'വേദികയെ കൂട്ടികൊണ്ടുവരാൻ ഒരുങ്ങി സിദ്ധു', കള്ളങ്ങൾ പൊളിയുന്നത് കാണാൻ കാത്തിരിക്കുന്നുവെന്ന് ആരാധകർ!
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് പുതിയ കഥാഗതിയിലൂടെയാണ് സഞ്ചരിക്കുന്നത്. അപ്രതീക്ഷിതമായാണ് വേദിക ഗർഭിണിയാണ് എന്ന വിവരം സിദ്ധുവും കുടുംബത്തിലെ മറ്റ് അംഗങ്ങളും അറിഞ്ഞത്. സിദ്ധുവിന്റെ അമ്മ സരസ്വതിയും സഹോദരി ശരണ്യയും ആണ് സിദ്ദുവിനോട് വേദിക ഗർഭിണിയാണെന്ന വിവരം പറഞ്ഞത്. ഇരുവരും ചേർന്ന് ഇപ്പോൾ വേദികയെ സംരക്ഷിക്കാൻ ആവശ്യപ്പെട്ടതിന്റെ ഫലമായി സിദ്ധു അതിനായി തയ്യാറെടുപ്പുകൾ നടത്തുന്നതാണ് പുതിയ പ്രമോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
തുടത്തിൽ വലിയ സ്വീകാര്യതയൊന്നും നേടാൻ സാധിക്കാതിരുന്ന സീരിയലായിരുന്നു കുടുംബവിളക്ക്. തന്മാത്ര അടക്കമുള്ള സീരിയലുകളിലൂടെ ശ്രദ്ധേയയായ മീര വാസുദേവാണ് കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. സുമിത്രയെന്ന വീട്ടമ്മയും അവർ തരണം ചെയ്യുന്ന പ്രതിസന്ധികളുമാണ് സീരിയലിന്റെ പ്രമേയം. സുമിത്രയെ തുടക്കത്തിൽ ഇഷ്ടമല്ലാതിരുന്ന സിദ്ധു പിന്നീട് നിർബന്ധിച്ച് സുമിത്രയിൽ നിന്നും വിവാഹമോചനം നേടി വേദികയെ വിവാഹം ചെയ്തു.

വേദിക സിദ്ധുവിനെ വിവാഹം ചെയ്തത് മുതലാണ് സീരിയലിന്റെ കഥാഗതി മാറിയതും കാഴ്ചക്കാർ കൂടിയതും. സിദ്ധുവിനെ വിവാഹം ചെയ്യുന്നതിന് മുമ്പുണ്ടായിരുന്ന വേദികയായിരുന്നില്ല വിവാഹശേഷം അവൾ യഥാർഥ സ്വഭാവം പുറത്തെടുക്കാൻ തുടങ്ങിയതോടെ ആ വിവാഹം അബദ്ധമായി സിദ്ധുവിന് തോന്നി. സുമിത്രയ്ക്ക് വിവാഹമോചന ശേഷം എല്ലാകൊണ്ടും നല്ല കാലമായിരുന്നു. എങ്കിലും വേദികയുടെ കുബുദ്ധി മൂലം പലപ്പോഴും പ്രതിസന്ധികൾ സുമിത്രയ്ക്ക് ഉണ്ടായിട്ടുണ്ട്. സുമിത്രയോടുള്ള വേദികയുടെ പെരുമാറ്റം അതിര് കടന്നപ്പോഴാണ് വേദികയിൽ നിന്നും സിദ്ധു അകലം പാലിച്ച് തുടങ്ങിയത്.

ശേഷം വേദികയെ തന്നോടൊപ്പം ജീവിക്കുന്നതിൽ നിന്നും സിദ്ധു അകറ്റി. നെഞ്ച് വേദനെയ തുടർന്ന് വിഷമിച്ച ഘട്ടത്തിൽ സിദ്ധുവിന് ആശ്വാസമായതും ആശുപത്രിയിൽ എത്തിച്ചതും സുമിത്രയും മക്കളുമാണ്. ആ ആശുപത്രി വാസത്തിന് ശേഷമാണ് സിദ്ധു സുമിത്രയെ തിരിച്ചറിയാൻ തുടങ്ങിയത്. ഇരുവരും വീണ്ടും അടുത്ത് വരുമ്പോഴാണ് താൻ ഗർഭിണിയാണെന്ന് വേദിക എല്ലാവരേയും അറിയിക്കുന്നത്. വാർത്ത അക്ഷരാർഥത്തിൽ എല്ലാവരേയും ഞെട്ടിച്ചു. ഇപ്പോൾ സിദ്ധുവിന്റെ അമ്മ അടക്കമുള്ളവർ വേദികയെ അനുകൂലിച്ചാണ് സംസാരിക്കുന്നത്. ശേഷം വേദികയെ സംരക്ഷിക്കണമെന്ന് സിദ്ധുവിനോട് ആവശ്യപ്പെടുന്നതും കാണാം. സഹോദരി ശരണ്യ അടക്കമുള്ളവരുടെ നിരന്തരമായ ഉപദേശം മൂലം സിദ്ധു വീണ്ടും വേദികയോടൊപ്പം ജീവിക്കാൻ ഒരുങ്ങുകയാണ്.

പുതിയ പ്രമോ വന്നതോടെ ആരാധകരെല്ലാം നിരാശയിലാണ്. വേദികയ്ക്ക് അനുകൂലമായി കാര്യങ്ങൾ നടക്കുന്നതിലെ അതൃപ്തിയാണ് ആരാധകർ കമന്റിലൂടെ അറിയിച്ചിരിക്കുന്നത്. യഥാർഥത്തിൽ വേദിക ഗർഭിണിയാണോ അതോ സിദ്ധുവിനെ വീണ്ടും തന്റെ വഴിക്ക് കൊണ്ടുവരാനുള്ള വേദികയുടെ അടവാണോ എന്നെല്ലാമുള്ള ചിന്തകളും ആരാധകർ കമന്റായി പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ ഏറ്റവും പ്രേക്ഷക സ്വീകാര്യത കുടുംബവിളക്കിനുണ്ട്. റേറ്റിങിൽ പോലും സാന്ത്വനം സീരിയലുമായി കടുത്ത മത്സരമാണ് കുടുംബവിളക്ക് നടത്തുന്നത്.
Recommended Video

തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ഭാഷകളിലും മലയാളത്തിന് പുറമെ സീരിയലിന്റെ റീമേക്ക് പതിപ്പുകൾ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ബംഗാളി പരമ്പരയായ ശ്രീമേയിയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. മീര വാസുദേവിനോടൊപ്പം കൃഷ്ണകുമാർ മേനോൻ, ശരണ്യ ആനന്ദ്, നൂപിൻ, ആനന്ദ് നാരായണൻ, ശ്രീലക്ഷ്മി, ആതിര മാധവ് ,എഫ്. ജെ തരകൻ, ദേവി മേനോൻ, ഡോക്ടർ ഷാജു എന്നിവരാണ് മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. വരും ദിനങ്ങളിലെ എപ്പിസോഡുകളിലാണ് വേദികയുടെ നീക്കം എന്ത് ലക്ഷ്യം വെച്ചാണെന്നും സിദ്ധു വീണ്ടും വേദിയ്ക്കൊപ്പം ജീവിക്കുമോ എന്നുള്ളതുമെല്ലാം വ്യക്തമാകുക.


Click it and Unblock the Notifications