'ആത്മാർഥമായി പ്രണയിച്ചിരുന്നു, അവസാനം അയാൾ ചതിച്ചു, എനിക്കിപ്പോൾ വാശിയാണ്'; അമൃത നായർ!
സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥ നാടകീയമായി പറയുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്രയുടെ ഭർത്താവായ സിദ്ധാർത്ഥ് വേദിക എന്ന സ്ത്രീയുമായി അടുക്കുന്നതും വേദികയെ ഉപേക്ഷിക്കുന്നതിലൂടെയുമാണ് പരമ്പര തുടങ്ങിയത്. സുമിത്രയെ ഉപേക്ഷിച്ച് വേദികയെ സ്വീകരിക്കുന്നതോടെ സിദ്ധാർത്ഥ് സാമ്പത്തികമായും മാനസികമായും തളരാൻ തുടങ്ങുന്നു. അതേസമയം സുമിത്ര വളർച്ചയുടെ പാതയിലാകുന്നു. സ്വന്തമായി ബിസിനസ് തുടങ്ങുന്ന സുമിത്ര അറിയപ്പെടുന്ന നിലയിലേക്ക് പെട്ടന്നുതന്നെ എത്തുന്നു.
ഭർത്താവിന്റെ മുൻഭാര്യയുടെ വളർച്ച അസൂയയാംവിധം വളരുന്നതുകണ്ട വേദിക സുമിത്രയെ തകർക്കാനായി ഇറങ്ങിത്തിരിക്കുന്നതും അതിന്റെ ബാക്കിപ്പത്രവുമാണ് ഇപ്പോൾ പരമ്പരയെ മുന്നോട്ട് നയിക്കുന്നത്. സുമിത്രയ്ക്കെതിരെ വേദിക പല പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുവെങ്കിലും എല്ലാം തകരുകയായിരുന്നു. സുമിത്രയുടെ വീടിന്റെ ആധാരം മോഷ്ടിച്ച് പണയം വെച്ച കേസിൽ വേദിക ജയിലിലേക്ക് പോകാനൊരുങ്ങുകയാണ്. സിദ്ധാർത്ഥ് തന്റെ ഒരു കളിക്കും കൂട്ട് നിൽക്കില്ലെന്ന് അറിയാവുന്ന വേദിക സിദ്ധാർത്ഥിനോട് സഹായം ചോദിക്കുന്നില്ല. വേദികയെ അറസ്റ്റ് ചെയ്യാനായി വീട്ടിലേക്ക് എത്തുന്ന പോലീസുകാരോട് സ്വന്തം ഭാര്യയാണ് തെറ്റ് ചെയ്തതെങ്കിലും നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടേയെന്നാണ് സിദ്ധാർത്ഥ് പറയുന്നത്.

സുമിത്രയുടെ പരാതിയിന്മേലാണ് വേദികയെ പോലീസ് കൊണ്ടുപോകുന്നത്. ഇപ്പോൾ ആധാരം തിരികെ എടുക്കാനുള്ള സുമിത്രയുടെ ശ്രമങ്ങളും മറ്റുമാണ് കുടുംബവിളക്ക് പറയുന്നത്. ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള ഏഷ്യാനെറ്റിലെ പരമ്പരയാണ് കുടുംബവിളക്ക് എന്നതിനാൽ തന്നെ സീരിയലിലെ താരങ്ങൾക്കെല്ലാം തന്നെ വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിലുള്ളത്. കുടുംബവിളക്ക് എന്ന ഒറ്റ സീരിയിലൂടെ പ്രേക്ഷകപ്രീതി സ്വന്തമാക്കിയ നടിയാണ് അമൃത നായർ. കുടുംബവിളക്കിൽ അഭിനയിച്ച് പ്രശസ്തി നേടിയതോടെ വെബ് സീരിസുകളും മോഡലിങും യുട്യൂബ് ചാനലുമെല്ലാമായി അമൃത നായർ തിരക്കിലാണ്. സുമിത്രയുടെയും സിദ്ധാർത്ഥിന്റെയും ഇളയ മകളായ ശീതൽ എന്ന കഥാപാത്രത്തെയാണ് കുടുംബ വിളക്കിൽ അമൃത അവതരിപ്പിച്ചിരുന്നത്.

എന്നാൽ പിന്നീട് വ്യക്തിപരമായ കാരണങ്ങളാൽ കുടുംബ വിളക്കിൽ നിന്നും താരം പിന്മാറി. ഇപ്പോൾ ഫ്ലവേഴ്സിലെ സ്റ്റാർ മാജിക്ക് എന്ന ഷോയിലെ സജീവ സാന്നിധ്യമാണ് അമൃത. പ്രണയ ദിനത്തോട് അനുബന്ധിച്ച് തനിക്കുണ്ടായിരുന്ന ഒരു പ്രണയത്തെ കുറിച്ച് അമൃത പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. 'എനിക്ക് ഒരു സീരിയസ് പ്രണയ ബന്ധം ഉണ്ടായിരുന്നു. ആറ് വർഷം മുമ്പ്. ഒന്നര വർഷത്തോളം ഞങ്ങൾ പ്രണയിച്ചു. എല്ലാം ഓകെയായിരുന്നു. വീട്ടുകാർക്ക് ഒന്നും ഞങ്ങളുടെ ബന്ധത്തിൽ എതിർപ്പ് ഉണ്ടായിരുന്നില്ല. പക്ഷെ അയാൾ എന്നെ ഭംഗിയായി തേച്ചിട്ട് പോയി. അന്ന് ആ പ്രണയത്തിന്റെ കടുപ്പത്തിൽ കൈ തണ്ടയിൽ അദ്ദേഹത്തിന്റെ പേര് പച്ച കുത്തിയിരുന്നു.'
Recommended Video

'പിന്നീട് തേച്ചിട്ട് പോയപ്പോൾ അത് മായ്ച്ചു കളഞ്ഞു. ആ പേര് മറ്റൊരു ഡിസൈൻ ആക്കി മാറ്റി. ഒരിക്കൽ തേപ്പ് കിട്ടി എന്ന് കരുതി ജീവിതത്തിൽ ഉടനീളം ഞാൻ പ്രേമിക്കാതിരിക്കില്ല. സിംഗിൾ ലൈഫിനോട് എനിക്ക് താത്പര്യമില്ല. അയാളെക്കാൾ സുന്ദരനും വിദ്യാഭ്യാസം ഉള്ളവനും ആയ ഒരാളെ തന്നെ ഞാൻ പ്രണയിച്ച് വിവാഹം ചെയ്യും വാശിയുണ്ട്' അമൃത കൂട്ടിച്ചേർത്തു. സീരിയലിൽ അഭിനയിക്കും മുമ്പ് സെയിൽസ് ഗേൾ ആയിരുന്നു അമൃത നായർ. ആ അമൃതയിൽ നിന്നും ഇന്ന് കാണുന്ന അമൃതയിലേക്ക് എത്തി നിൽക്കാൻ വഴിത്തിരിവായത് ഒരു ഓഡിഷൻ ആയിരുന്നു. അന്ന് മുതൽ ഇന്ന് വരെ ദൈവാനുഗ്രഹം കൊണ്ട് കുഴപ്പം ഇല്ലാതെ തട്ടീം മുട്ടീം സേഫ് ആയി പോകുന്നുവെന്നാണ് അമൃത ഒരിക്കൽ അഭിമുഖത്തിൽ തുറന്ന് പറഞ്ഞത്.


Click it and Unblock the Notifications