'ഓസി ഒരു സംഭവം'; അച്ഛന്റെ തനിപ്പകർപ്പ്, പ്രശ്നക്കാരിയല്ലാത്ത മകൾ, 27 വയസിൽ ലക്ഷങ്ങൾ വരുമാനമുള്ള സംരംഭക!
നാല് പെൺമക്കൾ പിറന്നതിൽ വിഷമമില്ലേ എന്ന ചോദ്യം ഒരു സമയത്ത് നിരന്തരമായി നടൻ കൃഷ്ണകുമാറിനും ഭാര്യ സിന്ധുവിനും കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ നാല് പെൺമക്കൾ പിറന്നതിൽ അതിയായി സന്തോഷിക്കുന്ന ദമ്പതികളാണ് ഇരുവരും. അതുകൊണ്ട് കൂടിയാണ് വീടിന് സ്ത്രീ എന്ന് തന്നെ പേര് നൽകിയതും. അച്ഛനേക്കാൾ പ്രശസ്തരും ചെറിയ പ്രായത്തിൽ തന്നെ കരിയർ കെട്ടിപ്പടുത്തവരുമാണ് മക്കളായ അഹാന കൃഷ്ണയും ദിയ കൃഷ്ണയും ഇഷാനി കൃഷ്ണയും ഹൻസിക കൃഷ്ണയും.
വലിയ ഇടവേളകൾ ഇല്ലാതെയാണ് സിന്ധു നാല് പെൺമക്കൾക്കും ജന്മം നൽകിയത്. അതിൽ എപ്പോഴും സോഷ്യൽമീഡിയയിൽ നിറഞ്ഞ് നിൽക്കുന്നതും ഏറെ ആരാധകരുമുള്ളത് ദിയ കൃഷ്ണയ്ക്കാണ്. താരപുത്രി എന്ത് ചെയ്താലും അതെല്ലാം വളരെ വേഗത്തിൽ വൈറലാകും. കൃഷ്ണകുമാറിന്റെ കാർബൺ കോപ്പി എന്നാണ് ദിയ, കൃഷ്ണ സിസ്റ്റേഴ്സിന്റെ ആരാധകർക്കിടയിൽ അറിയപ്പെടുന്നത്.

ഇന്ന് ദിയയുടെ ഇരുപത്തിയേഴാം പിറന്നാളാണ്. തങ്ങളുടെ പ്രിയപ്പെട്ട ഓസിക്ക് കൃഷ്ണകുമാറും സിന്ധുവും സഹോദരിമാരായ അഹാനയും ഇഷാനിയും ഹൻസികയുമെല്ലാം പിറന്നാൾ ആശംസിച്ച് എത്തിയിരുന്നു. മകൾ ദിയ ഒരു സംഭവമാണെന്ന് എഴുതികൊണ്ടാണ് കൃഷ്ണകുമാറിന്റെ പിറന്നാൾ ആശംസ ആരംഭിക്കുന്നത്. ഓസി ഒരു സംഭവമാണ്.
എന്നെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മകൾ. 26 വർഷം വളരെ അധികം സന്തോഷം തന്ന ഒരു വ്യക്തി. ഓസിക്ക് ഇന്ന് 27 വയസ്... പിറന്നാൾ ദിനത്തിൽ ഓസിക്ക് സർവ ഐശ്വര്യങ്ങളും നേരുന്നു... എന്നാണ് കൃഷ്ണകുമാർ കുറിച്ചത്. ഒപ്പം ദിയ കൈക്കുഞ്ഞായിരുന്നപ്പോൾ മുതൽ പകർത്തിയ ചിത്രങ്ങളും കൃഷ്ണകുമാർ പങ്കുവെച്ചു. തനിക്ക് ഒരു തരത്തിലും പ്രശ്നങ്ങൾ തരാത്ത മകളായിരുന്നു ദിയ എന്നാണ് സിന്ധു കുറിച്ചത്.
ഓസി... പിറന്നാൾ ആശംസകൾ. നിന്റെ ആദ്യ പിറന്നാൾ ആഘോഷം ഇപ്പോഴും എന്റെ മനസിൽ പുതുമയോടെ നിൽക്കുന്നു. നമ്മൾ നാലുപേരും മാത്രം. നീ എപ്പോഴും എനിക്ക് പ്രശ്നക്കാരിയല്ലാത്ത കുട്ടിയായിരുന്നു. നിന്നെ പരിപാലിക്കാൻ എനിക്ക് ഒരു ശ്രമവും നടത്തേണ്ടി വന്നിട്ടില്ല. നീ വളരെ അധികം അഡ്ജസ്റ്റ് ചെയ്യാവുന്നവളായിരുന്നു. എപ്പോഴും ഒരു നല്ല സഹോദരിയും ഇളയവരെ പരിപാലിക്കുന്നവളുമായിരുന്നു.
സമയം വളരെ വേഗത്തിൽ കടന്നുപോയതുപോലെ. താമസിയാതെ നിനക്കും ഒരു കുഞ്ഞ് ജനിക്കും. ഈ പിറന്നാളിന് എന്റെ കൂടെ നീ ഇല്ലാത്തതിനാൽ ഞാൻ നിന്നെ മിസ് ചെയ്യുന്നു എന്നാണ് സിന്ധു കുറിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ദിയയുടെ വിവാഹം. ഇപ്പോൾ ആറ് മാസം ഗർഭിണിയാണ് താരം. ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് താരപുത്രി.

അടുത്ത വർഷം മുതൽ പുതിയൊരാൾ കൂടി ദിയയ്ക്ക് പിറന്നാൾ ആഘോഷിക്കാനായി ഒപ്പമുണ്ടാകും. കോളേജ് പഠനം പൂർത്തിയാക്കിയ ദിയ പിന്നീട് ബിസിനസിലേക്ക് തിരിയുകയാണ് ചെയ്തത്. ഫാൻസി ആഭരണങ്ങൾ വിറ്റഴിക്കപ്പെടുന്ന ഓൺലൈൻ സ്റ്റോറായ ഓ ബൈ ഓസി ദിയയുടേതാണ്. ലക്ഷങ്ങളാണ് ബിസിനസിലൂടെ ദിയ സമ്പാദിക്കുന്നത്.
കൂടാതെ പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യുട്യൂബ് ചാനലും ദിയയ്ക്കുണ്ട്. രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമാണ് ദിയയും അശ്വിനും വിവാഹിതരായത്. സാമൂഹിക വിഷയങ്ങളിൽ അടക്കം പ്രതികരിച്ചതിന്റെ പേരിലും നിലപാടുകളുടെ പേരിലും പലപ്പോഴും വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ കൂടിയാണ് ദിയ കൃഷ്ണ.


Click it and Unblock the Notifications