ശാലു മേനോന്റെ ക്യാരക്ടർ മൂലം രേഖ മോഹൻ പിണങ്ങി; എത്ര പറഞ്ഞിട്ടും വന്നില്ല; അന്തരിച്ച നടിയെക്കുറിച്ച് ജോയ്സി
മലയാളത്തിലെ സീരിയൽ മേഖല ഇന്ന് ചരിത്രത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്ന് പോവുന്നതെന്നാണ് ഏവരും പറയുന്നത്. അതിശയോക്തി കലർന്ന കഥയും കഥാപാത്രങ്ങളും മോശം മേക്കിങ്ങുമായി സീരിയലുകൾ മാറിയെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. അതേസമയം സംവിധായകൻ ശ്യാമപ്രസാദ്, നടി ശ്രീവിദ്യ തുടങ്ങിയ പ്രതിഭകളൊക്കെ സീരിയലുകളിൽ പ്രവർത്തിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു.
തുച്ഛമായ വേതനം, സൗകര്യക്കുറവ്, ചാനൽ റേറ്റിംഗ് തുടങ്ങിയവയാണ് സീരിയൽ രംഗത്തുള്ളവർ വിമർശനങ്ങളെ പ്രതിരോധിക്കാനുപയോഗിക്കുന്ന വാദങ്ങൾ. സീരിയൽ രംഗത്ത് വർഷങ്ങളായി പ്രവർത്തിച്ച തിരക്കഥാകൃത്താണ് ജോയ്സി. ഒട്ടനവധി മികച്ച സീരിയലുകൾ ഇദ്ദേഹത്തിന്റെ തൂലികയിൽ പിറന്നു. സ്ത്രീജന്മം എന്ന ഹിറ്റ് സീരിയലിൽ നായിക മാറിയതിനെക്കുറിച്ചാണ് ജോയ്സി സംസാരിച്ചത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ സംസാരിച്ചത്.
രേഖ മോഹൻ എന്ന നടിയായിരുന്നു സീരിയലിലെ ആദ്യ നായിക. പിന്നീട് നടി ചിപ്പി നായികാ സ്ഥാനത്തേക്ക് വന്നു. ഇതേക്കുറിച്ചാണ് ജോയ്സി സംസാരിച്ചത്. രേഖ മോഹന്റെ ചില തെറ്റിദ്ധാരണകളാണ് ആ മാറ്റത്തിന് കാരണമായതെന്ന് ജോയ്സി പറയുന്നു.
'ചെറിയൊരു സ്ത്രീയായിരുന്നു രേഖ. ഐശ്വര്യമുള്ള മുഖവും ജീവൻ തുടിക്കുന്ന കണ്ണുകളുമായിരുന്നു അവർക്ക്. അവർക്ക് കരയാൻ ഗ്ലിസറിനൊന്നും വേണ്ട. രണ്ട് തുള്ളി കണ്ണുനീർ വന്നാൽ മതി തുളുമ്പേണ്ട എന്ന് പറഞ്ഞാൽ ഷോട്ട് റെഡി എന്ന് പറഞ്ഞാൽ നമ്മളുദ്ദേശിക്കുന്ന കറക്ടായ പോയന്റിൽ കണ്ണീർ വന്ന് നിൽക്കും. അത്രയും സിദ്ധിയുള്ള നടിയായിരുന്നു'

'150 എപ്പിസോഡുകളോളം സീരിയൽ പോയിക്കൊണ്ടിരുന്നു. ഇതിനിടെ ഇവർക്ക് പ്രൊഡ്യൂസറുമായി അവർക്ക് ആശയക്കുഴപ്പമുണ്ടായി. പിണങ്ങി ഇരിക്കുന്നു. ഞാൻ വിളിച്ച് ചോദിച്ചു. സീരിയലിൽ നെഗറ്റീവ് വേഷം ചെയ്യുന്ന ശാലു മേനോന് കൂടുതൽ പ്രാധാന്യം കിട്ടുന്നു എന്നായിരുന്നു അവരുടെ പരാതി. കുറേ സംസാരിച്ചിട്ടും അവരുടെ സംശയം തുടർന്നു. ഒടുവിൽ ശാലു മേനോന്റെ കഥാപാത്രം നിങ്ങൾ ചെയ്തോ എന്ന് പറഞ്ഞു. അത് പറ്റില്ലെന്ന് അവർ. സീരിയലിന്റെ വിജയം കണ്ട് ആരോ അവരെ തെറ്റിദ്ധരിപ്പിച്ചതാണ്'
സീരിയലിന്റെ അടുത്ത ഷെഡ്യൂൾ തുടങ്ങാറായപ്പോൾ അവർ വന്നില്ല. സീരിയലിന്റെ അണിയറക്കാർ പോയിട്ടും അവർ വന്നില്ല. പിറ്റേദിവസം ബൈജു ദേവരാജ് കെപിഎസി ലളിത ചേച്ചിയുടെ സഹായത്തോടെ ചിപ്പിയെ ചെന്ന് കണ്ടു. ചിപ്പി ഡെലിവറി കഴിഞ്ഞ് അധികം ദിവസമായിട്ടില്ല. ചിപ്പി ഒരാഴ്ച സമയം ചോദിച്ചു.

ചിപ്പി വന്നു. ഒരു മാസത്തിനുള്ളിൽ സിനിമയിലേക്കാളും സുന്ദരിയായി ചിപ്പി അഭിനയിച്ചു. ചിപ്പിയെ നായികയാക്കിയതോടെ റേറ്റിംഗ് കൂടിയതല്ലാതെ കുറഞ്ഞില്ലെന്നും ജോയ്സി ഓർത്തു. മായമ്മ എന്ന കഥാപാത്രത്തെയാണ് സീരിയലിൽ രേഖ മോഹൻ ചെയ്തിരുന്നത്. അന്ന് ഈ പരമ്പര വൻ ഹിറ്റായിരുന്നു.
രേഖ മോഹന്റെ ജീവിതം ഇടയ്ക്ക് ചർച്ചയാവാറുണ്ട്. 2016 ലാണ് രേഖ മോഹൻ മരിക്കുന്നത്. അടച്ചിട്ട വീട്ടിൽ നടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു, ഭർത്താവ് നാട്ടിലുണ്ടായിരുന്നില്ല. അന്ന് രേഖയുടെ മരണം സംബന്ധിച്ച് ഏറെ അഭ്യൂഹങ്ങൾ വന്നിരുന്നു. അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു നടി. ഇവർക്ക് കുട്ടികളില്ലായിരുന്നു.
മനോവിഷമത്തിലായിരുന്നു രേഖയെന്ന് അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഉദ്യാനപാലകൻ, നീ വരുവോളം, യാത്രാമൊഴി തുടങ്ങിയ സിനിമകളിൽ രേഖ അഭിനയിച്ചിട്ടുണ്ട്. സ്ത്രീജൻമം എന്ന സീരിയലാണ് കരിയറിൽ വഴിത്തിരിവായത്.സ്ത്രീജൻമത്തിൽ രണ്ടാമത് നായികയായ ചിപ്പി പിന്നീട് സീരിയലുകളിലെ സ്ഥിര സാന്നിധ്യമായി. സിനിമകളിലേക്കാൾ ചിപ്പി കൂടുതലും അഭിനയിച്ചത് സീരിയലുകളിലാണ്. നിലവിൽ സ്വാന്തനം എന്ന സീരിയലിൽ ചിപ്പി അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











