'എല്ലാം പതിയുന്നില്ലേ..?, കരയുന്നതിന് ഇടയിലും ക്യാമറയുടെ ഫോക്കസ് നോക്കുന്ന രേണു, അവരുടെ വിഷമം അവർക്കേ അറിയൂ'
ബിഗ് ബോസിൽ നിന്നും ഇറങ്ങിയശേഷം തിരക്കോട് തിരക്കാണ് രേണു സുധിക്ക്. നൂറ് ദിവസം ബിഗ് ബോസ് ഹൗസിൽ നിന്നിരുന്നുവെങ്കിൽ കിട്ടാൻ സാധ്യതയുള്ള പ്രതിഫലത്തിന്റെ ഇരട്ടി പുറത്തിറങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സ്വർണ്ണമായും പണമായും രേണു സമ്പാദിച്ച് കഴിഞ്ഞു. മുപ്പത് ദിവസത്തോളം ഹൗസിൽ നിന്നശേഷം രേണു സ്വമേധയ ഷോ ക്വിറ്റ് ചെയ്ത് പുറത്ത് വരികയായിരുന്നു.
ഷോയിൽ ഇനിയും തുടർന്നാൽ ഭർത്താവ് കൊല്ലം സുധിയുടെ മരണത്തോടെ ഉണ്ടായ ട്രോമയും ബുദ്ധിമുട്ടുകളും തിരിച്ച് വരുമെന്നും പിടിച്ച് നിൽക്കാൻ കഴിയുന്നില്ലെന്നും രേണു അറിയിച്ചതോടെയാണ് ബിഗ് ബോസും ഷോ ക്വിറ്റ് ചെയ്യാൻ സമ്മതം നൽകിയത്. പുറത്ത് വന്നശേഷം നിരവധി ഉദ്ഘാടനങ്ങൾ ചെയ്യാൻ അവസരം രേണുവിന് ലഭിച്ചു.

ശേഷം ഒരു റെസ്റ്റോറന്റിന്റെ പ്രമോഷനായി പതിനഞ്ച് ദിവസത്തോളം ദുബായിലായിരുന്നു രേണു. അവിടെ നിന്നുള്ള വീഡിയോകൾ വൈറലാവുകയും വിവദമാവുകയും ചെയ്തിരുന്നു. രേണു ദുബായിലെ ബാറിൽ ഡാൻസറായി ജോലി ചെയ്യുന്നുവെന്ന തരത്തിലായിരുന്നു അന്ന് പ്രചരിച്ചത്. എന്നാൽ സത്യം എന്താണെന്ന് കേരളത്തിൽ തിരികെ വന്നശേഷം രേണു തന്നെ വ്യക്തമാക്കി.
ഡയമണ്ട് മോതിരം, റെയ്ബാൻ ഗ്ലാസ് തുടങ്ങി ഒട്ടനവധി സമ്മാനങ്ങളുമായാണ് രേണു ദുബായിൽ നിന്നും നാട്ടിലേക്ക് വന്നത്. രേണുവിന്റെ അടുത്ത ട്രിപ്പ് ബഹറൈനിലേക്കാണ്. ആ യാത്രയും ഒരു റെസ്റ്റോറന്റിന്റെ പ്രമോഷനായാണ്. ഇനി പത്ത്, പതിനഞ്ച് ദിവസത്തോളം ബഹറൈനിലായിരിക്കും രേണു. ആ വിദേശ യാത്രയ്ക്ക് മുമ്പ് ഏറ്റെടുത്ത ഷൂട്ടുകൾ രേണു ഓടി നടന്ന് പൂർത്തിയാക്കുകയാണ്.
ഇപ്പോഴിതാ രേണുവിന്റെ ഒരു വീഡിയോയാണ് ചർച്ചയാകുന്നത്. ഭർത്താവ് സുധിയുടെ നാട്ടിൽ ഒരു ഷോപ്പ് ഉദ്ഘാടനത്തിനായി രേണു എത്തിയിരുന്നു. ആദ്യമായാണ് രേണു കൊല്ലത്ത് ഒരു പരിപാടിയിൽ അതിഥിയായി വരുന്നത്. പരിപാടിക്കുശേഷം രേണു സുധിയുടെ കുടുംബവീട്ടിലേക്ക് പോയി അമ്മയേയും ബന്ധുക്കളേയും സന്ദർശിച്ചു. സുധിയുടെ മരണശേഷം ആദ്യമായാണ് രേണു കൊല്ലത്ത് എത്തുന്നത്.
അതുകൊണ്ട് തന്നെ സുധിയുടെ അമ്മയെ കണ്ടതും അതുവരെ അടക്കിവെച്ചിരുന്ന സങ്കടവും വിഷമവും അണപൊട്ടി ഒഴുകി. ഇരുവരും കെട്ടിപിടിച്ച് ഏറെനേരം കരഞ്ഞു. ഒപ്പം സുധിയുടെ ഫോട്ടോയും മറ്റ് ഓർമകളുമെല്ലാം ഏറെ നേരം നോക്കിയിരുന്നു. വീഡിയോ വൈറലായതോടെ പോസിറ്റീവും നെഗറ്റീവുമായ നിരവധി കമന്റുകൾ വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ടു. രേണു ക്യാമറ കണ്ടതുകൊണ്ട് സങ്കടം അഭിനയിച്ചുവെന്നായിരുന്നു ചില കമന്റുകൾ.

കരഞ്ഞപ്പോൾ ക്യാമറ നോക്കുന്ന രേണു. ഇത്രയും എക്സ്പ്രാക്ഷൻ മതിയോ എന്ന് ചോദിക്കുന്നത് പോലുണ്ട്, കരയുന്നതിന് ഇടയിലും ക്യാമറയുടെ ഫോക്കസിനെ കുറിച്ചാണ് ചിന്ത, ഇടയ്ക്കിടയ്ക്ക് ഏറ് കണ്ണിട്ട് നോക്കുന്നുണ്ട്. വീഡിയോ നല്ലതുപോലെ കിട്ടുന്നുണ്ടോയെന്ന് അറിയാൻ, അഭിനയിച്ചങ്ങ് തകർക്കുവാണല്ലോ എന്നിങ്ങനെ നീളുന്നു കമന്റുകൾ. അതേസമയം ചിലർ രേണുവിനെ അനുകൂലിച്ചും എത്തി.
അവരുടെ വിഷമം അവർക്കേ അറിയൂ... സുധി ചേട്ടൻ പോയതിന് ശേഷവും രേണു കരഞ്ഞുകൊണ്ട് നടക്കുവായിരുന്നെങ്കിൽ അവർക്ക് ഇത്രയും നെഗറ്റീവ് വരില്ലായിരുന്നു, നന്നായി വരും രേണു... നിന്നെയും മക്കളെയും ദൈവം അനുഗ്രഹിക്കും, രേണു കരയുന്നത് ആ അമ്മയെ കാണുമ്പോൾ മാത്രമാകും. അല്ലാത്തപ്പോൾ അവൾ സ്ട്രോങ്ങാണ് എന്നിങ്ങനെയായിരുന്നു അനുകൂലിച്ചവർ കുറിച്ചത്.
സുധിയുടെ മൂത്തമകൻ കിച്ചു സുധിയുടെ അമ്മയ്ക്കൊപ്പം താമസിച്ചാണ് പഠിക്കുന്നത്. രേണു ബിഗ് ബോസിലായിരുന്നപ്പോൾ സുധിയുടെ രണ്ടാമത്തെ മകൻ റിഥുലിനെ പരിപാലിച്ചത് കിച്ചുവായിരുന്നു. സ്വന്തം യുട്യൂബ് ചാനലിലൂടെ കിച്ചുവും നല്ലൊരു വരുമാനം കണ്ടെത്തുന്നുണ്ട്. ബിഗ് ബോസിൽ പോയതിനാൽ തനിക്ക് ലഭിച്ച രണ്ട് സിനിമകൾ നഷ്ടപ്പെട്ടതായി രേണു പറഞ്ഞിരുന്നു.


Click it and Unblock the Notifications