വർക്ക് ഏര്യ പണിത് തരാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി, ഫ്യൂസ് പോയാൽ പോലും ശരിയാക്കാൻ ഞങ്ങളെ വിളിക്കും; ഫിറോസ്
രേണു സുധിക്കും കുടുംബാംഗങ്ങൾക്കും എതിരെ കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് വീട് നിർമ്മിച്ച് നൽകിയ സന്നദ്ധ സംഘടനയുടെ ഭാരവാഹികളിൽ പ്രധാനിയായ ഫിറോസ്. കഴിഞ്ഞ ദിവസമാണ് കെഎച്ച്ഡിഇസി എന്ന സമൂഹമാധ്യമ കൂട്ടായ്മ നിർമിച്ച് നൽകിയ വീടിന് ചോർച്ചയുണ്ടെന്നും മുറികളിൽ വെള്ളമാണെന്നുമുള്ള പരാതിയുമായി രേണു രംഗത്ത് എത്തിയത്. സുധിയുടെ മരണത്തോടെ അനാഥമായ കുടുംബത്തിന് സഹായമാകാനാണ് കെഎച്ച്ഡിഇസി കോട്ടയത്ത് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീട് നിർമ്മിച്ച് നൽകിയത്.
എന്നാൽ വീടിനെ കുറിച്ച് പരാതിപ്പെട്ട് രേണു സംസാരിക്കുന്ന വീഡിയോ കണ്ടതോടെ വീടിന് വേണ്ടി പ്രവർത്തിച്ചവർക്കെല്ലാം മാനസീക വിഷമമുണ്ടായിയെന്ന് ഫിറോസ് പറയുന്നു. വർക്ക് ഏര്യ പണിത് തരാൻ ആവശ്യപ്പെട്ട് രേണു ഭീഷണിപ്പെടുത്തിയതിനെ കുറിച്ചും ഫിറോസ് പുതിയ വീഡിയോയിൽ സംസാരിച്ചു.

അർഹരായ ആളുകൾക്ക് ഞങ്ങൾ എല്ലാവർഷവും വീട് വെച്ച് കൊടുക്കാറുണ്ട്. അതിന്റെ ഭാഗമായാണ് സുധിയുടെ പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങൾക്ക് വേണ്ടി വീട് നിർമ്മിച്ച് കൊടുത്തത്. വീടിനൊപ്പം തന്നെ ഫർണ്ണീച്ചറുകളും ടിവിയും കിച്ചൺ കംബോർഡുകളും ബെഡ്റൂം കബോർഡുകളും വാട്ടർ ഫിൽട്ടർ അടക്കമുള്ളവയും ഉൾപ്പെടുത്താൻ ഞങ്ങൾക്ക് പറ്റി. ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ആ വീടിന് വേണ്ടി ചെയ്ത് കൊടുക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് ഒരുപാട് സന്തോഷമുണ്ട്.
ഇതിനെല്ലാമായി ഒരുപാട് പേർ ഞങ്ങളോട് സഹകരിച്ചു. ഞാനും നല്ലൊരു എമൗണ്ട് ആ വീടിന് വേണ്ടി സംഭാവന ചെയ്തിട്ടുണ്ട്. എനിക്ക് ബിസിനസിൽ നിന്നും കിട്ടിയ ലാഭമാണ് ഞാൻ നൽകിയത്. ആ വീടിന് വേണ്ടി സഹകരിച്ചവർക്കെല്ലം വിഷമുണ്ടാക്കുന്ന തരത്തിലുള്ള വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്.
വീട് പണി കഴിഞ്ഞ സമയത്ത് അവർക്ക് ഒരു വർക്ക് ഏര്യ ഉണ്ടാക്കി കൊടുക്കണമെന്ന് പറഞ്ഞ് ഞങ്ങളെ വിളിച്ചിരുന്നു. പണത്തിന്റെ കുറവുണ്ടായിരുന്നതുകൊണ്ട് തന്നെ ഞങ്ങളുടെ കയ്യിൽ ഫണ്ടില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. സോഷ്യൽമീഡിയ വഴിയും യുട്യൂബേഴ്സിനെ വിളിച്ചും ഞങ്ങൾ ഇത് പറയും. ഞങ്ങൾക്ക് വർക്ക് ഏരിയ ഇല്ലെന്നും അത് ഉണ്ടാക്കി തരണമെന്നും അവരോട് ഞങ്ങൾ പറയും.
അങ്ങനെ ആരെങ്കിലും ഉണ്ടാക്കി തന്നാൽ നിങ്ങൾക്ക് ആയിരിക്കും നാണക്കേട് എന്ന തരത്തിൽ ഭീഷണിയുടെ സ്വരത്തിൽ അവർ എന്നോട് സംസാരിച്ചു. നിങ്ങൾ ആരെക്കൊണ്ട് വേണമെങ്കിലും ചെയ്യിച്ചോളൂ ഞങ്ങളുടെ കയ്യിൽ ഫണ്ടില്ലെന്ന് ഞാൻ പറഞ്ഞു. മാ സംഘടന കൊടുത്ത ഒരു ലക്ഷം രൂപവെച്ചാണ് അവർ അന്ന് ഗൃഹപ്രവേശന ചടങ്ങ് നടത്തിയത്.

ഞങ്ങൾ ആരും അന്ന് അവിടെ നിന്ന് ഭക്ഷണം കഴിച്ചില്ല. ഭക്ഷണം തികയാതെ വരുന്ന അവസ്ഥയുണ്ടാകേണ്ടെന്ന് കരുതിയാണ് കഴിക്കാതിരുന്നത്. പിന്നീട് അവരെ വിളിച്ച് ബുദ്ധിമുട്ടിക്കാനോ നമ്മുടെ മുന്നിൽ ഓച്ചാനിച്ച് നിർത്തിക്കാനോ ശ്രമിച്ചിട്ടില്ല. ക്ലോക്ക് വീണാൽ അത് ശരിയാക്കാൻ ഞങ്ങളെ വിളിക്കും. മോട്ടർ കംപ്ലെയിന്റായപ്പോഴും വിളിച്ചു. ഫ്യൂസ് കത്തിപ്പോയാലും ബൾബ് പോയാലും ഞങ്ങളെയാണ് അത് ശരിയാക്കാൻ വിളിക്കുന്നത്.
വീട് നിങ്ങൾക്ക് ഞങ്ങൾ വെച്ച് തന്നു. അതിന്റെ മെയിന്റനൻസ് കൂടി ഏറ്റെടുക്കുക എന്നത് ബുദ്ധിമുട്ടാണെന്ന് ഞാൻ അവരോട് അവസാനം പറഞ്ഞു. പക്ഷെ ഇങ്ങനൊരു വീഡിയോ ഇട്ട് അവർ ഞങ്ങളെ മോശക്കാരാക്കുമെന്ന് പ്രതീക്ഷിച്ചിട്ടില്ലെന്നും ഫിറോസ് പറഞ്ഞു. ഇതോടെ നിർധനർക്ക് വീട് നിർമ്മിച്ച് നൽകുന്നത് അവസാനിപ്പിക്കുകയാണെന്നും ഫിറോസ് പറഞ്ഞു.
സുധിയുടെ ഭാര്യയ്ക്കും അമ്മയ്ക്കും രണ്ട് മക്കൾക്കും താമസിക്കാൻ വേണ്ടിയാണ് ഞങ്ങൾ വീട് പണിത് കൊടുത്തത്. അവർ തന്നെ അവിടെ താമസിച്ചാൽ ഞങ്ങൾക്ക് സന്തോഷമാകുമെന്നും ഫിറോസ് പറഞ്ഞു. സുധിയുടെ കുടുംബത്തിന് പണിത വീട്ടിൽ രേണുവിന്റെ ബന്ധുക്കളാണ് ഇപ്പോൾ താമസിക്കുന്നത്.


Click it and Unblock the Notifications