പരിചയപ്പെടുന്ന സമയത്തേ വീട്ടിൽ വന്നവരാണ്, അഹാനയോട് ഇതെങ്ങാനും സംസാരിച്ചാൽ പ്രശ്നമാണെന്ന് കൃഷ്ണകുമാർ
സോഷ്യൽ മീഡിയയിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ചയാകുന്ന താരകുടുംബമാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റേത്. മുത്തശ്ശനായതിന്റെ സന്തോഷത്തിലാണ് കൃഷ്ണകുമാർ. അടുത്തിടെയാണ് കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ ആൺകുഞ്ഞിന് ജന്മം നൽകിയത്. ദിയയുടെ ഡെലിവറി വ്ലോഗ് വലിയ ചർച്ചയായി. പ്രസവ സമയത്ത് ലേബർ റൂമിൽ ദിയക്ക് വീട്ടുകാരുടെ സാമീപ്യം ലഭിച്ചത് നിരവധി പേർ ചൂണ്ടിക്കാട്ടി. പേടിയോടെ ലേബർ റൂമിൽ നഴ്സുമാരുടെ വഴക്ക് കേട്ട് കിടക്കേണ്ടി വന്നതിനെക്കുറിച്ച് പല സ്ത്രീകളും അന്ന് കമന്റ് ചെയ്തു.
ദിയയുടെ ഡെലവറി വ്ലോഗിനെക്കുറിച്ച് പുതിയ അഭിമുഖത്തിൽ കൃഷ്ണകുമാർ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. മക്കളാണ് വ്ലോഗെടുക്കാൻ തീരുമാനിച്ചതെന്ന് ഇദ്ദേഹം പറയുന്നു. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പരാമർശം. എനിക്ക് ഈ ചർച്ചയിൽ പങ്കില്ലായിരുന്നു. ഞാൻ എപ്പോഴും അവരുടെ കൂടെ നിൽക്കുന്ന ആളാണ്. എനിക്കും സന്തോഷമായിരുന്നു. ഇവർ വീഡിയോ എടുക്കുന്നത് ഞാൻ ഇപ്പുറത്ത് നിന്ന് എടുത്തു. അവരുടെ റിയാക്ഷൻ കാണിച്ച് കൊടുത്തു. കലാരംഗത്ത് വരുന്നവർ മറ്റുള്ളവരെ പോലെ ചിന്തിക്കുന്നവർ ആയിരിക്കണമെന്നില്ല. ഇമോഷണലും വളരെ സെൻസിറ്റീവുമായിരിക്കും.

എന്നാൽ മറ്റൊരാൾക്ക് അപകടം തോന്നുന്നത് നമുക്ക് അപകടമായി തോന്നില്ല. സമൂഹത്തിലെ മാറ്റത്തിന് ഈ വ്ലോഗ് കാരണമായേക്കാമെന്നും കൃഷ്ണകുമാർ പറയുന്നു. കിംസ് എന്ന ആശുപത്രിയിലാണ് മകൾ പ്രസവിച്ചത്. ഇതിനൊരു സാധ്യതയുണ്ടെന്ന് പല ആശുപത്രിക്കാരും ചിന്തിച്ച് തുടങ്ങി. പുതിയൊരു വ്യവസായത്തിന് അത് ഗുണം ചെയ്യാം. കുറേ പേർക്ക് വളരെ സുഖകരമായി പ്രസവിക്കാം. ആ വ്ലോഗ് എവിടെയെങ്കിലും നല്ല മാറ്റങ്ങൾ ഉണ്ടാക്കും. ഒരു കാരണവശാലും ഇത് കണ്ട് മോശപ്പെടാൻ പോകുന്നില്ല. അതുറപ്പാണെന്നും കൃഷ്ണകുമാർ പറഞ്ഞു.
ദിയയുടെയും അശ്വിന്റെയും വിവാഹം നടത്തിയതിനെക്കുറിച്ചും കൃഷ്ണകുമാർ സംസാരിച്ചു. ഇവരെല്ലാം പരിചയപ്പെടുന്ന സമയത്തേ വീട്ടിൽ വന്നതാണ്. ഏത് മക്കൾ വീട്ടിൽ വന്നാലും ആൺ പെൺ വ്യത്യാസമില്ല. ഞാൻ സംസാരിക്കുന്നത് ഇവരെല്ലാം കേൾക്കുന്നതാണ്. ഞങ്ങൾ എങ്ങനെ ചിന്തിക്കുന്നു എന്ന് അവർക്ക് വ്യക്തമാണ്. അഹാനയൊക്കെ സംസാരിക്കുമ്പോൾ സ്ത്രീധനം പോലുള്ള വിഷയം വന്നാൽ കൊന്ന് കളയും.

ഇത്തരം വിഷയങ്ങളിൽ വ്യക്തമായ അഭിപ്രായമുള്ളവരാണ് തന്റെ ഭാര്യയും നാല് പെൺമക്കളുമെന്നും കൃഷ്ണകുമാർ പറയുന്നു. പണ്ട് കാലത്തേത് പോലയല്ല. ഇന്ന് ഭാര്യയും ഭർത്താവും ജോലിക്ക് പോയി ശമ്പളം കൊണ്ട് വരുന്നു. ആണിന് പെണ്ണ് സപ്പോർട്ട് ചെയ്യുന്നു, പെണ്ണിനെ ആണും സപ്പോർട്ട് ചെയ്യുന്നു. അതല്ലേ കുടുംബമെന്നും കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി.
തന്റെ മക്കളുടെയും ഭാര്യയുടെയും പേരിൽ ഇന്നറിയപ്പെടുന്നതിൽ സന്തോഷമുണ്ടെന്ന് കൃഷ്ണകുമാർ പറയുന്നു. സിന്ധുവിന്റെ ഭർത്താവല്ലേ എന്ന് വരെ ചോദിച്ച് തുടങ്ങി. എനിക്കതിൽ തീർത്തും അഭിമാനമുണ്ട്. ഈ പുതിയ തലമുറയുമായി എനിക്ക് കണക്ട് ചെയ്യാൻ വഴിയില്ല. കാരണം സിനിമ വലുതായിട്ട് ഇല്ല. എന്നാൽ ഇന്ന് കൊച്ചുകുട്ടികൾ പോലും ഹൻസിക ചേച്ചിയുടെ അച്ഛനല്ലേ എന്ന് പറയുന്നു. എനിക്കൊരു അഡ്രസ് കിട്ടുന്നു. അതിൽ സന്തോഷമുണ്ടെന്നും കൃഷ്ണകുമാർ വ്യക്തമാക്കി. കേരളത്തിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിക്കുന്ന ഇൻഫ്ലുവൻസേർസ് ആണ് ഇന്ന് കൃഷ്ണകുമാറിന്റെ നാല് മക്കളും. നാല് പേർക്കും വലിയ ജനപിന്തുണയുണ്ട്. കൃഷ്ണകുമാറും ഇടയ്ക്ക് വീഡിയോകൾ പങ്കുവെക്കാറുണ്ട്.


Click it and Unblock the Notifications