പ്രസവിക്കാനുള്ള കഴിവില്ലെന്ന് പറഞ്ഞത് വേദനിപ്പിച്ചു, അയാൾക്ക് എന്റെ അച്ഛനാവാനുള്ള പ്രായമുണ്ട്; ലക്ഷ്മി നക്ഷത്ര
ഒരിടവേളയ്ക്കുശേഷം കഴിഞ്ഞ ദിവസമാണ് ലക്ഷ്മി നക്ഷത്ര വീണ്ടും യുട്യൂബ് ചാനലിൽ ആക്ടീവായി തുടങ്ങിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രോഗ്രാമുകളും ഷൂട്ടുമെല്ലാമായി വിദേശത്തായിരുന്നു താരം. ഇനി യുട്യൂബ് ചാനലുമായി താൻ ആക്ടീവായിരിക്കുമെന്നും തന്റെ പ്രേക്ഷകരുമായുള്ള ബന്ധം മുറിയാതിരിക്കാൻ ശ്രദ്ധിക്കുമെന്നും പറഞ്ഞുകൊണ്ടാണ് ലക്ഷ്മി വീഡിയോ ആരംഭിച്ചത്. പ്രേക്ഷകർ കഴിഞ്ഞ കുറച്ച് കാലങ്ങളായി ചോദിക്കുന്ന ചില ചോദ്യങ്ങൾക്ക് മറുപടി നൽകി കൊണ്ടുള്ളതായിരുന്നു പുതിയ വീഡിയോ.
അക്കൂട്ടത്തിൽ തന്നെ ഏറെ വിഷമിപ്പിച്ച ഒരു അനുഭവവും ലക്ഷ്മി പങ്കുവെച്ചു. റിയാക്ഷൻ വീഡിയോകൾ സ്ഥിരമായി ചെയ്യാറുള്ള ഒരു വ്യക്തി തന്നെ വേദനിപ്പിക്കുന്നതും അപമാനിക്കുന്നതുമായ വീഡിയോ ചെയ്തത് തന്റെ ശ്രദ്ധയിൽപ്പെട്ടുവെന്നും അതിര് കടന്ന തരത്തിലുള്ള വീഡിയോ ആയതുകൊണ്ട് തന്നെ നിയമപരമായാണ് അതിനെ നേരിട്ടതെന്നും ലക്ഷ്മി പറഞ്ഞു.

റിയാക്ഷൻ വീഡിയോകളും ട്രോളുകളും ചിരിച്ചുകൊണ്ട് ആസ്വദിക്കുന്നയാളാണ് ഞാൻ. പക്ഷെ എന്നെ വേദനിപ്പിച്ച ഒന്ന് രണ്ട് ഇഷ്യൂസ് ഉണ്ടായിട്ടുണ്ട്. ആദ്യമൊക്കെ ചിരിച്ച് വിടുമെങ്കിലും ഒരു പരിധി വിടുമ്പോൾ നമുക്ക് വിഷമമാകും. അതും നല്ല ഇന്റൻഷനോടെ ചെയ്ത കാര്യങ്ങൾ കൂടിയാകുമ്പോൾ. പക്ഷെ ഞാൻ അതിനൊന്നും ഇന്നേവരെ പ്രതികരിച്ചിട്ടില്ല ലക്ഷ്മി പറഞ്ഞ് തുടങ്ങി. ഒരു പോലീസ് കേസ് ഞാൻ കൊടുത്തിട്ടുണ്ട്. ആറ് മാസം മുമ്പുള്ള സംഭവമാണ്.
അദ്ദേഹത്തിന്റെ പേരോ യുട്യൂബ് ചാനലിന്റെ പേരോ പറയാൻ ഞാൻ താൽപര്യപ്പെടുന്നില്ല. അത് ഒരു പബ്ലിസിറ്റിയാകും. അതിന്റെ ആവശ്യമില്ല. അദ്ദേഹം കോട്ടിട്ടിട്ടാണ് എന്നും വീഡിയോ ചെയ്യാറുള്ളത്. താഴെ ലുങ്കിയാണോ എന്നുള്ളത് അറിയില്ല. തൃശൂർ തന്നെയുള്ള നടി ഡിംപിൾ റോസാണ് ഇദ്ദേഹം എന്നെ കുറിച്ച് ചെയ്ത അശ്ലീല പരാമർശങ്ങളുള്ള തമ്പ്നെയിലുള്ള വീഡിയോ അയച്ച് തന്നത്.
ലക്ഷ്മി നക്ഷത്ര എന്നല്ല വാർക്കപണിക്കാരി എന്നാണ് അദ്ദേഹം എന്നെ അഭിസംബോധന ചെയ്തത്. അദ്ദേഹവും തൃശൂർക്കാരൻ തന്നെയാണ്. എന്നെ കുറിച്ച് ഒരുപാട് കാര്യങ്ങൾ മോശമായി പറയുന്നുണ്ട്. എന്നെ ഏറ്റവും വേദനിപ്പിച്ചത് എന്നെ അടുത്ത് അറിയാത്ത വ്യക്തി എന്നെ കുറിച്ച് പറഞ്ഞ ഒരു കാര്യമാണ്. ഒരു സ്ത്രീയെന്ന രീതിയിൽ അവൾക്ക് ഒരിക്കലും പ്രസവിക്കാൻ പറ്റില്ല. എന്നിട്ട് അദ്ദേഹം ഒരു ടേമും കൂടി ഉപയോഗിച്ചു. അത് ഞാൻ പറയുന്നില്ല.
ഒന്നിനും പറ്റില്ലെന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചത്. ഈ കാര്യം വേദനിപ്പിച്ചതുകൊണ്ടാണ് ഞാൻ കേസുമായിട്ട് മുന്നോട്ട് പോകാമെന്ന് തീരുമാനിച്ചത്. അങ്ങനെ കേസ് ഫയൽ ചെയ്തു. പുള്ളിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പൊലീസുകാരോട് അന്ന് എനിക്ക് ഒറ്റ അഭ്യർത്ഥന മാത്രമെ ഉണ്ടായിരുന്നുള്ളൂ. പിടിച്ചാൽ അദ്ദേഹത്തെ എനിക്കൊന്ന് നേരിട്ട് കാണണമെന്ന്. അങ്ങനെ അദ്ദേഹം വന്നു.

കോട്ടൊന്നും ധരിച്ചായിരുന്നില്ല വന്നത്. സാധാരണ ഒരു വേഷമായിരുന്നു. മാത്രമല്ല വീഡിയോയിൽ കണ്ട പോലെയേ അല്ല. വളരെ വിനയ സ്വഭാവം. പോലീസുകാർ അദ്ദേഹത്തോട് കുറേ ചോദ്യങ്ങൾ ചോദിച്ചു. ഞാൻ അദ്ദേഹത്തോട് ചോദിച്ചത് എന്റെ അച്ഛന്റെ പ്രായമില്ല?. എന്നെ പറ്റി അറിയുമോ?. ഇല്ലെങ്കിൽ എന്ത് അറിവിന്റെ പുറത്താണ് എന്നെ കുറിച്ച് ഇങ്ങനൊക്കെ വീഡയോയിൽ പറഞ്ഞത് എന്നാണ്. എന്റെ മെഡിക്കൽ റിപ്പോർട്ട് ഞാൻ സബ്മിറ്റ് ചെയ്യണോ?.
എനിക്ക് ഒരു കുഴപ്പവുമില്ല. ഞാൻ പൂർണ്ണ ആരോഗ്യവതിയാണെന്നും അദ്ദേഹത്തോട് ഞാൻ പറഞ്ഞു. എന്തിന് ഇങ്ങനെ ചെയ്തുവെന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി. എനിക്ക് കുറച്ച് കാശിന് അത്യാവശ്യം ഉണ്ടായിരുന്നു. ആ വീഡിയോയ്ക്ക് റീച്ച് കിട്ടിയാൽ എനിക്കാവശ്യമുള്ള കാശ് കിട്ടും. അതിന് വേണ്ടി ചെയ്തതാണ് എന്നായിരുന്നു.
ഇന്നേവരെ ആർക്ക് എതിരേയും ഞാൻ കേസ് കൊടുത്തിട്ടില്ല. പക്ഷെ ഇത് ആവശ്യമാണെന്ന് തോന്നിയതുകൊണ്ടാണ് അങ്ങനെ ചെയ്തത്. അന്നേ ദിവസം അദ്ദേഹം വേറൊരു വീഡിയോ ഇട്ടു. എന്നെ കുറിച്ച് നല്ലത് പറഞ്ഞും മാപ്പ് പറഞ്ഞുമുള്ളതായിരുന്നു ആ വീഡിയോ. ഒരു സ്ത്രീയെ സംബന്ധിച്ച് ഏറ്റവും പരിശുദ്ധമായ ഒന്നാണ് അമ്മയാവുക എന്നത്. അങ്ങനെയുള്ളപ്പോൾ ഒരു സ്ത്രീ പ്രസവിക്കില്ല, അവൾക്ക് കഴിവില്ല എന്നൊക്കെ പറയുമ്പോൾ കേട്ടിരിക്കാനാവില്ലെന്നും ലക്ഷ്മി പറഞ്ഞു.


Click it and Unblock the Notifications











