'സിദ്ധാർഥിനെ വെള്ളപൂശി നന്മമരമാക്കുന്നു, രോഹിത്തിനെ വെറുതെ വില്ലനാക്കുന്നു'; കുടുംബവിളക്ക് ആരാധകർ പറയുന്നു!
ശ്രീനിലയം വീട്ടിലെ സുമിത്ര എന്ന വീട്ടമ്മയുടെ സംഭവബഹുലമായ അതിജീവന കഥപറഞ്ഞ് പ്രേക്ഷകരുടെ മനസിലിടം നേടിയ പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര-സിദ്ധാർത്ഥ് എന്നിവരുടെ വിവാഹമോചനവും സിദ്ധാർത്ഥ് വേദിക എന്ന സ്ത്രീയെ വിവാഹം കഴിക്കുന്നതിലൂടെയുമാണ് പരമ്പര തുടങ്ങിയത്. വേദികയെ വിവാഹം കഴിച്ചതോടെ സിദ്ധാർത്ഥ് തകരാൻ തുടങ്ങുന്നു. അതോടൊപ്പം സുമിത്ര വളർച്ചയിലാകുന്നു. അത് കണ്ട് അസൂയ കൂടുന്ന വേദിക സുമിത്രയെ തകർക്കാനായി ഇറങ്ങിത്തിരിക്കുകയുമായിരുന്നു. സുമിത്രയ്‌ക്കെതിരെ വേദിക പല കളികളും കളിക്കുന്നുണ്ടെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു.
എന്നാൽ അവസാനമായി വേദിക കളിച്ച കളി പരമ്പര ആകെ സംഘർഷഭരിതമായ മുഹൂർത്തത്തിലേക്ക് എത്തിക്കുക ആയിരുന്നു. സുമിത്രയോട് അത്ര അടുപ്പത്തിലല്ലാത്ത അമ്മായിയമ്മ സാവിത്രിയുടെ സഹായത്തോടെ വേദിക ശ്രീനിലയത്തിന്റെ ആധാരം മോഷ്ടിച്ച്, മഹേന്ദ്രൻ എന്ന കൊള്ള പലിശക്കാരന് പണയപ്പെടുത്തിയിരിക്കുകയാണ്. അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പരമ്പരയിൽ ഇപ്പോൾ നടക്കുന്നത്. പറഞ്ഞ അവധി കഴിഞ്ഞതോടെ ശ്രീനിലയം വിറ്റ് തന്റെ പണം നേടാനായി മഹേന്ദ്രൻ ശ്രമിക്കുന്നുണ്ട്. ശ്രീനിലയത്തിലെ പ്രശ്‌നങ്ങളറിഞ്ഞ സുമിത്രയുടെ സുഹൃത്തായ രോഹിത്ത് ആരാണ് ശ്രീനിലയം വിൽക്കാൻ ശ്രമിക്കുന്നതെന്നും മറ്റും അറിയുന്നു.

സുമിത്രയെ പുകച്ച് പുറത്ത് ചാടിക്കാനായി താൻ എടുത്ത് നൽകിയ ആധാരം വേദിക മറ്റൊരു തരത്തിൽ ഉപയോഗിക്കുന്നു എന്നറിയുന്ന സാവിത്രി മകളോട് കാര്യങ്ങൾ പറഞ്ഞ് വേദികയെ വിളിക്കുന്നുവെങ്കിലും ഒന്നും നടക്കുന്നില്ല. കൂടാതെ വേദിക സാവിത്രിയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പരമ്പരയുടെ വരും കഥാഗതികൾ പറഞ്ഞുകൊണ്ട് പുതുതായി വന്ന പ്രൊമോ വീഡിയോയിൽ ശ്രീനിലയത്തിലെ പ്രശ്‌നങ്ങൾ കാണിക്കുന്നതോടൊപ്പം കാണിക്കുന്നത് വേദിക ജയിലിൽ ആകുന്നതാണ്. ആ നല്ല നാൾ എപ്പോഴാണെന്ന് കാത്തിരിക്കുകയാണ് ആരാധകർ. വേദിക ജയിലിൽ കിടക്കുന്നത് സ്വപ്‌നമായിരിക്കുമോ, അതോ സത്യമാണോ എന്നതാണ് ആരാധകരെ കുഴക്കുന്ന മറ്റൊരു കാര്യം. ഇപ്പോൾ സീരിയലിന്റെ പുതിയ പ്രമോ റിലീസ് ചെയ്തിരിക്കുകയാണ്. അനുരുദ്ധും പ്രതീഷും വേദികയാണ് ആധാരം പണയപ്പെടുത്തിയതെന്ന് അറിഞ്ഞ് ചോദിക്കാനായി ചെന്നിരുന്നു.

സിദ്ധാർഥിന്റെ മുമ്പിൽ വെച്ചാണ് അനിരുദ്ധും പ്രതീഷും വേദികയോട് ആധാരം മോഷ്ടിച്ചതിനെ കുറിച്ച് ചോദിച്ചത്. ഉടൻ ആധാരം തിരികെ എടുത്ത് നൽകിയില്ലെങ്കിൽ അതിന്റെ പരിണിതഫലം നിങ്ങൾ അനുഭവിക്കുമെന്നും പ്രതീഷും അനിരുദ്ധും വേദികയ്ക്ക് മുന്നറിയിപ്പ് നൽകുന്നുമുണ്ട്. വേദിക പുതിയ വാഹനം വാങ്ങിയപ്പോഴും എല്ലാം സിദ്ധാർഥിന് വേദികയുടെ മേൽ സംശയം ഉണ്ടായിരുന്നു. മക്കൾ വന്ന് വേദികയോട് കാര്യങ്ങൾ തിരക്കുന്ന കണ്ടപ്പോഴാണ് സിദ്ധാർഥിന്റെ സംശയം ബലപ്പെട്ടത്. അനിരുദ്ധ് പോയ ശേഷം കാര്യങ്ങൾ തിരക്കാൻ ചെന്നപ്പോൾ സിദ്ധാർഥിനോട് സത്യം തുറന്ന് പറയാനോ തെറ്റ് ഏറ്റ് പറയാനോ വേദിക തയ്യാറായില്ല. ഇത് കണ്ട് ദേഷ്യ വന്ന് വേദികയ തല്ലാൻ സിദ്ധാർഥ് കൈയ്യുയർത്തുമ്പോൾ വേദിക തടയുന്നതാണ് പുതിയ പ്രമോയിൽ കാണിക്കുന്നത്. വീക്കെൻഡ് പ്രമോയിൽ വേദിക ജയിലിലാകുന്ന ദൃശ്യങ്ങളുണ്ടായിരുന്നതിനാൽ ആ രംഗങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Recommended Video

അതേസമയം സീരിയലിന്റെ കഥാഗതിയിൽ ആരാധകരിൽ ചിലർക്ക് അതൃപ്തിയുണ്ട്. മക്കളേയും ഭാര്യയേയും ഉപേക്ഷിച്ച സിദ്ധാർഥിനെ നന്മമരമാക്കി കാണിക്കുന്നുവെന്നും നല്ല കഥാപാത്രമായിരുന്ന രോഹിത്തിനെ വില്ലനായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നുമാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. 'രോഹിത് എന്ന നല്ലൊരു സുഹൃത്തിനെ വില്ലൻ ആക്കല്ലേ... സുമിത്ര-രോഹിത് സൗഹൃദം മറ്റ് ഭാഷകളിലെ പോലെ നല്ല രീതിയിൽ കൊണ്ടുപോകണം. സീരിയലിന്റെ പോസിറ്റീവ് എലമെന്റ് ആണത്. നല്ലൊരു മാതൃക ആവണം. ദയവായി രോഹിത് എന്ന കഥാപാത്രത്തെ വില്ലൻ ആക്കരുത്. എന്തിനും സുമിത്രക്ക് തുണയായി നിൽക്കുന്ന രോഹിത് എന്ന സുഹൃത്തിനെ ആണ് പ്രേക്ഷകർ ഇഷ്ടപ്പെടുന്നത്. കുടുംബവിളക്ക് നശിപ്പിക്കരുത്' തുടങ്ങിയ കമന്റുകളാണ് പുതിയ പ്രമോയ്ക്ക് ലഭിക്കുന്നത്.


Click it and Unblock the Notifications