'ഒരു രൂപയുടെ കണക്ക് പോലും തെറ്റില്ല', ലക്ഷങ്ങൾ വന്ന് ചേരുന്ന വീട്ടിലെ സാമ്പത്തിക മാനേജ്മെന്റിങ്ങനെ
സോഷ്യൽ മീഡിയ വഴി ജീവിതം മാറി മറിഞ്ഞവരാണ് കൃഷ്ണകുമാർ കുടുംബം. സിനിമയിൽ നിന്നും ലഭിക്കാത്ത പേരും പ്രശസ്തിയും സോഷ്യൽ മീഡിയ ഇവർക്ക് നേടിക്കൊടുത്തു. അഹാന കൃഷ്ണയാണ് ആദ്യം സോഷ്യൽ മീഡിയയുടെ സാധ്യതകൾ മനസിലാക്കുന്നത്. പിന്നാലെ സഹോദരിമാരും മാതാപിതാക്കളുമെത്തി. യൂട്യൂബ് ചാനലിൽ ലക്ഷക്കണക്കിന് പേരാണ് ഇവരുടെ വ്ലോഗുകൾ കാണുന്നത്. ഇതുവഴിയുള്ള വരുമാനത്തിന് പുറമെ കൊളാബറേഷനുകളും സ്വന്തമായി ബിസിനസുമുണ്ട്. വലിയ വരുമാനം ഇവർക്കുണ്ടെന്ന് വ്യക്തമാണ്.
ഇപ്പോഴിതാ സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനെക്കുറിച്ച് കൃഷ്ണകുമാർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിന്ധു കൃഷ്ണയാണ് വീട്ടിലെ സാമ്പത്തിക കാര്യങ്ങൾ കെെകാര്യം ചെയ്യാറെന്ന് കൃഷ്ണകുമാർ പറയുന്നു. സമയം മലയാളത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. മക്കളുടെ മേൽ പൂർണമായ കൺട്രോൾ അവൾക്കുണ്ട്.

ഒരു ദിവസം ഒരു രൂപയുടെ പോലും കണക്ക് തെറ്റാതെ സിന്ധു അത് മാനേജ് ചെയ്യും. മക്കളുടെ പ്രായമനുസരിച്ച് ജിഎസ്ടി രജിസ്റ്റേർഡ് ആണ്. എല്ലാ പക്ക സ്ട്രക്ചറിനകത്ത് കൂടെ പോകുന്നത് കൊണ്ട് പെർഫെക്ട് ആണ്. മണി മാറ്ററിൽ അവർക്കൊരു ആശങ്കയും വേണ്ട എല്ലാം ക്ലിയർ ആണെന്നാണ് കൃഷ്ണകുമാർ പറഞ്ഞത്.ഈയടുത്താണ് ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ ജീവനക്കാർ നടത്തിയ തട്ടിപ്പ് വാർത്തയായത്.
66 ലക്ഷം രൂപയാണ് ഇവർ തട്ടിയതെന്ന് ക്രെെം ബ്രാഞ്ച് പറയുന്നു. സ്ഥാപനത്തിൽ ജോലി ചെയ്ത മൂന്ന് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. 66 ലക്ഷം രൂപയുടെ തട്ടിപ്പ് എന്ന് കേട്ടപ്പോൾ പലരും ചിന്തിച്ചത് ദിയക്ക് ബിസിനസിലൂടെ ഇത്രയും ലാഭമോ എന്നാണ്. സ്വർണമല്ലാത്ത ആഭരണങ്ങളും വസ്ത്രങ്ങളുമാണ് ദിയയുടെ ഓ ബെെ ഓസി എന്ന ദിയയുടെ സ്ഥാപനത്തിൽ വിൽക്കുന്നത്. സോഷ്യൽ മീഡിയ വഴി വലിയ പ്രചാരം ഈ ബിസിനസ് സംരഭത്തിന് ലഭിച്ചു. ദിയയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ഇത്രയും വലിയ തട്ടിപ്പിന് ഇടവരുത്തിയതെന്ന് കൃഷ്ണകുമാർ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ കൃഷ്ണകുമാറും സിന്ധുവും ദിയയുടെ ബിസിനസിൽ മേൽനോട്ടം വഹിക്കുന്നുണ്ട്.
മറുവശത്ത് അഹാനയും ഇഷാനിയും ഹൻസികയും സിന്ധുവും ബിസിനസ് രംഗത്തേക്ക് കടന്ന് വന്നിട്ടുണ്ട്. സിയ എന്ന ക്ലോത്തിംഗ് ബ്രാൻഡിനാണ് തുടക്കമിട്ടത്. ലിമിറ്റഡ് കലക്ഷനായി സാരികൾ ഓൺലെെനിലൂടെ വിൽക്കുകയാണിവർ. പല നാടുകളിലും യാത്ര ചെയ്യുമ്പോൾ അവിടെ നിന്നും തെരഞ്ഞെടുക്കുന്ന സാരികളാണ് ഇവർ വിൽപ്പനയ്ക്കെത്തിക്കുന്നത്. ഇതിനിടെ അഹാനയും സഹോദരിമാരും ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷനും തുടങ്ങി. പക്ഷെ ഈ നീക്കം വിജയിച്ചില്ല. തുടക്കത്തിൽ കുറേ സബ്സ്ക്രിപ്ഷനുണ്ടായെങ്കിലും പിന്നീട് കുത്തനെ ഇടിഞ്ഞു.
പണം കൊടുത്ത് ഇവർ പോസ്റ്റ് ചെയ്യുന്ന എക്സ്ക്ലൂസീവ് സ്റ്റോറികൾ കാണാൻ പലരും തയ്യാറാകുന്നില്ല. ഇഷാനി കൃഷ്ണ നായികയായി സിനിമാ രംഗത്ത് തുടക്കം കുറിക്കുകയാണ്. ആശകൾ ആയിരം എന്നാണ് സിനിമയുടെ പേര്. ജയറാം, കാളിദാസ് ജയറാം, ആശ ശരത്ത് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 22 വർഷത്തിന് ശേഷം ജയറാമും കാളിദാസും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. സിനിമാ രംഗത്ത് ഇഷാനി ശോഭിക്കുമെന്നാണ് ഇഷാനിയുടെ കുടുംബം കരുതുന്നത്.


Click it and Unblock the Notifications











