കാഴ്ച എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാം, വയ്യാതായശേഷം സുഹൃത്തുക്കൾ കൈവിട്ട് പോയി, വിധിയിൽ കാര്യമില്ല!
അഭിനയിക്കുമ്പോഴോ കാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോഴോ ഭയം തോന്നിയിട്ടില്ലെന്ന് സീരിയൽ താരം കിഷോർ പിതാംബരൻ. അസുഖ ബാധിതനായശേഷം ഏറെ പ്രിയപ്പെട്ട സുഹൃത്തുക്കൾ കൈവിട്ട് പോയ ആൾ കൂടിയാണ് താനെന്നും വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞു. ഏത് നിമിഷവും കാഴ്ച നഷ്ടപ്പെടാവുന്ന രീതിയിലാണ് തലയിൽ സിസ്റ്റ് വളരുന്നതെന്നും താരം.
ആദ്യം സീരിയലിൽ അഭിനയിച്ചപ്പോൾ അറിവില്ലായ്മയുണ്ടായിരുന്നു. ഭയമില്ലായിരുന്നു. എന്റെ ഷോട്ട് കഴിഞ്ഞ് കഴിയുമ്പോൾ മോണിറ്ററിൽ പോയി നോക്കി കാര്യങ്ങൾ വീക്ഷിക്കാൻ തുടങ്ങി. അങ്ങനെ ഒരോ കാര്യവും പഠിച്ചു. പറ്റില്ലെന്ന് തോന്നിയാൽ അവിടെ നിന്ന് പോകും. അല്ലാതെ ഭയമില്ല. ഹൃദയത്തോട് ചേർത്ത് വെക്കുന്ന കഥാപാത്രങ്ങൾ എന്നൊന്നുമില്ല.

ഒരുപാട് കാശ് സമ്പാദിക്കാൻ പറ്റിയ, ഒരുപാട് കാലം സംപ്രേഷണം ചെയ്യപ്പെട്ട സീരിയലുകളൊക്കെ എനിക്ക് ഇഷ്ടമാണ്. നല്ല പുസ്തകങ്ങളും സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമൊക്കെയാണ് എന്റെ ഹൃദയത്തോട് ഞാൻ ചേർത്ത് വെക്കുന്നവ. ഒരുപാട് സുഹൃത്തുക്കളെ കൈവിട്ട് പോയൊരാളാണ് ഞാൻ. നാട്ടിലൊക്കെയായി എന്നോട് അടുപ്പമുള്ള കുറച്ച് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഞാൻ വയ്യാതായി വീണശേഷം അവരിൽ ചിലരെ നഷ്ടപ്പെട്ടു. അത് അവരുടെ കുറ്റമല്ല.
ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഒരുപാട് ആക്ടിവിറ്റികൾ ചെയ്യുമായിരുന്നു. അസുഖം ബാധിച്ചശേഷം എനിക്ക് അതിലൊന്നും പങ്കാളിയാകാൻ കഴിയാതെയായി. അവർ പക്ഷെ അത് തുടർന്നു. അതുകൊണ്ട് തന്നെ എന്നിൽ നിന്നും അവർ മാറിപ്പോയി. അയാൾക്ക് അസുഖമല്ലേ ഇനി വിളിക്കേണ്ടല്ലോ എന്ന രീതിയിൽ. അത് മനസിൽ നൊമ്പരമുണ്ടാക്കി.
അതിന്റെ പേരിൽ അവരെയല്ല അവസ്ഥയെയാണ് കുറ്റം പറയേണ്ടത്. പറ്റാത്ത അവസ്ഥ വന്നാൽ മാറിപോകണം. ആ തിരിച്ചറിവുണ്ടായാൽ പ്രശ്നമില്ല. ആൾക്കാരുടെ തനിസ്വഭാവമൊന്നും കണ്ട് പിടിക്കാൻ പോകേണ്ടതില്ല. താൽപര്യമില്ലെങ്കിൽ കളഞ്ഞിട്ട് പോവുക. ഞാൻ പ്രതീക്ഷിക്കാത്തവർ എന്നെ സഹായിച്ചിട്ടുണ്ട്. അവരിൽ നിന്നും ഇതൊന്നും പ്രതീക്ഷിച്ചിട്ടില്ല. എനിക്ക് പരിചയം പോലും ഇല്ലാത്ത ഒരാൾ എന്റെ ബില്ല് അടച്ചിട്ടുണ്ട്.
എന്നോട് അങ്ങനെ ചെയ്തല്ലോ എന്ന രീതിയിൽ ആരെ കുറിച്ചും ചിന്തിക്കാതിരിക്കുക. തോറ്റ് പോകരുതെന്നും ജയിക്കാനുള്ള ശ്രമങ്ങൾ നടത്തികൊണ്ടിരിക്കണമെന്നും മാത്രമെ ഞാൻ മക്കളോട് പറയാറുള്ളു. വായന വേണമെന്ന് മക്കളോട് പറയുമെന്നും നടൻ പറയുന്നു. ആറ്, ഏഴ് വർഷമായി ഞാൻ മദ്യപിക്കാറില്ല. അതിന് പറ്റില്ല. അച്ഛനോടൊപ്പം ഞാൻ മദ്യപിക്കുമായിരുന്നു.

ഒരുമിച്ചിരുന്ന് പുസ്തകം വായിക്കുമായിരുന്നു. രാത്രി കാലങ്ങളിൽ കഥകൾ പറഞ്ഞത് തരും. അതുപോലെ ചീത്തയും പറയും അദ്ദേഹം. അച്ഛനിപ്പോൾ ഇല്ലല്ലോ എന്ന വിഷമമുണ്ട്. സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു ഭാര്യയാണ് എന്റേത്. പഠിക്കാൻ മിടുക്കിയായിരുന്നു. എന്റെ എല്ലാ കാര്യങ്ങൾക്കും അവൾ സപ്പോർട്ടാണ്. പ്രസഹനങ്ങൾ കാണിക്കുന്ന ഭാര്യയും ഭർത്താവുമല്ല. ഞങ്ങൾക്കിടയിൽ ഒന്നും ഒളിക്കാനില്ല.
അവൾക്ക് മാത്രമല്ല എല്ലാവർക്കും എന്റെ ഫോണിന്റെ ലോക്ക് അറിയാം. എന്റെ കണ്ണിന്റെ കാഴ്ച എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാം. സിസ്റ്റ് വളർന്ന് കണ്ണിന്റെ നെർവിലേക്കാണ് തട്ടുന്നത്. നെർവിലേക്ക് വളർന്നതായി കഴിഞ്ഞ പ്രാവശ്യം പരിശോധിച്ചപ്പോൾ ഡോക്ടർ പറഞ്ഞു. കാഴ്ച മങ്ങിയെന്ന് തോന്നി തുടങ്ങിയാൽ ഓടി വരണമെന്നാണ് പറഞ്ഞിരിക്കുന്നത്.
ശ്രീചിത്രയിലാണ് കാണിക്കുന്നത്. സർജറി ചെയ്യാൻ പറ്റും. പക്ഷെ എനിക്ക് ലിവർ സിറോസിസ് ഉള്ളതുകൊണ്ട് അവർ പെട്ടന്ന് സർജറി ചെയ്യില്ല. ഹെവി ഡയബറ്റീസുമുണ്ട്. കണ്ണിന്റെ കാഴ്ച പോയാൽ പിന്നെ അഭിനയിക്കാൻ പറ്റില്ലല്ലോ. പിന്നെ സയൻസുണ്ടല്ലോ. സയൻസിനെ എനിക്ക് വിശ്വാസമാണ്. വിധിയിലൊന്നും കാര്യമില്ലെന്നും കിഷോർ പറയുന്നു.


Click it and Unblock the Notifications


