ഞങ്ങള്‍ ഒരുമിച്ചുള്ളപ്പോഴാണ് അടിച്ച് പിരിഞ്ഞെന്ന് പറഞ്ഞത്! കളിക്കുമ്പോള്‍ സൂക്ഷിക്കണം; ക്രിസ്സും ദിവ്യയും
കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട താരവിവാഹമാണ് ടെലിവിഷന്‍ താരങ്ങളായ ക്രിസ് വേണുഗോപാലിന്റെയും ദിവ്യ ശ്രീധറിന്റെയും. ഇരുവരും നേരത്തെ വിവാഹിതരായെങ്കിലും ആദ്യ ബന്ധം വേര്‍പിരിഞ്ഞ് നില്‍ക്കുകയായിരുന്നു. ഇരുവരുടേതും രണ്ടാം വിവാഹമാണെങ്കിലും പ്രായവും രൂപവുമൊക്കെ ചേരുന്നില്ലെന്ന് പറഞ്ഞ് താരദമ്പതിമാര്‍ പരിഹാസങ്ങള്‍ക്ക് ഇരയായി.
വിവാഹത്തോട് അനുബന്ധിച്ചുള്ള അഭിമുഖങ്ങളിലൂടെ തങ്ങളുടെ കഴിഞ്ഞ ജീവിതത്തെ കുറിച്ചും ഇപ്പോള്‍ വിവാഹം കഴിക്കാനുണ്ടായ കാരണത്തെ പറ്റിയുമൊക്കെ താരങ്ങള്‍ തുറന്ന് സംസാരിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരെ വ്യാജമായി വന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരിക്കാനുള്ള ഒരുക്കത്തിലാണെന്നാണ് ക്രിസ്സും ദിവ്യയും പറയുന്നത്.

പത്തരമാറ്റ് എന്ന സീരിയലില്‍ അഭിനയിച്ചിരുന്ന താരങ്ങള്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോട് കൂടിയാണ് വിവാഹിതരാവുന്നത്. വിവാഹത്തിന് ശേഷമുള്ള ഫോട്ടോസ് പുറത്ത് വിട്ടതോടെയാണ് എല്ലാവരും ഈ വിശേഷം അറിയുന്നത്. എന്നാല്‍ സീരിയലില്‍ മുത്തച്ഛന്‍ വേഷം അവതരിപ്പിച്ചിരുന്നത് കൊണ്ടും ക്രിസിന്റെ നരച്ച താടി ലുക്കും വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ദിവ്യയെക്കാളും ഒത്തിരി പ്രായവ്യത്യാസം ഉണ്ടെന്നായിരുന്നു പ്രധാന ആരോപണം.
എന്നാല്‍ ഇതിനെല്ലാം വിശദീകരണം നല്‍കി താരങ്ങള്‍ രംഗത്ത് വന്നിരുന്നു. പിന്നാലെ ക്രിസും ദിവ്യും അടിച്ച് പിരിഞ്ഞെന്നും മാസങ്ങള്‍ക്കുള്ളില്‍ ഡിവോഴ്‌സിലേക്ക് താരങ്ങളെത്തിയെന്ന തരത്തിലുമായി കഥകള്‍. നിരന്തരം വാര്‍ത്തകള്‍ വന്നതോടെ കേട്ടതിലൊന്നും സത്യമില്ലെന്ന് ഇരുവരും സൂചിപ്പിച്ചു. എന്നാല്‍ വിടാതെ ശല്യക്കാര്‍ പിന്തുടരാന്‍ തുടങ്ങിയതോടെ അവര്‍ക്കൊരു പണികൊടുക്കാമെന്ന തീരുമാനത്തിലാണ് ദമ്പതിമാരിപ്പോള്‍.
കഴിഞ്ഞ ദിവസം മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴാണ് ഇക്കാര്യത്തില്‍ ദമ്പതിമാര്‍ വിശദീകരണം നല്‍കിയത്. 'ഞങ്ങളുടെ ജീവിതം എങ്ങനെ പോകുന്നു എന്ന് യൂട്യൂബ് ചാനലുകാര്‍ക്കാണ് അറിയുന്നത്. നാളെ ഞങ്ങള്‍ എന്ത് ചെയ്യണം എങ്ങനെ ജീവിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് അവരാണ്. അതെന്ത് ധൈര്യത്തിലാണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. ഒരു ചാനലുകാര്‍ തന്നെ തിരിച്ചും മറിച്ചും ഒരുപാട് കാര്യങ്ങള്‍ കൊടുക്കുന്നുണ്ട്. ശ്രദ്ധയില്‍പ്പെട്ട ചില ചാനലുകള്‍ക്കെതിരെ പരാതി കൊടുത്തിട്ടുണ്ട്. അതുമായി മുന്നോട്ടു തന്നെ പോകും.

ഞങ്ങള്‍ തമ്മില്‍ വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത കണ്ടപ്പോള്‍ ശരിക്കും ചിരിക്കുകയാണ് ചെയ്തത്. നല്ലൊരു തമാശയായിരുന്നു അത്. കാരണം രണ്ടാളും സന്തോഷത്തോടുകൂടി ഒരു യാത്രയില്‍ ഇരിക്കുമ്പോഴാണ് ഇങ്ങനെ ഒരു വാര്‍ത്ത കാണുന്നത്. ഞങ്ങള്‍ ഡിവോഴ്‌സ് ആയി അടിച്ചു പിരിഞ്ഞു എന്നൊക്കെ വാര്‍ത്ത വന്നു. ഞങ്ങള്‍ ഇതൊന്നും കണ്ടിരുന്നില്ല. മറ്റുള്ളവര്‍ വിളിച്ചിട്ട് അതിനെ കുറിച്ച് അഭിപ്രായം എന്താണെന്ന് ചോദിക്കുമ്പോഴാണ് അങ്ങനൊരു വാര്‍ത്ത വന്നത് അറിയുന്നത് തന്നെ.' എന്നാണ് ദിവ്യയും ക്രിസ്സും പറയുന്നത്.
'ലോ പഠിച്ച് പ്രാക്ടീസ് ചെയ്യുന്ന വക്കീലാണ് താനെന്നും എന്റെ അടുത്ത് കളിക്കുമ്പോള്‍ സൂക്ഷിക്കണമായിരുന്നു എന്നുമാണ് ക്രിസ് പറയുന്നത്. ഇനിയിപ്പോള്‍ കളിച്ച് കഴിഞ്ഞ സ്ഥിതിയ്ക്ക് എന്ത് ചെയ്യാനാകും. ഇവിടെ സംഭവിച്ചത് അപകീര്‍ത്തിപ്പെടുത്തലാണ്. അതിനെതിരെ ഒരു ആക്ട് തന്നെ ഉള്ളതാണ്. ഒരു വ്യക്തിയുടെ പേരില്‍ വെറുപ്പോ വിദ്വേഷമോ അവഞ്ജയോ ഉണ്ടാകത്തക്ക വിധം മറ്റൊരാള്‍ കരുതിക്കൂട്ടി ചെയ്യുന്നതും വാക്കുകള്‍ കൊണ്ടോ എഴുത്തിലൂടെയോ ചെയ്യുന്നതും കുറ്റകരമാണെന്നും,' വക്കില്‍ കൂടിയായ നടന്‍ പറയുന്നു.


Click it and Unblock the Notifications