കുടുംബവിളക്ക്: വേദികയുടെ കള്ളിവെളിച്ചത്താക്കി അനന്യ, അനിരുദ്ധിനെ കൊല്ലരുതെന്ന് ആരാധകർ!
മലയാളി പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥ പറയുന്ന പരമ്പര റേറ്റിങിലും മുന്നിൽ തന്നെയാണ്. സുമിത്ര, സിദ്ധാർഥ് എന്നിവരുടെ ദാമ്പത്യത്തിലാണ് കുടുംബവിളക്ക് തുടങ്ങിയതെങ്കിലും പിന്നീട് സിദ്ധാർഥ് സുമിത്രയെ ഒഴിവാക്കുകയും വേദിക എന്ന സ്ത്രീയെ വിവാഹം കഴിക്കുകയുമായിരുന്നു. എന്നാൽ ആ തീരുമാനം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമായിരുന്നു എന്ന കാര്യം പതിയെ പതിയെ സിദ്ധാർഥ് മനസിലാക്കുകയായിരുന്നു. അതേ സമയം സുമിത്രയെക്കാൾ മികച്ചവൾ താനാണ് എന്ന് തെളിയിക്കാനായരുന്നു വേദികയുടെ എല്ലാ ശ്രമങ്ങളും. എന്നാൽ അത് വിജയിക്കുന്നില്ല എന്നുകണ്ട് വേദികയുടെ അടുത്ത ശ്രമം സുമിത്രയെ തകർക്കാനായിരുന്നു.
വേദികയുടെ പ്രവൃത്തികൾ ശരിയല്ലെന്ന് മനസിലാക്കി സിദ്ധാർഥ് ഒരിക്കൽ അവളെ വീട്ടിൽ നിന്നും പുറത്താക്കിയതായിരുന്നു. എന്നാൽ വീണ്ടും പല കള്ളങ്ങൾ പറഞ്ഞ് വേദിക തിരികെ കയറി കൂടി. പല നിബന്ധനകൾ വെച്ചാണ് സിദ്ധാർഥ് വേദികയെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നതെങ്കിലും പഴയ സ്വഭാവം ഉപേക്ഷിക്കാത്ത വേദിക ഇപ്പോഴും കുരുട്ട് ബുദ്ധിയിലൂടെ സിദ്ധാർഥിന്റെ മനസിൽ കയറി കൂടാനുള്ള ശ്രമത്തിലാണ്. രണ്ടും കൽപ്പിച്ചാണ് സിദ്ധാർഥ് വേദികയെ തിരികെ വീട്ടിലേക്ക് കൂട്ടിയിരിക്കുന്നത്. വേദികയ്ക്ക് എല്ലാത്തിനും കൂട്ടുനിൽക്കുന്നയാൾ സിദ്ധാർഥിന്റെ അമ്മയായിരുന്നു. സുമിത്രയോടുള്ള അനിഷ്ടം കാരണം വേദികയുടെ കൂടെ എല്ലാത്തിനും കൂട്ടുനിൽക്കുന്ന അമ്മയെ പരമ്പരയുടെ പ്രേക്ഷകർക്കും അത്ര ഇഷ്ടമില്ലായിരുന്നു. ഇപ്പോൾ സുമിത്രയുടെ പിറന്നാൾ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്രീനിലയം.

എന്നാൽ അതിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച സിദ്ധാർഥിനെ തടയാനായി താൻ വീണുവെന്നും നടുവിന് പരിക്കേറ്റുവെന്നും പറഞ്ഞാണ് വേദിക പുതിയ അടവ് ഇറക്കിയത്. കൂടാതെ ആശുപത്രിയിൽ അഡിമിറ്റ് ആകണമെന്നെല്ലാം സിദ്ധാർഥിനോട് പറയുന്നുണ്ട് വേദിക. വേദികയുടെ സംസാരത്തിൽ കള്ളത്തരം മണത്ത സിദ്ധാർഥ് ശ്രീനിലയത്തിൽ പോയി അനന്യയെ കൂട്ടികൊണ്ട് വന്ന് പരിശോധിപ്പിക്കുകയാണ് ചെയ്തത്. അനന്യ വന്ന് പരിശോധിച്ചപ്പോൾ വേദികയുടേത് കെട്ടിച്ചമച്ച അസുഖമാണെന്ന് മനസിലാക്കി. സത്യം സിദ്ധാർഥിനോട് അനന്യ പറയുകയും ചെയ്തു. സീരിയലിന്റേതായി പുതിയതായി പുറത്തിറങ്ങിയ പ്രമോയിൽ അനന്യ കള്ളം പൊളിച്ചതിന്റെ ദേഷ്യത്തിലാണ് വേദിക.

സുമിത്രയുടെ പിറന്നാൾ ആഘോഷത്തിൽ നിന്ന് സിദ്ധാർഥിനെ അകറ്റാൻ പല പ്ലാനുകളും നേരത്തെ മുതൽ വേദിക അന്വേഷിക്കുന്നുണ്ടായിരുന്നു. വേദികയുടെ നടുവേദന കള്ളമാണെന്ന് തിരിച്ചറിഞ്ഞതോടെ സിദ്ധാർഥും വേദികയ്ക്ക് കണക്കിന് കൊടുക്കുന്നതും പുതിയ പ്രമോയിൽ കാണാം. അതേസമയം സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ അനിരുദ്ധ് മടങ്ങി വരാത്തത് അനന്യയെ മറ്റുള്ളവരേയും ആശങ്കയിലാക്കുന്നുണ്ട്. പിറന്നാൾ ആഘോഷങ്ങൾ തുടങ്ങാനായിട്ടും അനിരുദ്ധ് വീട്ടിലേക്ക് മടങ്ങിയെത്താത്തതിനാൽ അനന്യയും അനിരുദ്ധിനെ അന്വേഷിക്കുകയാണ്. പലതവണ ഫോൺ വിളിച്ചിട്ടും പ്രതികരിക്കാൻ അനിരുദ്ധ് തയ്യാറായിട്ടില്ല. മകൻ വന്ന ശേഷം പിറന്നാൾ ആഘോഷിക്കാൻ കാത്തിരിക്കുകയാണ് സുമിത്ര. അവൻ സുഹൃത്തിനെ കാണാൻ പോയതാണെന്നും ഉടൻ വരുമെന്ന് തനിക്കറിയാമെന്നും സുമിത്ര ബന്ധുക്കളോട് പറയുന്നുമുണ്ട്.
Recommended Video

പുതിയ പ്രമോയിൽ കടൽക്കരയിൽ കുറ്റബോധത്തോടെ ആലോചിച്ച് കിടക്കുന്ന അനിരുദ്ധാണ് ഉള്ളത്. അമ്മയായ സുമിത്രയ്ക്കെതിരെ ഇന്ദ്രജയോടൊപ്പം ചേർന്ന് മോശമായ പ്രവൃത്തികൾ പലപ്പോഴായി ചെയ്യേണ്ടി വന്നതിലെ കുറ്റബോധം അനിരുദ്ധിനെ വേട്ടയാടുന്നുണ്ടായിരുന്നു. അനിരുദ്ധ് ആത്മഹത്യ ചെയ്യാൻ പോകുന്നതിന്റെ മുന്നോടിയായിട്ടാണോ ഇങ്ങനെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയത് എന്നാണ് പുതിയ പ്രമോ കണ്ട ആരാധകർ കമന്റിലൂടെ ചോദിക്കുന്നത്. അനിരുദ്ധിനെ കൊല്ലരുതെന്നും ആരാധകർ ആവശ്യപ്പെടുന്നുണ്ട്. 'അനിരുദ്ധ നല്ല ബോൾഡ് ആയിട്ട് തിരിച്ചു വരണം എന്നിട്ട് ഇന്ദ്രജ ക്ക് നല്ല മറുപടിയും കൊടുക്കണം', 'അനി അങ്ങനെ ഒന്നും മരിക്കില്ല.... ഇത്തരം സാഹചര്യങ്ങളിൽ മനോവിഷമ താങ്ങാനാവാതെ ആത്മഹത്യയാണ് എല്ലാത്തിനും പരിഹാരം എന്ന് ചിന്തിക്കുന്നവരും അങ്ങനെ ചെയ്തവരും ഉണ്ട് അതിന് എതിരെ ഉള്ള നല്ലൊരു സന്ദേശം ആണ് നൽകേണ്ടത്.....', എന്നിങ്ങനെയൊക്കെയാണ് പുതിയ പ്രമോയ്ക്ക് ലഭിക്കുന്ന ആരാധകരുടെ പ്രതികരണങ്ങൾ.


Click it and Unblock the Notifications