മക്കളെക്കാളും ഞാന്‍ സ്‌നേഹിക്കുന്നത് അവളയൊണ്; ആദ്യം കണ്ടതും സ്‌നേഹിച്ചതും ഭാര്യയെ ആണെന്ന് നടന്‍ ജയസോമ
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് ജയസോമ. കാര്‍ത്തികദീപം അടക്കം നിരവധി സീരിയലുകളില്‍ ശ്രദ്ധേയ വേഷം അവതരിപ്പിച്ചിട്ടുള്ള നടന്‍ തന്റെ ഭാര്യയെ കുറിച്ച് വികാരധീനനായി ഒരു കുറിപ്പ് എഴുതിയിരിക്കുകയാണ്. പുറംലോകത്തിന് അത്ര പരിചയമില്ലാത്ത തന്റെ ഭാര്യയ്ക്ക് വിവാഹവാര്‍ഷികത്തിന്റെ ആശംസകള്‍ അറിയിച്ച് കൊണ്ടാണ് താരമെത്തിയത്.
ഭാര്യയ്ക്ക് തന്നിലുള്ള വിശ്വാസമാണ് ഇന്നിവിടെ വരെ എത്താനുണ്ടായ കാരണമെന്ന് ജയസോമ പറയുന്നു. മാത്രമല്ല മക്കളെക്കാളും കൂടുതല്‍ സ്‌നേഹിക്കുന്നത് ഭാര്യയാണെന്നും അതിന്റെ കാരണമെന്താണെന്നും നടന്‍ വ്യക്തമാക്കുന്നുണ്ട്. ജീവിതം തുടങ്ങിയ സമയത്ത് ഞങ്ങള്‍ക്കിടയിലുണ്ടായ പൊട്ടിത്തെറി ആളിക്കത്തിച്ച ബന്ധുക്കളോട് നന്ദി പറഞ്ഞ് കൊണ്ടാണ് നടനെത്തിയത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..
'ഫെബ്രുവരി 6, ഞങ്ങള്‍ ഒരുമിച്ചിട്ട് ഇരുപത് വര്‍ഷം. പ്രേമിച്ച പെണ്ണിനെ കെട്ടാന്‍ എനിക്ക് സമ്മതം തന്ന എന്റെ അച്ഛന് നന്ദി. 2003 ഫെബ്രുവരി ആറാം തിയതി കണിച്ചുകുളങ്ങര അമ്പല നടയില്‍ ഉയര്‍ന്ന മണ്ഡപത്തില്‍ വച്ചു മകളെ എന്റെ കൈയ്യില്‍ ചേര്‍ത്ത് വച്ചിട്ടാണ് അന്ന് കാണിച്ചുകുളങ്ങര അമ്മ 'പറ' വഴിപാടിനായി ഭക്തരുടെ ആരുകിലേക്ക് ഇറങ്ങിയത്.

ജീവിതത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ സ്വത്ത് ഇവളാണ്. ഇവള്‍ മാത്രമാണ്. പ്രീഡിഗ്രി ആദ്യ വര്‍ഷം കണ്ട നിമിഷം തുടങ്ങിയ സ്‌നേഹം ഇന്നിവിടെ വരെ എത്തി നില്‍ക്കുന്നു. ജീവിതത്തിന്റെ തുടക്ക സമയത്ത് ഞങ്ങള്‍ക്കിടയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ആളി കത്താനുള്ള പരദൂഷണം എന്ന ഇന്ധനം ഒഴിച്ച് ഞങ്ങളെ അകറ്റി കളയാന്‍ ആവേശം കാണിച്ച എന്റെയും അവളുടെയും ചില നല്ലവരായ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഈ അവസരത്തില്‍ നന്ദി പറയട്ടെ.
കാരണം നിങ്ങളുടെ ദുഷിപ്പിച്ച വാക്കുകളാണ് ഞങ്ങളെ ഇത്രയും സ്‌നേഹിക്കാന്‍ പ്രേരിപ്പിച്ചത്. നന്ദി... ഇരുപത് വര്‍ഷം എന്റെ കൂടെ അവള്‍ ജീവിച്ചിട്ട് എന്റെ തൊഴില്‍ മേഖലയില്‍ അവള്‍ക്ക് സന്തോഷിക്കാന്‍, അവള്‍ക്ക് അഭിമാനിക്കാന്‍ കഴിയുന്നവിധം ഒരു നേട്ടം ഉണ്ടാക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
ഓരോ പ്രൊജക്റ്റുകളും പരാജയപ്പെടുമ്പോഴും ദുഃഖിച്ചു കിടക്കുന്ന എന്നെ നെഞ്ചോട് ചേര്‍ത്ത് 'സാരമില്ല, സിനിമ അങ്ങനെ അല്ലേ? അതൊരു സമയം ആണ്. അനിയുടെ സമയം ആയില്ല. ആ സമയം വരെ കാത്തിരിക്കണം' എന്ന് പറഞ്ഞു സമാധാനിപ്പിക്കുന്നത് അവളാണ്.
അവളുടെ എന്നിലുള്ള പ്രതീക്ഷയാണ് എന്റെ ഈ ജീവിതം. ഒരിക്കല്‍ പോലും അനി വേറെ എന്തെങ്കിലും ജോലിക്ക് ശ്രമിക്കെന്ന് എന്നോട് അവള്‍ പറഞ്ഞിട്ടില്ല. അതാണ് അവള്‍ക്ക് എന്നിലുള്ള വിശ്വാസം. എന്നെക്കുറിച്ച് എനിക്കുള്ളതിനേക്കാള്‍ വിശ്വാസം. നന്ദി ബീനേ...
നീ എന്റെ കൂടെ ചേര്‍ന്നിട്ട് നിനക്ക് ഒരു സന്തോഷവും തരാന്‍ എനിക്ക് ആയില്ലല്ലോ ബീനേ എന്ന് ഞാന്‍ ഒരിക്കല്‍ ചോദിച്ചു. ഞാന്‍ ഇഷ്ടപ്പെട്ടയാളോടൊപ്പം, വിശ്വസിച്ചയാളോടൊപ്പം എനിക്ക് കഴിയാന്‍ പറ്റുന്നതല്ലേ എന്റെ ഏറ്റവും വലിയ സന്തോഷം. അനി എന്നെ കൈവിട്ടില്ലല്ലോ? എന്നായിരുന്നു അവളുടെ മറുപടി.

ഞാന്‍ എന്റെ മക്കളോട് പറയാറുണ്ട് 'എന്നെ നിങ്ങള്‍ സ്‌നേഹിച്ചില്ലെങ്കിലും തിരക്കിയില്ലെങ്കിലും നിങ്ങളുടെ അമ്മയെ പൊന്നു പോലെ നോക്കണേ' എന്ന്. ജീവിതം ദാരിദ്ര്യത്തിലൂടെയും കഷ്ടപ്പാടിലൂടെയും കടത്തിലൂടെയും കടന്നു പോയപ്പോള്‍ ഒരു പരാതിയും പരിഭവവും കാണിക്കാതെ എന്റെ കൈയ്യില്‍ മുറുകെ പിടിച്ചവള്‍.
എന്റെ കൈ പിടിച്ചു വന്നു കയറിയ വീട്ടില്‍ നിന്ന് ഒരു ദിവസം പെരുവഴിയിലേക്ക് രണ്ടു കുഞ്ഞുങ്ങളെയും എടുത്ത് കൊണ്ട് എന്നോടൊപ്പം ഇറങ്ങിയപ്പോള്‍ പോലും എന്നെ കുറ്റപ്പെടുത്താത്ത, എന്റെ കണ്ണീര്‍ തുടച്ച എന്റെ പെണ്ണ്.
ആ കാഴ്ച കണ്ടു പൊട്ടി പൊട്ടി ചിരിച്ച ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്ന് ഞാന്‍ കരുതി സ്‌നേഹിച്ചിരുന്ന എന്റെ കപട ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ടു ഞാന്‍ പകച്ചു നിന്നപ്പോള്‍ നമ്മള്‍ അവരെ അല്ല നോക്കണ്ടത്, നേരെയാണ്. അതാണ് നമ്മുടെ വഴി എന്ന് എന്നെ പഠിപ്പിച്ചവള്‍.
പലപ്പോഴും പൊട്ടിക്കരഞ്ഞു പോയ എന്നെ ഒരു അമ്മ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തു കിടത്തുന്നത് പോലെ കിടത്തി സമാധാനം തന്ന് ഉറക്കിയവള്‍. അവള്‍ എനിക്ക് നല്‍കിയ രണ്ട് ചക്കര മക്കളെക്കാളും എനിക്കിഷ്ടം എന്റെ ബീനയെ ആണ്. അവളെയാണ് ഞാന്‍ ആദ്യം കണ്ടത്. അവളെയാണ് ഞാന്‍ ആദ്യം സ്‌നേഹിച്ചത്. അതു കഴിഞ്ഞേ എന്റെ മനസ്സില്‍ എന്റെ മക്കള്‍ പോലുമുള്ളു. അത് മക്കള്‍ക്കും അറിയാം.
എനിക്ക് പറഞ്ഞാലും പറഞ്ഞാലും തീരില്ല എന്റെ ഈ പെണ്ണിനെ കുറിച്ച്. ഇനിയും ഒത്തിരി കാലം ഇവളെ ചേര്‍ത്ത് പിടിച്ചു ജീവിക്കാന്‍ കൊതിയാണ് എനിക്ക്. കാണിച്ചുകുളങ്ങര അമ്മേ കാത്തുകൊള്ളണേ, ഹൃദയം നിറഞ്ഞ അപേക്ഷയാണ്. ഈ പ്രാവശ്യം എന്തോ ഇങ്ങനെയൊക്കെ എഴുതണം എന്ന് എനിക്ക് തോന്നി. ഇതൊക്കെ നീ എന്തിനാ നാട്ടുകാരോട് വിളിച്ചു പറയുന്നതെന്ന് നിങ്ങള്‍ക്ക് ചോദിക്കാം, ന്യായം.
ഉത്തരം - ഇന്നുവരെ ഒന്നുമാകാത്ത എനിക്ക് എന്റെ ഭാര്യയെ കുറിച്ച് അവളുടെ നന്മയെ കുറിച്ച് ഞങ്ങളെ സ്‌നേഹിക്കുന്നവരോട് ഈ നല്ല ദിവസം പറഞ്ഞ് അവള്‍ക്കൊരു സന്തോഷം നല്‍കാനുള്ള അവകാശം ഇല്ലേ? ആഗ്രഹം ഇല്ലേ? ഇല്ലെങ്കില്‍ ക്ഷമിച്ചേക്ക്...' എന്നും പറഞ്ഞാണ് നടന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications











