'ആധാരത്തിന്റെ കാര്യത്തിൽ തീരുമാനമാകുന്നു'; വേദികയ്ക്കൊപ്പം സരസ്വതിയമ്മയ്ക്കും പണികൊടുക്കണേയെന്ന് ആരാധകർ!
മലയാളി പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തിലെ ഉയർച്ച താഴ്ച്ചകളും മുന്നോട്ടുള്ള ജീവിതത്തിൽ സുമിത്ര നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളകളുമെല്ലാം യാഥാർത്ഥ്യമെന്നോണം അവതരിപ്പിക്കുന്നു എന്നതാണ് കുടുംബവിളക്കിനെ വ്യത്യസ്തമാക്കുന്നത്. സുമിത്രയുടെ മുൻഭർത്താവായ സിദ്ധാർത്ഥും സിദ്ധാർത്ഥിന്റെ ഇപ്പോഴത്തെ ഭാര്യയായ വേദികയുമാണ് സുമിത്രയുടെ എല്ലാവിധ പ്രശ്നങ്ങൾക്കും കാരണം. ആധുനിക കാലത്തെ ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞുകൊണ്ടാണ് പരമ്പര ആരംഭിച്ചത്.
സുമിത്ര എന്ന സ്ത്രീയുടെ ഒറ്റയാൾ പോരാട്ടം എന്ന തലത്തിലേക്ക് പരമ്പര മാറിയപ്പോഴാണ് കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി ഈ സീരിയൽ മാറിയത്. സുമിത്രയുടെ അതിജീവനത്തിന്റെ കഥയാണ് പരമ്പര പറയുന്നതെങ്കിലും നിരന്തരമായി സുമിത്രയെ ഉപദ്രവിക്കുന്ന വേദിക പരമ്പരയിലെ വലിയൊരു ഘടകമാണ്. സുമിത്രയെ ഉപേക്ഷിച്ചശേഷം ഭർത്താവായിരുന്ന സിദ്ധാർത്ഥ് വിവാഹം കഴിച്ച സ്ത്രീയാണ് വേദിക. സുമിത്രയോട് അടങ്ങാത്ത പക കാണിക്കുന്ന വേദിക പല തരത്തിൽ സുമിത്രയെ ഉപദ്രവിക്കാൻ ശ്രമിക്കാറുണ്ട്. സുമിത്രയോട് വിരോധമുള്ള സിദ്ധാർത്ഥിന്റെ അമ്മ സാവിത്രിയെ ഉപയോഗിച്ച് സുമിത്രയുടെ പേരിലുള്ള വീടിന്റെ ആധാരം തട്ടിയെടുത്ത് പണയപ്പെടുത്തിയിരിക്കയാണ് ഇപ്പോൾ വേദിക.

മഹേന്ദ്രൻ എന്ന കൊള്ള പലിശക്കാരന്റെ കയ്യിലാണ് വേദിക ആധാരം പണയപ്പെടുത്തിയിരിക്കുന്നത്. എന്തിനാണ് വേദിക ആധാരം തട്ടിയെടുത്തത് എന്ന സംശയം കുറച്ച് എപ്പിസോഡുകളായി ആരാധകർക്ക് ഉണ്ടായിരുന്നു. ആ സംശയം കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലൂടെ മാറിയിരിക്കയാണിപ്പോൾ. വലിയൊരു വീടിന്റെ ആധാരം വളരെ വലിയൊരു തുകയ്ക്ക് പണയം വെച്ചത് വേദികയ്ക്ക് ആഡംബര ജീവിതത്തിനായി കാർ വാങ്ങാനായിരുന്നു. തന്റെ കുടുംബ സ്വത്തിലെ ഓഹരി വിറ്റ് കിട്ടുന്ന പണം കൊണ്ട് ആധാരം തിരികെ എടുത്ത് സാവിത്രിയുടെ പേരിലേക്ക് മാറ്റി രജിസ്റ്റർ ചെയ്തുതരാം എന്ന ആശ കൊടുത്താണ് വേദിക സാവിത്രിയെക്കൊണ്ട് ആധാരം എടുപ്പിക്കുന്നത്. എന്നാൽ അത് വലിയൊരു ചതിയായിരുന്നുവെന്ന് സാവിത്രിയ്ക്ക് പിന്നീട് മനസിലായി. താൻ പറ്റിക്കപ്പെട്ടതാണെന്ന് മനസിലാക്കിയ സാവിത്രി ചെറിയ തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളെല്ലാം കാണിക്കുന്നുണ്ട്.

അതുകണ്ട് സാവിത്രിയുടെ ഭർത്താവും സുമിത്രയോട് സ്‌നേഹവുമുള്ള ശിവദാസ മേനോന് സംശയങ്ങൾ തുടങ്ങുന്നുണ്ട്. വീടിന്റെ ആധാരം നഷ്ടപ്പെട്ടെന്ന സത്യം രോഹിത്ത് വഴിയാണ് സുമിത്ര അറിഞ്ഞത്. വലിയൊരു വീട് വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ട്. വാങ്ങാൻ താൽപര്യമുണ്ടോയെന്ന് ഒരു ബ്രോക്കർ ചോദിച്ചപ്പോഴാണ് രോഹിത്തും സുമിത്രയ്ക്കും കുടുംബത്തിനും സംഭവിക്കാൻ പോകുന്ന ആപത്തിനെ കുറിച്ച് തിരിച്ചറിയുന്നത്. വേദികയാണ് ആധാരം കൊണ്ടുപോയിരിക്കുന്നത് എന്ന കാര്യത്തിൽ സ്ഥിരീകരണത്തിൽ എത്തിയിട്ടില്ല സുമിത്രയും രോഹിത്തും സുഹൃത്തായ ശ്രീയും. പുതിയ പ്രമോയിൽ വേദിക കാർ വാങ്ങാൻ പണം കണ്ടെത്തിയത് എങ്ങനെ എന്ന് അറിയാൻ വേദികയുടെ വീട്ടിൽ സുമിത്രയും സുഹൃത്തുക്കളും എത്തിയതായിട്ടാണ് കാണിക്കുന്നത്. വേദികയുടെ അമ്മയോട് വേദിക അടുത്തിടെ കുടുംബത്തിന്റെ ഓഹരി വിറ്റോയെന്ന് ചോദിക്കുമ്പോൾ അത്തരത്തിൽ ഒന്നും ഇനി വേദികയ്ക്ക് ലഭിക്കാനിലെന്ന് വേദികയുടെ അമ്മയും മറ്റ് ബന്ധുക്കളും പറയുന്നുണ്ട്.
Recommended Video

ഇതോടെ വേദികയാണ് ആധാരം കൈക്കലാക്കിയിരിക്കുന്നത് എന്ന സംശയത്തിലേക്ക് കൂടുതൽ അടുക്കുകയാണ് വേദികയും കൂട്ടുകാരും. പുതിയ പ്രമോ കണ്ട് ആധാരത്തിൽ ഉടൻ തീരുമാനമാക്കണമേയെന്നാണ് ആരാധകർ സീരിയൽ അണിയറപ്രവർത്തകരോട് ആവശ്യപ്പെടുന്നത്. 'വേദിക ജയിലിൽ പോവുന്നത് കാണാൻ വെയ്റ്റിങാണ്, സരസ്വതിഅമ്മയ്ക്കും നല്ലൊരു പണി കൊടുക്കണം, അങ്ങനെ വേദിക ജയിലിലോട്ട് പോവാനുള്ള ടിക്കറ്റ് എടുത്തിരിക്കുകയാണ് പ്രിയ പ്രേഷകരെ, ഇങ്ങനെയാണേൽ പോലീസ് സ്റ്റേഷൻ മിക്കവാറും ശ്രീനിലയത്തിലേക്ക് മാറ്റേണ്ടി വരും' തുടങ്ങി രസകരമായ നിരവധി കമന്റുകളാണ് കുടുംബവിളക്കിന്റെ പുതിയ പ്രമോയ്ക്ക് ലഭിക്കുന്നത്.


Click it and Unblock the Notifications