്നു. അവിടെയാണ് ശ്വാസം ഇരിക്കുന്നത് എന്നൊക്കെയുള്ള ചിന്തയായിരുന്നു. അന്ന് എനിക്കൊപ്പം എന്റെ ഫാമിലിയും ഉണ്ടായിരുന്നു. ഓക്സിജൻ എല്ലായിടത്തും ഉണ്ടെങ്കിലും ഇങ്ങനെയൊക്കെ ചെയ്യാനുള്ള തോന്നലായിരുന്നു. ഒമ്പത് ദിവസം ഒരുപാട് ബുദ്ധിമുട്ടി. അതിനുശേഷമാണ് അസുഖം ബേധപ്പെട്ടത്. മരണത്തെ മുഖാമുഖം കണ്ടു.
രണ്ടാമതൊരു ജന്മം കിട്ടിയതുപോലെ. ആറ് മാസം എടുത്തു വീണ്ടും ഞാൻ പാട്ടുകൾ പാടി തുടങ്ങാൻ. അസുഖം വന്നശേഷം പാടാൻ ബുദ്ധിമുട്ടി. കൊവിഡ് സെക്കന്റ് വേവിലാണ് എനിക്കും അസുഖം ബാധിച്ചത്. ഒരു ലൈൻ പാടിയിട്ട് കരഞ്ഞുകൊണ്ട് സ്റ്റുഡിയോയിൽ നിന്നും ഇറങ്ങിപ്പോന്നിട്ടുണ്ടെന്നും ജോബി പറയുന്നു.


Click it and Unblock the Notifications











