'പരിശ്രമിച്ചുകൊണ്ടേയിരിക്കൂ, അറിയപ്പെടുന്ന ഒരു നടിയാകും'; രമ്യയുടെ പുതിയ തുടക്കത്തിന് ആശംസകളുമായി ആരാധകർ!
ബോളിവുഡിലാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ ആദ്യമായി സംപ്രേണം ചെയ്ത് തുടങ്ങിയത്. അവിടെ പന്ത്രണ്ടിലധികം സീസണുകൾ പിന്നിട്ട ഷോ വലിയ നവിജയമായതോടെയാണ് മറ്റ് ഭാഷകളിലേക്കും ബിഗ് ബോസ് ആരംഭിച്ച് തുടങ്ങിയത്. മലയാളത്തിലും ബിഗ് ബോസ് ആരംഭിച്ചിരുന്നു. ഇതുവരെ മൂന്ന് സീസണുകളാണ് സംപ്രേഷണം ചെയ്തിട്ടുള്ളത്. അതിൽ രണ്ട് സീസണുകൾക്ക് മാത്രമാണ് വിജയികളും ഗ്രാന്റ് ഫിനാലെയും ഉണ്ടായത്. രണ്ടാം സീസൺ കൊവിഡ് രൂക്ഷമായതിനാലും മറ്റ് സാങ്കേതിക പ്രശ്നങ്ങളാലുമാണ് ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിന് ഫിനാലെ ഇല്ലാതെ പോയത്.
ബിഗ് ബോസിൽ പങ്കാളികളായ ശേഷം ജനങ്ങൾക്കിടയിൽ പ്രീതി നേടിയെടുത്ത ഒട്ടനവധി താരങ്ങളുണ്ട്. നൂറ് ദിവസം ഫോണോ മറ്റ് വിനോദ ഉപാധികളോ ഇല്ലാതെ അധികം പരിചയമില്ലാത്ത മനുഷ്യർക്കൊപ്പം താമസിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. പല താരങ്ങളുടേയും യഥാർഥ സ്വഭാവവും അവരുടെ പെരുമാറ്റവും ജനങ്ങൾ തിരിച്ചറിയുന്നതും ബിഗ് ബോസിൽ അവർ പങ്കാളികളായതിന് ശേഷമാണ്. അത്തരത്തിൽ ബിഗ് ബോസ് എന്ന ഒറ്റ റിയാലിറ്റി ഷോയിലൂടെ ഒട്ടനവധി ജനങ്ങളുടെ പിന്തുണ നേടിയ നടിയാണ് രമ്യ പണിക്കർ.

ചങ്ക്സ് എന്ന സിനിമയിൽ ജോളി മിസ് എന്ന കഥാപാത്രമായെത്തി ഏറെ ശ്രദ്ധ നേടിയ താരമാണ് നടി രമ്യ പണിക്കർ. തിരുവനന്തപുരം സ്വദേശിയായ താരം മോഡലിങ്, അവതാരക, ഡാൻസർ തുടങ്ങിയ രംഗങ്ങളിലും സജീവമാണ്. ഒരേ മുഖം എന്ന സിനിമയിലൂടെയാണ് താരം സിനിമാ ലോകത്തേക്ക് എത്തിയത്. ശേഷം എട്ടോളം സിനിമളുടെ ഭാഗമായിട്ടുണ്ട് താരം. ഒമർലുലു സംവിധാനം ചെയ്ത സിനിമയായിരുന്നു ചങ്ക്സ്. ഹണി റോസും ബാലു വർഗീസുമായിരുന്നു ചിത്രത്തിൽ നായികനും നായികയുമായത്. ഒരേമുഖം, ഹാദിയ, ചങ്ക്സ്, ഇര, സൺഡേഹോളിഡേ, മാസ്റ്റർപീസ്, മാഫിഡോണ, പൊറിഞ്ചു മറിയം ജോസ് ഇവയാണ് രമ്യയുടെ മറ്റ് മലയാളം ചിത്രങ്ങൾ. ഒരു വാതിൽകോട്ടൈ, അജിത് ഫ്രാം അർപ്പുകോട്ടൈ തുടങ്ങിയവയാണ് താരം അഭിനയിച്ച തമിഴ് ചിത്രങ്ങൾ.

കേരള യൂണിവേഴ്സിറ്റിയിൽ ബിരുദം പൂർത്തിയാക്കിയ തിരുവനന്തപുരം സ്വദേശിയായ രമ്യ നൃത്തരംഗത്ത് ഏറെ സജീവമാണ്. ഇൻസ്റ്റയിൽ ഏറെ സജീവ താരമായ രമ്യ നിരവധി ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഗ്ലാമർ ചിത്രങ്ങളാണ് ഇവയിലധികവും. രണ്ടേകാൽ ലക്ഷത്തോളം ഫോളോവേഴ്സുണ്ട് താരത്തിന് ഇൻസ്റ്റയിൽ. ബിഗ് ബോസിൽ മത്സരാർഥിയായി പങ്കെടുത്ത രമ്യ വൈകാതെ പുറത്തായി ശേഷം ഈസ്റ്റർ സമയത്ത് വൈൽഡ് കാർഡ് എൻട്രിയായി വീണ്ടും ബിഗ് ബോസിലേക്ക് രമ്യ തിരിച്ചെത്തി. മൂന്നാം സീസണിൽ ഗ്രൂപ്പോ കൂട്ടുകാരോ ഇല്ലാതെ ഒറ്റയ്ക്ക് നിന്ന് കളിച്ച മത്സരാർഥികളിൽ ഒരാൾ രമ്യ മാത്രമായിരുന്നു. വൈൽഡ് കാർഡ് എൻട്രി വഴി ബിഗ് ബോസിലേക്ക് വീണ്ടും എത്തിയിട്ടും അധികം ശോഭിക്കാൻ കഴിയാത്തതിനാൽ രമ്യ ഫിനാലെയ്ക്ക് തൊട്ടുമുമ്പുള്ള സ്റ്റേജിൽ വെച്ച് പുറത്താക്കപ്പെട്ടു.
Recommended Video

ഫിറ്റ്നസ് ഫ്രീക്ക് കൂടിയായ രമ്യ ഇപ്പോൾ സിനിമയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടി ഒരു യുട്യൂബ് ചാനൽ കൂടി ആരംഭിച്ചിരിക്കുകയാണ്. രമ്യ പണിക്കർ ഒഫീഷ്യൽ എന്നാണ് യുട്യൂബ് ചാനലിന് രമ്യ പേരിട്ടിരിക്കുന്നത്. ആദ്യത്തെ വീഡിയോ ആതിരപ്പള്ളിയിലേക്കുള്ള യാത്രയുടേതായിരുന്നു. ആതിരപ്പള്ളിയുടെ ദൃശ്യഭംഗിയും രമ്യയുടെ ഫോട്ടോഷൂട്ടും മറ്റുമായി വീഡിയോ ഇപ്പോൾ തന്നെ ജനശ്രദ്ധ നേടി കഴിഞ്ഞു. രമ്യയുടെ പുതിയ സംരംഭത്തിന് താരത്തിന്റെ നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയത്. 'ധൈര്യമായി പരിശ്രമിച്ചോളൂ... ചേച്ചി ഒരുനാൾ അറിയപ്പെടുന്ന നടിയാകും' തുടങ്ങിയ കമന്റുകളും രമ്യയുടെ പുതിയ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.


Click it and Unblock the Notifications