രാത്രികളിൽ ഉറങ്ങാതെ കരഞ്ഞിട്ടുണ്ട്, കടന്നു വന്ന സാഹചര്യത്തെ കുറിച്ച് കുടുംബവിളക്ക് താരം
കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അമൃത. സ്വന്തം പേരിനെക്കാളും സുമിത്രയുടേയും സിദ്ധാർഥിന്റേയും മകളായ ശീതളായിട്ടാണ് നടിയെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. പരമ്പരയുടെ തുടക്കത്തിൽ നെഗറ്റീവ് കഥാപാത്രമായിരുന്നു. പിന്നീട് ശീതൾ അമ്മയുടെ മകളായി മാറുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത നേടി പരമ്പര മുന്നേറുകയാണ്.
ശീതളിനെ പോലെ സമ്പന്ന കുടുംബത്തിൽ നിന്നല്ല അമൃത വരുന്നത്. അമ്മയും അനിയനും സഹേദരനും അടങ്ങുന്ന ചെറിയ കുടുംബത്തിൽ നിന്നാണ് അമൃത വരുന്നത്. വളരെ കഷ്ടപ്പാട് നിറഞ്ഞ ജീവിതമായിരുന്നു നടിയുടേത്. ഇപ്പോഴിത കടന്നു വന്ന ജീവിത സാഹചര്യങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് അമൃത. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അഭിനയം ചെറുപ്പം മുതലേ ഇഷ്ടമായിരുന്നു. പക്ഷേ, എനിക്ക് എങ്ങനെ എത്തണമെന്ന് അറിയില്ലായിരുന്നു. സീരിയലൊക്കെ കു കാണുമായിരുന്നു. അവാർഡ് ഷോകൾ വരുമ്പോൾ എന്നെങ്കിലും ഇതുപോലെ ഇരിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാനും കൊതിച്ചിട്ടുണ്ട് . സെലിബ്രിറ്റി ലൈഫൊക്കെ ഒത്തിരിയിഷ്ടമായിരുന്നു. പ്രാർത്ഥിച്ചിട്ടുണ്ട് ഇങ്ങനെയൊക്കെ എന്നെങ്കിലും ആകാൻ പറ്റണേയെന്ന്. കോമഡി സ്റ്റാർസിൽ ഗസ്റ്റായിട്ട് പോകുമ്പോഴും സ്റ്റാർ മാജിക്കിൽ വന്നപ്പോഴുമൊക്കെ ഞാൻ പണ്ടു കൊതിച്ചതാണല്ലോ ഇപ്പോൾ സംഭവിക്കുന്നതെന്ന് ഓർത്ത് മനസ് ഒത്തിരി സന്തോഷിച്ചിട്ടുണ്ട്. ആരും കാണാതെ കരഞ്ഞ കുറേ നാളുകൾ ഉണ്ടായിട്ടുണ്ട്. തുടക്കത്തിലൊക്കെ നല്ലതുപോലെ കഷ്ടപ്പെട്ടിട്ടുണ്ട്.

സീരിയലിലേയ്ക്ക് വന്നപ്പോൾ ഒരു പിന്തുണയും ഉണ്ടായിരുന്നില്ല. ബന്ധുക്കൾ പോലും വളരെ മോശമായി സംസാരിച്ചു. പൊതുവേ സിനിമയിലും സിരിയലിലും എത്തിയാൽ പിന്നെ പെൺകുട്ടികളുടെ ജീവിതം തീർന്നുവെന്നാണല്ലോ കരുതുന്നത്. എനിക്ക് അത്തരത്തിലുള്ള മോശം അനുഭവങ്ങൾ ഒന്നും ഇതുവരെയും ഉണ്ടായിട്ടില്ല. ഇന്നിപ്പോൾ നാട്ടിൽ പോകുമ്പോൾ എല്ലാവർക്കും വലിയ കാര്യമാണ്. അവരൊക്കെ അഭിമാനത്തോടെ പറയാറുണ്ട് ശീതൾ സ്വന്തം കുട്ടിയാണെന്നൊക്കെ.

ഞാൻ കരുതിയിരുന്നത് ഈ ലോകത്ത് ഏറ്റവും ഈനിസാരമായിട്ടുള്ള ജോലി അഭിനയമാണെന്നാണ്. പക്ഷേ അതിലേക്ക് എത്തിയപ്പോഴല്ലേ അത്ര എളുപ്പമുള്ള പണിയല്ലെന്ന് മനസിലാകുന്നത്. തുടക്കത്തിൽ ഒരുപാട് വഴക്ക് കിട്ടിയിട്ടുണ്ട്. അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് നല്ലതുപോലെ ഇൻസൾട്ട് ചെയ്തിട്ടുണ്ട്, കാണാൻ കൊള്ളില്ലെന്ന് പറഞ്ഞ് മാറ്റി നിറുത്തിയിട്ടുണ്ട്. ഇപ്പോൾ അവർക്കൊക്കെ മറുപടി കൊടുക്കാൻ കഴിഞ്ഞത് കുടുംബവിളക്കിലൂടെയാണ്. അന്നൊക്കെ എത്രയോ രാത്രികളിൽ ഉറങ്ങാതെ കരഞ്ഞു കിടന്നിട്ടുണ്ട്. വേദനിച്ചപ്പോഴൊക്കെ മനസിൽ ഉറപ്പിച്ചിരുന്നു എന്റെ ദിവസം വരുമെന്ന്. ഇപ്പോൾ അന്ന് വേദനിപ്പിച്ചവരാണ് അഭിനന്ദിക്കുന്നത്. അതിനെല്ലാം ദൈവത്തിനോടാണ് നന്ദി പറയുന്നത്.
Recommended Video

അപ്രതീക്ഷിതമായിട്ടാണ് കുടുംബവിളക്കിലേക്ക് എത്തുന്നത്. 'ഒരിടത്തൊരു രാജകുമാരി" എന്ന സീരിയൽ ചെയ്തു തീർന്ന സമയത്താണ് ലോക്ക് ഡൗൺ ഒക്കെ വരുന്നത്. അങ്ങനെ പ്രോജക്ടൊന്നുമില്ലാതെ വീട്ടിൽ വെറുതെയിരിക്കുന്ന സമയത്താണ് കുടുംബവിളക്കിൽ നിന്ന് വിളി വരുന്നത്. കുടുംബവിളക്കിന്റെ ആദ്യ എപ്പിസോഡ് മുതൽ കുത്തിയിരുന്നു കാണുന്ന ആളാണ്. സത്യം പറഞ്ഞാൽ ശീതൾ എന്ന കഥാപാത്രത്തെ എനിക്ക് കിട്ടിയിരുന്നെങ്കിലെന്ന് മനസിൽ കൊതിച്ചിട്ടുണ്ട്.


Click it and Unblock the Notifications