കുടുംബം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന കെകെ, എല്ലാവരും ആഗ്രഹിക്കും ഇങ്ങനൊരു അച്ഛനേയും ഭർത്താവിനേയും!
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലുമെല്ലാം നിറഞ്ഞ് നിൽക്കുന്നത് നടൻ കൃഷ്ണകുമാറും കുടുംബവുമാണ്. താരത്തിന്റെ രണ്ടാമത്തെ മകളുടെ സ്ഥാപനത്തിലാണ് എഴുപത് ലക്ഷത്തിന് അടുത്ത് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നത്. വിശ്വസ്ഥരെന്ന് കരുതി ദിയ ഷോപ്പിൽ ജീവനക്കാരായി നിയമിച്ചിരുന്ന മൂന്ന് പെൺകുട്ടികളാണ് പണവും സ്റ്റോക്കും അപഹരിച്ചത്. താൻ പറ്റിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞപ്പോൾ ദിയ ആദ്യം ഓടി ചെന്നത് അച്ഛൻ കൃഷ്ണകുമാറിന്റെ അരികിലേക്കാണ്.
പിന്നീട് അങ്ങോട്ട് മകൾക്ക് വേണ്ടി മുന്നിൽ നിന്ന് പോരാടിയത് കൃഷ്ണകുമാറായിരുന്നു. തുടക്കത്തിൽ ദിയയും കൃഷ്ണകുമാറുമാണ് വിഷയത്തിൽ പ്രതികൾ എന്ന രീതിയിലായിരുന്നു പോലീസ് പോലും പെരുമാറിയത്. പൂർണ്ണ ഗർഭിണിയായ ദിയ അറസ്റ്റ് ചെയ്യപ്പെടുന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു. പക്ഷെ കൃഷ്ണകുമാറിന്റെ സമയോചിതമായ ഇടപെടൽ സത്യം എന്താണെന്ന് എല്ലാവരേയും അറിയിക്കാൻ ദിയയെ സഹായിച്ചു.

നമ്മുടെ വാക്കിലും പ്രവൃത്തിയിലും സത്യമുണ്ടെങ്കിൽ എല്ലാം നല്ലതായി തന്നെ പര്യവസാനിക്കും എന്നതിൽ വിശ്വസിച്ച് മുന്നോട്ട് പോകുന്നയാളാണ് കൃഷ്ണകുമാർ. വ്യക്തി ജീവിതത്തിൽ ഈ വിശ്വാസം കൃഷ്ണകുമാറിന് ഗുണമെ ചെയ്തിട്ടുള്ളു. സാമ്പത്തിക തട്ടിപ്പ് കേസും വിവാദങ്ങളും ചർച്ചയായശേഷം രാഷ്ട്രീയ മത ഭേദമന്യേയാണ് ജനങ്ങൾ കൃഷ്ണകുമാറിനേയും കുടുംബത്തേയും പിന്തുണച്ചത്.
അക്കൂട്ടകത്തിൽ ചർച്ചയായ ഒന്നായിരുന്ന ഭർത്താവ്, അച്ഛൻ, ഗൃഹനാഥൻ എന്ന റോളുകൾ കൃഷ്ണകുമാർ കൈകാര്യം ചെയ്യുന്ന രീതി. കുടുംബം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന ഗൃഹനാഥനായ കൃഷ്ണകുമാറിനെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജനങ്ങൾ കാണുന്നത്. ചിലപ്പോഴൊക്കെ ദൃശ്യത്തിലെ ജോർജ്കുട്ടിയെ ഓർമ വന്നുവെന്നാണ് ആളുകൾ കുറിച്ചത്.
നാല് പെൺകുട്ടികൾ പിറന്നശേഷം ആൺകുഞ്ഞ് ഇല്ലെന്നതിന്റെ പേരിൽ പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിട്ടുള്ളവരാണ് കൃഷ്ണകുമാറും സിന്ധുവും. എന്നാൽ ഇന്നേവരെ ആൺകുഞ്ഞ് പിറന്നില്ലല്ലോയെന്ന വിഷമം കൃഷ്ണകുമാറിന് ഉണ്ടായിട്ടില്ല. അഞ്ച് സ്ത്രീകളെ സംരക്ഷിച്ച് അവർക്കൊപ്പം സമാധാനത്തിലും സന്തോഷത്തിലും ജീവിക്കാൻ കഴിയുന്നതിനെ ഭാഗ്യമായി മാത്രമെ കൃഷ്ണകുമാർ കാണുന്നുള്ളു.
നാല് പെൺമക്കളേയും എല്ലാവിധ സ്വാതന്ത്ര്യവും സ്നേഹവും പിന്തുണയും നൽകിയാണ് കൃഷ്ണകുമാർ വളർത്തുന്നത്. എന്നാൽ ശാസിക്കേണ്ട സമയങ്ങളിൽ അതിനും മടികാണിക്കാറില്ല. പെൺമക്കളുടെ സമ്പത്തിക സഹായം കൂടി തന്റെ കുടുംബകാര്യങ്ങൾ മുന്നോട്ട് പോകാൻ ലഭിക്കുന്നുണ്ടെന്ന് അഭിമാനത്തോടെ പറയുന്ന അച്ഛൻ കൂടിയാണ് കൃഷ്ണകുമാർ. ഇന്ന് അമ്പത്തിയാറാം പിറന്നാൾ ആഘോഷിക്കുന്ന കൃഷ്ണകുമാറിനെ സ്നേഹം കൊണ്ട് പൊതിയുകയാണ് മക്കളും ഭാര്യയും.

പിറന്നാൾ ആശംസകൾ അച്ഛാ... ഞാൻ കമന്റ് ചെയ്യുകയോ വലിയ അടിക്കുറിപ്പുകൾ എഴുതുകയോ ചെയ്യുന്നതിന് പകരം എന്റെ പ്രിയപ്പെട്ട ഫോളോവേഴ്സിന് ആ കർത്തവ്യം ഞാൻ വിട്ടുകൊടുക്കുന്നു. എന്റെ അച്ഛനെക്കുറിച്ച് നിങ്ങൾ എന്താണ് ചിന്തിക്കുന്നത്? താഴെ കമന്റ് ചെയ്യുക! അദ്ദേഹത്തെക്കുറിച്ച് കുറച്ച് സംസാരിക്കാൻ ഇപ്പോഴാണ് ശരിയായ സമയമാണെന്ന് തോന്നുന്നു എന്നായിരുന്നു ദിയ അച്ഛന് പിറന്നാൾ ആശംസിച്ച് കുറിച്ചത്.
നിരവധി പേരാണ് ദിയയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. അക്ഷരം തെറ്റാതെ വിളിക്കാം അച്ഛൻ. അച്ഛന്റെ സ്നേഹം എന്താണ് എങ്ങിനെയാണ് എന്നുപോലും അറിയാത്ത ആളാണ് ഞാൻ. അതുകൊണ്ട് തന്നെ ഈ കാണുന്നത് എന്നെ സംബന്ധിച്ച് ദിയക്ക് കിട്ടിയ ഏറ്റവും വലിയ ലക്ഷ്വറിയാണ് എന്നായിരുന്നു ഒരു കമന്റ്. ഏതൊരു മകളും ആഗ്രഹിക്കുന്ന അച്ഛൻ. എന്നും നീ ആ അച്ഛന്റെ രാജകുമാരി ആയിരിക്കും. ഏതൊരു പ്രതിസന്ധിഘട്ടം വന്നാലും ആ അച്ഛൻ നിന്നെ സംരക്ഷിക്കും.
തന്റെ മക്കൾക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന ഒരു അച്ഛൻ. അവിടെ സെലിബ്രിറ്റി സ്റ്റാറ്റസോ രാഷ്ട്രീയ ഭാവിയോ നോക്കാത്ത മനുഷ്യൻ. അച്ഛൻ എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം കൃഷ്ണകുമാർ കാണിച്ച് തന്നു. കുട്ടികൾക്ക് അച്ഛൻ എങ്ങനെയായിരിക്കണം എന്നതിന് ഇദ്ദേഹമാണ് ഏറ്റവും മികച്ച മാതൃക എന്നിങ്ങനെ എല്ലമായിരുന്നു കമന്റുകൾ.
ദിയ മാത്രമല്ല മറ്റ് മക്കളായ അഹാന, ഇഷാനി, ഹൻസികയെല്ലാം അച്ഛനോടുള്ള സ്നേഹവും ആശംസയും അറിയിച്ച് കുറിപ്പുകൾ പങ്കുവെച്ചിട്ടുണ്ട്. നമ്മുടെ കുടുംബത്തിലെ ഹീറോ കിച്ചുവാണ്. എല്ലാ കുട്ടികളും ആഗ്രഹിക്കുന്ന തരത്തിലുള്ള അച്ഛനാണെന്ന് നിങ്ങൾ തെളിയിച്ചു എന്നാണ് ഭാര്യ സിന്ധു കുറിച്ചത്.


Click it and Unblock the Notifications