വലിയൊരു രോഗിയാണ് ഞാൻ, കിടപ്പിലായിരുന്നു, ഇഞ്ചക്ഷനും സ്റ്റീറോയിഡുകളുമാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്!
സീരിയൽ പ്രേക്ഷകർ വളരെ സുപരിചിതനായ താരമാണ് കിഷോർ പീതാംബരൻ. ഒട്ടനവധി മെഗാ സീരിയലുകളുടെ ഭാഗമായിട്ടുള്ള താരം ഇപ്പോൾ മഴ തോരും മുമ്പെ എന്ന സീരിയലിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചില അസുഖങ്ങളും താരത്തെ അലട്ടുന്നുണ്ട്. മരുന്നുകളുടെ ബലത്തിലാണ് ജീവൻ നിലനിർത്തുന്നത്. ആദ്യം നോൺ-ആൽക്കഹോളിക് ലിവർ ഡിസീസാണ് നടനിൽ കണ്ടെത്തിയത്. പിന്നീട് തലച്ചോറിന്റെ പിൻഭാഗത്തുള്ള പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ സിസ്റ്റും കണ്ടെത്തി.
ശരീരത്തിന്റെ ഹോർമോൺ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രധാന ഗ്രന്ഥിയായതിനാൽ ഇതിന്റെ പ്രശ്നങ്ങൾ കിഷോറിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചു. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ നടൻ മനസ് തുറന്നു.

25 വർഷമായി സീരിയൽ രംഗത്തുണ്ടെങ്കിലും കാര്യമായി ഒന്നും സമ്പാദിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് താരം പറയുന്നു. സീരിയൽ രംഗത്ത് 25 വർഷമായി. എന്നിട്ടും ഇവിടെ തുടരാൻ കാരണം ആരൊക്കയോ എന്നെ ഇപ്പോഴും ഇഷ്ടപ്പെടുന്നതുകൊണ്ടാണ്. അയാൾ എന്തോ ചെയ്യുന്നുണ്ടെന്ന തോന്നൽ ആൾക്കാർക്കൊക്കെ ഉണ്ടാകും. നല്ലത് ചെയ്താൽ അത് കൊള്ളാമെന്ന് ആരെങ്കിലും പറഞ്ഞാൽ അത് വീണ്ടും വീണ്ടും ചെയ്യുന്നവരാണ് കലാകാരന്മാരും കുഞ്ഞുങ്ങളും.
അതുപോലെ സീരിയൽ സ്ക്രിപ്റ്റ് ചോദിക്കുകയോ കഥകൾ ചോദിക്കുകയോ ചെയ്യാറില്ല. സീരിയലിന് സ്ക്രിപ്റ്റ് ഇല്ല. ആദ്യം ഒരു അഞ്ച് എപ്പിസോഡുകളൊക്കെ എടുത്ത് വെച്ചിട്ടുണ്ടാകും. ശേഷമാകും സെലക്ട് ചെയ്യുന്നത്. പിന്നെ ആദ്യത്തെ കഥയാവില്ല മുന്നോട്ട് പോകുന്നത്. അതുകൊണ്ടാണ് ചോദിക്കാത്തത്. മാസത്തിൽ എത്ര ദിവസം ഷൂട്ട് കാണുമെന്ന് ചോദിക്കും.
പ്രതിഫലവും ചോദിക്കും അത്രമാത്രം. ചില കഥാപാത്രങ്ങൾ ഒഴിവാക്കും. അതിന് കാരണം പാന്റും ഷർട്ടും കോട്ടുമൊക്കെ ധരിച്ച് വരുന്ന കഥാപാത്രങ്ങളാണെങ്കിലാണ്. ഞാൻ അത്തരം വേഷങ്ങൾക്കും കഥാപാത്രങ്ങൾക്കും യോഗ്യനല്ലെന്ന് മനസിൽ തോന്നാറുണ്ട്. അതുകൊണ്ടാണ് ഒഴിവാക്കുന്നത്. ലുങ്കി ധരിച്ച് നടക്കുന്ന പാവപ്പെട്ട തൊഴിലാളി റോൾ ആണെങ്കിൽ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കഴിഞ്ഞ നാല് വർഷമായി ഞാൻ രോഗിയായിരുന്നു. കിടപ്പിലായിരുന്നു. ഇപ്പോഴുമാണ്.
അത് കഴിഞ്ഞ് വന്നപ്പോൾ കിട്ടിയ സീരിയലാണ് മഴതോരും മുമ്പെ. എനിക്ക് ജോയ്സി എന്ന തിരക്കഥാകൃത്തിനെ വിശ്വാസമാണ്. മുമ്പും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ബിനു വെള്ളത്തൂവൽ ആയിരുന്നു ആദ്യം ഈ സീരിയൽ സംവിധാനം ചെയ്തിരുന്നത്. ജോയ്സി സാറിന്റെ മകൻ മനുവും സംവിധാനത്തിൽ പങ്കാളിയാണ്. ഇവരെയെല്ലാം എനിക്ക് അറിയാം. മാത്രമല്ല വിശ്വാസവുമാണ്. അതുകൊണ്ട് തന്നെ കഥയൊന്നും ചോദിക്കാൻ പോകില്ല.

കഥ ചോദിക്കുന്നത് മണ്ടത്തരമാണ്. തുടക്കത്തിലെ കഥയാവില്ല അവസാനം വരെ ഇടയ്ക്ക് മാറ്റം വരും. പഠിച്ചത് കൊമേഴ്സാണ്. ഇംഗ്ലീഷും മലയാളവുമെല്ലാം പഠിപ്പിക്കാറുണ്ടായിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ മുതൽ കുട്ടികൾക്ക് ക്ലാസ് എടുക്കുമായിരുന്നു. യൂണീക്ക് അക്കാദമി എന്നൊരു വലിയ കോളേജ് അച്ഛനുണ്ടായിരുന്നു. നാലായിരത്തോളം കുട്ടികൾ അവിടെ പഠിച്ചിരുന്നു. അവിടെയാണ് ഞാനും പഠിച്ചത്. അമേച്വർ നാടകങ്ങളിലൂടെയാണ് ഞാൻ അഭിനയത്തിലേക്ക് വരുന്നത്.
മൂന്നാം ക്ലാസ് മുതൽ നാടകത്തിൽ അഭിനയിക്കുന്നു. കൃഷ്ണകുമാർ എന്നായിരുന്നു എന്റെ പേര്. പിന്നീടാണ് അത് കിഷോറായത്. ബെസ്റ്റ് ആക്ടറായി പലതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴും ഒരു വീട് വെക്കാൻ കഴിഞ്ഞിട്ടില്ല. സീരിയലിൽ അഭിനയിച്ചാൽ പത്തോ അയ്യായിരമോ ശമ്പളം കിട്ടുമായിരിക്കും. ഞാനോ വളരെ കുറച്ച് ശമ്പളത്തിൽ അഭിനയിക്കുന്നയാളാണ്. അതിന് അനുസരിച്ചുള്ള വളർച്ചയെ നമുക്ക് ഉണ്ടാകൂ. വരുമാനത്തിന് വേണ്ടി മാത്രമാണ് സീരിയൽ ചെയ്യുന്നത്.
ഇതല്ലാതെ വേറൊരു വഴി എനിക്കില്ല. കുടുംബമുണ്ട്. മക്കളെ വളർത്തണം. ആരോഗ്യപ്രശ്നമുള്ളതുകൊണ്ട് വേറൊരു ജോലിക്കും പോകാൻ പറ്റുന്നില്ല. അല്ലെങ്കിൽ വണ്ടിയോടിക്കാൻ പോകുമായിരുന്നു. ഒരു ബാഗ് നിറയെ മരുന്നുകളുമായാണ് ഇപ്പോൾ ഷൂട്ടിങ്ങിന് പോകുന്നത്. ഇഞ്ചക്ഷനും സ്റ്റീറോയിഡുകളുമായാണ് ജീവിതം മുന്നോട്ടുപോകുന്നത്.
വലിയൊരു രോഗിയാണ് ഞാൻ. രാവിലെ ആറര മുതൽ രാത്രി പതിനൊന്ന് മണിവരെ മരുന്നുകൾ കഴിച്ചുകൊണ്ടിരിക്കണം. കടുത്ത പ്രമേഹവും കരൾ രോഗവും ഉള്ളതിനാൽ ശസ്ത്രക്രിയ നടത്താനും കഴിയാത്ത അവസ്ഥയാണ്. ഭക്ഷണത്തേക്കാൾ കൂടുതൽ മരുന്നുകളാണ് ഇപ്പോൾ ജീവിതത്തിന്റെ ഭാഗം. മുമ്പ് ഷൂട്ടിങ് ഇല്ലാതിരുന്ന സമയത്ത് വാഹനം ഓടിക്കാൻ പോകുമായിരുന്നു എന്നും കിഷോർ പറയുന്നു.


Click it and Unblock the Notifications


