'സൂര്യയും നീതുവുമായാൽ ഞങ്ങൾ കീരിയും പാമ്പുമാണ്', വിശേഷങ്ങൾ പങ്കുവെച്ച് കൂടെവിടെയിലെ നാത്തൂന്മാർ!
കൂടെവിടെ സീരിയലിൽ നായകൻ ഋഷിക്കും നായിക സൂര്യയ്ക്കും ശേഷം ആരാധകർ ഏറെ ഉള്ളത് ഋഷിയുടെ ബന്ധവും സൂര്യയുടെ സഹപാഠിയുമായി സീരിയലിൽ വേഷമിടുന്ന നയന ജോസനാണ്. നീതു എന്ന കഥാപാത്രത്തെയാണ് നയന സീരിയലിൽ അവതരിപ്പിക്കുന്നത്. നായിക സൂര്യയ്ക്ക് പണികൊടുക്കുന്ന വില്ലത്തിയാണെങ്കിലും കൂടെവിടെയിലെ കൊച്ചു മിടുക്കി നയന തന്നെയാണ്. സീരിയൽ അരോചകമായി തുടങ്ങുമ്പോൾ ആരാധകർ ആവശ്യപ്പെടുന്നത് പോലും കോളജ് കാമ്പസ് രംഗങ്ങളും നയനയുടെ വില്ലത്തി ഭാഗങ്ങളും കൂടുതൽ ഉൾപ്പെടുത്തുവെന്നാണ്. സൂര്യയെന്ന കഥാപാത്രമായി കബനിയിലൂടെ ശ്രദ്ധേയയായ അൻഷിതയാണ് കൂടെവിടെയിൽ എത്തുന്നത്.
സീരിയലിൽ സൂര്യയും നീതുവും നേർക്കുനേർ കണ്ടാൽ കീരിയും പാമ്പുമാണെങ്കിലും റിയൽ ലൈഫിൽ അൻഷിതയും നയനയും അടുത്ത സുഹൃത്തുക്കളാണ്. ഒഴിവ് വേളകളിൽ ഇരുവരും ഒത്തുകൂടുകയും ചെയ്യാറുണ്ട്. ബാലതാരമായി സീരിയലുകളിൽ തിളങ്ങിയിട്ടുള്ള താരമാണ് നയന ജോസൻ. കുട്ടികളുടെ സീരിയലുകളിലായിരുന്നു നയന ഏറെയും അഭിനയിച്ചിരുന്നത്. കൂടാതെ ഡാൻസറെന്ന നിലയിലും നയന പ്രശസ്തയാണ്. അമൃത ടിവിയിലെ സൂപ്പർ ഡാൻസർ ജൂനിയറിലെ ഫൈനലിസ്റ്റായിരുന്നു നയന.

അമൃത ടിവിയിലെ തന്നെ കേരള ഡാൻസ് ലീഗ്, സീ തമിഴിലെ ഡാൻസ് ജോഡി ഡാൻസ് 3യിലും നയന മത്സരാർഥിയായിരുന്നു. സോഷ്യൽമീഡിയകളിലും നയന സജീവമാണ്. ക്ലാസിക്ക്, സിനിമാറ്റിക്ക് തുടങ്ങി എല്ലാത്തരത്തിലുള്ള നൃത്തങ്ങളും മനോഹരമായി നയന കൈകാര്യം ചെയ്യും. നന്ദന എന്നൊരു സഹോദരി കൂടി നയനയ്ക്കുണ്ട്. ഇപ്പോൾ നയനെ കാണാനും വിശേഷങ്ങൾ അറിയാനും താരത്തിന്റെ വീട്ടിലെത്തിയതിന്റെ വീഡിയോയാണ് അൻഷിത യുട്യൂബ് ചാനലിൽ പങ്കുവെച്ചിരിക്കുന്നത്. കൂടെവിടെ ഷൂട്ട് നടക്കുമ്പോൾ പലപ്പോഴും കാണാൻ അവസരം ലഭിക്കാറില്ലെന്നും സൗങൃദം പുതുക്കുന്നത് വല്ലപ്പോഴും മാളിയേക്കൽ ഷൂട്ട് നടക്കുമ്പോൾ അങ്ങോട്ട് കയറി ചെല്ലുമ്പോഴാണെന്നും അൻഷിത പറയുന്നുണ്ട്.

സീരിയലിൽ മിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാൻവിയേയും, അൻഷിതയും നയനും ചേർന്ന് വീഡിയോ കോൾ ചെയ്തു. മാൻവി ഭക്ഷണപ്രിയയാണെന്നും ഇത്രത്തോളം ഭക്ഷണത്തെ സ്നേഹിക്കുന്ന ഒരാളെ ജീവിതത്തിൽ താൻ പരിചയപ്പെട്ടിട്ടില്ലെന്നും മാൻവി കൂടി ഇപ്പോൾ ഒപ്പമുണ്ടായിരുന്നെങ്കിൽ നന്നാവുമായിരുന്നുവെന്നും അൻഷിതും നയനയും വീഡിയോയിൽ പറയുന്നുണ്ട്. കൂടാതെ അൻഷിതയ്ക്ക് നയന നൃത്തം പഠിപ്പിച്ച് കൊടുക്കുന്നതും വീഡിയോയിൽ കാണാം. ഏറെ നേരം നയനയ്ക്കും കുടുംബത്തിനുമൊപ്പം ചിലവഴിച്ച ശേഷമാണ് അൻഷിത മടങ്ങിയത്.
Recommended Video

യാത്ര വീഡിയോകൾ, വ്ലോഗുകൾ, പാചക പരീക്ഷണം എന്നിവയെല്ലാം ഉൾക്കൊള്ളിച്ചുള്ള വീഡിയോകളാണ് അൻഷിത പലപ്പോഴും തന്റെ യുട്യൂബ് ചാനലിൽ പങ്കുവെക്കുന്നത്. നയനയ്ക്കൊപ്പമുള്ള വീഡിയോ അൻഷിത പങ്കുവെച്ചതോടെ എന്നാണ് ഋഷിയെ ഉൾപ്പെടുത്തിയുള്ള വീഡിയോ പങ്കുവെക്കുക എന്നാണ് ആരാധകർ കമന്റ് വഴി അൻഷിതയോട് ചോദിക്കുന്നത്. കൂടെവിടെയിലെ ഋഷി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സീത സീരിയലിലൂടെ ശ്രദ്ധേയനായ ബിപിൻ ജോസാണ്. റീൽസ് വീഡിയോകൾ ബിപിനൊപ്പം ചെയ്ത് അൻഷിത പങ്കുവെക്കാറുണ്ടെങ്കിലും യുട്യൂബ് വീഡിയോകളിൽ ഇതുവരെ വന്നിട്ടില്ല. ഈ വർഷം ജനുവരിയിലാണ് കൂടെവിടെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്തത്. തുടക്കത്തിൽ നടൻ കൃഷ്ണകുമാറും സീരിയലിന്റെ ഭാഗമായിരുന്നു. പിന്നീട് പലവിധ കാരണങ്ങളാൽ താരം സീരിയലിൽ നിന്നും പിന്മാറി. ഋഷിയുടെ പിതാവായ ആദി എന്ന കഥാപാത്രത്തെയാണ് കൃഷ്ണകുമാർ അവതരിപ്പിച്ചിരുന്നത്. ബിപിൻ ജോസിനും അൻഷിതയ്ക്കും പുറമെ ശ്രീധന്യ, മാൻവി, ചിലങ്ക തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഞ്ഞൂറ് എപ്പിസോഡുകളോട് അടുക്കാൻ പോവുകയാണ് കൂടെവിടെ സീരിയൽ.


Click it and Unblock the Notifications