എന്റെ മൂത്ത മകൾ കല്യാണം കഴിക്കുന്നത് മറ്റൊരു മതത്തിലുള്ളയാളെ; അവൾ എന്നെ തിരുത്താറുണ്ട്: കൃഷ്ണ കുമാർ
ദിയ കൃഷ്ണയും ദിയയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരും ഉന്നയിച്ച പരാതികളായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളിലെ ചർച്ച. ജീവനക്കാരികൾ ദിയക്കെതിരെ ഉന്നയിച്ച പരാതിയിൽ പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. അതേസമയം ദിയക്കും പിതാവ് കൃഷ്ണ കുമാറിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ജീവനക്കാരികൾ ഉന്നയിച്ചത്. ജാതി അധിക്ഷേപം നടത്തിയെന്നും തട്ടിക്കൊണ്ട് പോയെന്നുമാണ് ഇവരുടെ പരാതി. അന്വേഷണത്തിൽ തങ്ങൾക്കനുകൂലമായ തെളിവുകൾ പൊലീസിന് ലഭിച്ചിരിക്കെ കൃഷ്ണ കുമാർ പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ചർച്ചയാകുന്നത്.മെയിൻസ്ട്രീം വണ്ണുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കൃഷ്ണ കുമാർ.
ഞങ്ങളോട് ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരുമുണ്ട്. പക്ഷെ ഈ കാര്യത്തിൽ ജാതി ആരോപണം വന്നപ്പോൾ ജനം ഇത്രയും പക്വതയോടെ കമന്റിടുമെന്ന് ഞാൻ വിചാരിച്ചില്ല. ഈ സംഭവം പോലും ഒരു ബെഞ്ച് മാർക്ക് ആകാൻ സാധ്യതയുണ്ട്. പിടിക്കപ്പെട്ട് കഴിഞ്ഞാൽ എളുപ്പം എടുത്തിടാവുന്ന രണ്ട് കാര്യങ്ങളാണ് സ്ത്രീ വിഷയവും ജാതി കാർഡും. ഈ കുട്ടികളിൽ രണ്ട് പേർ മത്സ്യതൊഴിലാളി കുടുംബത്തിൽ നിന്നുള്ളവരാണ്. ഒരു കുട്ടി കല്യാണം കഴിച്ച് ഇവിടെ വന്നതാണ്.

ഞാൻ ഇലക്ഷന് നിന്ന തിരുവനന്തപുരം സെൻട്രലിലെ ഒരു മേഖലയാണിത്. ഇവരെല്ലാം ക്രിസ്ത്യൻ വിശ്വാസികളാണെന്നും എനിക്കറിയാം. ഇലക്ഷനിൽ തോറ്റെങ്കിലും ആ മണ്ഡലത്തിൽ വർക്ക് ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അവിടത്തെ ആൾക്കാരുമായി നല്ല ബന്ധമാണ്. ആ സമുദായത്തിൽ നിന്ന് ജോലിക്കെടുക്കുമ്പോൾ ആ കുട്ടികളുടെ മതവും ജാതിയും എനിക്കും എന്റെ മക്കൾക്കും നല്ലത് പോലെ അറിയാം. ഇങ്ങനെ ജാതി ബുദ്ധിമുട്ടുള്ളവരാണെങ്കിൽ അത് നോക്കിയെടുത്താൽ പോരെ.
ഞാൻ പല രീതിയിലും സംസാരിക്കുമ്പോൾ അച്ഛൻ പറയുന്ന രീതി ശരിയല്ലെന്ന് അഹാന എന്നോട് പറയും. അന്നേരം ദേഷ്യം വരുമെങ്കിലും കുറച്ച് കഴിഞ്ഞ് ആലോചിക്കുമ്പോൾ ശരിയാണല്ലോ പിള്ളേർ പറഞ്ഞതെന്ന് തോന്നും. പുതിയ തലമുറ വളരെ നല്ലവരാണ്. കാര്യങ്ങൾ ഗ്രഹിക്കുന്ന രീതി വേറെയാണെന്നും കൃഷ്ണ കുമാർ പറഞ്ഞു.

ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്ത്രീകൾക്ക് തൊഴിൽ നൽകാൻ ആളുകൾ മടിക്കുന്നതിന് കാരണമാകുമെന്നും കൃഷ്ണ കുമാർ പറയുന്നു. എന്റെ മകൾ ഒരു സ്ത്രീയായത് കൊണ്ട് ഇത്രയും അനുഭവിക്കുന്നു. ഞാനായിരുന്നെങ്കിൽ കഥ എന്തായേനെ. ഇത്രയും കാലമായി പീഡിപ്പിക്കുന്നു എന്ന് പറഞ്ഞേനെ. ജാതിയും മതവും നോക്കി ആൾക്കാർ ജോലിക്കെടുത്ത് തുടങ്ങും. ആർക്കെതിരെ വെച്ചാൽ കേസ് വരില്ലെന്ന് നോക്കി വെക്കേണ്ടി വരും. സ്വന്തം സമുദായത്തിന് തന്നെ വിനയാകുന്ന വാക്കുകളും പ്രവൃത്തികളുമാണ് അവർ ചെയ്തതെന്നും കൃഷ്ണ കുമാർ തുറന്നടിച്ചു.
ഞാനും എന്റെ ഭാര്യയും രണ്ട് ജാതിയാണ്. എന്റെ മകൾ കല്യാണം കഴിച്ചത് വേറൊരു ജാതിയിൽ നിന്നാണ്. എന്റെ മൂത്ത മകൾ കല്യാണം കഴിക്കുന്നത് വേറെ മതത്തിൽ നിന്നാണെന്ന് കേൾക്കുന്നു. എന്നെ ഒരിടത്തും ബാധിക്കാത്ത കാര്യങ്ങളാണിതെന്നും കൃഷ്ണ കുമാർ പറഞ്ഞു.
ജീവനക്കാരികൾ പണം അടിച്ച് മാറ്റിയതിൽ പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. കേസിൽ ജീവനക്കാരികൾ പറയുന്ന വാദം തെറ്റാണെന്ന നിഗമനത്തിലാണ് പൊലീസ്. 69 ലക്ഷം രൂപയാണ് ദിയക്ക് നഷ്ടമായത്. ക്യു ആർ കോഡ് മാറ്റിയും പ്രൊഡക്ടുകൾ മറിച്ച് വിറ്റുമായിരുന്നു തട്ടിപ്പ്.


Click it and Unblock the Notifications