101 പവൻ സ്ത്രീധനം അവർ ചോദിച്ചു, വിവാഹത്തിന് താലി മാത്രമായിരുന്നു ഏക പൊന്ന്; ജയേഷുമായി ഒന്നിച്ചിട്ട് 23 വർഷം!
ലക്ഷ്മിപ്രിയയെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സിനിമകളിലൂടെയും ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും തിളങ്ങി നിൽക്കുന്ന താരം രാഷ്ട്രീയത്തിലും സജീവമാണ്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ചതിന്റെ പേരിൽ വലിയ രീതിയിൽ വിമർശനം ഏറ്റുവാങ്ങിയിരുന്നു. ട്വന്റി ട്വന്റിക്ക് വേണ്ടി മത്സരിക്കാൻ തീരുമാനിച്ച് എല്ലാം ചെയ്തിരുന്നതാണെങ്കിലും വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ അവസാന നിമിഷം പിന്മാറേണ്ടി വന്നു.
പക്ഷെ എൻഡിഎയുടെ മറ്റ് സ്ഥാനാർത്ഥികൾക്ക് വേണ്ടി സജീവമായി പ്രചാരണത്തിലും മറ്റും പങ്കെടുത്തിരുന്നു. സോഷ്യൽമീഡിയയിൽ സജീവമായ താരം പങ്കിട്ട പുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ദമ്പത്യ ജീവിതം 23 ആം വർഷത്തിലേക്ക് എത്തിയതിന്റെ സന്തോഷമാണ് ലക്ഷ്മിപ്രിയ പങ്കുവെച്ചത്.

ഒരുമിച്ചുള്ള ജീവിതത്തിന്റെ 23 വർഷങ്ങൾ... ഞങ്ങൾക്ക് സന്തോഷകരമായ വിവാഹ വാർഷികം. അതേ... 23 കൊല്ലങ്ങൾ. എല്ലാവരും ഓർക്കുന്നത് ഇന്നലെ വൈകിട്ട് 5.45 മുതലാണ് ഞാൻ ലക്ഷ്മിപ്രിയയായത് എന്നാണ്. വിക്കിപീഡിയ പോലും രണ്ട് കൊല്ലം കുറച്ചാണ് ഇട്ടിരിക്കുന്നത്. 20/04/2003 ഞായറാഴ്ച രാവിലെ.... കാൽ നൂറ്റാണ്ട് കാലം ആവാറായി.
എന്റെ ജീവിതത്തിൽ ഇത്രയും ദൃഢമായ ബന്ധുവും ബന്ധവും ഇല്ല. ഒരു ക്ഷമ പറച്ചിലിൽ ചേർത്ത് നിർത്തലിൽ അലിഞ്ഞില്ലാതാകുന്ന സങ്കടങ്ങൾ. അന്നത്തെ ആ പതിനെട്ടുകാരി പൊട്ടിക്കാളിയുടെ ഭർത്താവും ചേട്ടനും അച്ഛനുമൊക്കെയായി അങ്ങനെയങ്ങ് നീണ്ട് നീണ്ട് പോകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ഈ യാത്ര എന്നായിരുന്നു ലക്ഷ്മിപ്രിയയുടെ കുറിപ്പ്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് എത്തിയത്.
ദമ്പതികൾക്ക് മാതംഗി എന്നൊരു മകളാണ് ഉള്ളത്. നാടകത്തിൽ ലക്ഷ്മിപ്രിയ സജീവമായിരുന്ന സമയത്താണ് ജയേഷിനെ പരിചയപ്പെടുന്നതും അത് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുന്നതും. ജയേഷന് മുമ്പ് തനിക്ക് വിവാഹ ആലോചനകൾ വന്നിരുന്നുവെന്നും അവരിൽ ഒരാൾ 101 പവൻ സ്വർണം ആവശ്യപ്പെട്ടതുകൊണ്ടാണ് മുടങ്ങിയപ്പോയതെന്നും പിന്നീട് ആ വിവാഹം നടക്കാതിരുന്നത് നന്നായി എന്ന് മാത്രമെ തോന്നിയിട്ടുള്ളുവെന്നും ലക്ഷ്മിപ്രിയ പറയുന്നു.
ഒരു വിവാഹം നിശ്ചയിച്ചിരുന്നതാണ്. മാന്നാർ നിന്നും. ഞങ്ങളുടെ ഒരു ബന്ധു കൂടിയായ വക്കീലായിരുന്നു വരൻ. അവർ 101 പവൻ ചോദിച്ചു. എത്ര കൂട്ടിയാലും നാൽപ്പത് പവൻ കടക്കില്ലായിരുന്നു. എന്റെ അച്ഛന് സ്വർണ്ണം തൂക്കി കൊടുക്കണമെന്ന് പറഞ്ഞതും നിശ്ചയ സദസിൽ ചെക്കന്റെ അമ്മ വന്ന് സ്ത്രീധന വിഷയം ഉന്നയിച്ചതും ഇഷ്ടപ്പെട്ടില്ല.

മുസ്‌ലിം സ്ത്രീകൾ അങ്ങനെ സദസിൽ വരാറില്ല. ആ വിവാഹം മുടങ്ങി. എന്റെ അച്ഛന്റെ കടുംപിടുത്തത്തിൽ. അച്ഛന് 101 പവൻ കൊടുക്കാനുള്ള ശേഷി ഉണ്ടായിരുന്നോയെന്ന് എനിക്കറിയില്ല. പക്ഷെ സ്ത്രീധനം തൂക്കി ചോദിച്ച ആ സ്ത്രീ എനിക്ക് സമാധാനം തരില്ലെന്ന് അച്ഛന് ഉറപ്പുണ്ടായിരുന്നു. ജയേഷേട്ടൻ എന്നെ കല്യാണം കഴിച്ചപ്പോൾ എന്റെ എന്റെ ശരീരത്തിൽ ഉണ്ടായിരുന്നത് അദ്ദേഹം കെട്ടിയ താലി മാത്രമായിരുന്നു.
അതായിരുന്നു ഏക പൊന്ന് എന്നാണ് ഒരിക്കൽ ലക്ഷ്മിപ്രിയ പറഞ്ഞത്. പതിനെട്ട് വയസിൽ തന്നെയാണ് ലക്ഷ്മിപ്രിയ മുസ്ലീംമതം വിട്ട് ഹിന്ദു മതം സ്വീകരിച്ചതും സബീന എന്ന പേര് മാറ്റി ലക്ഷ്മിപ്രിയയാക്കിയതും. കഴിഞ്ഞ വർഷം മെയ്യിൽ ഒരു സോഷ്യൽമീഡിയ പോസ്റ്റിലൂടെ താൻ വിവാഹബന്ധം വേർപ്പെടുത്തുകയാണെന്ന് ലക്ഷ്മിപ്രിയ പ്രഖ്യാപിച്ചത് വാർത്തയായിരുന്നു.
ഞങ്ങൾ പിരിയുന്നു... തെറ്റുകളും കുറ്റങ്ങളും എന്റേത് എന്നായിരുന്നു അന്ന് ലക്ഷ്മി പ്രിയ എഴുതിയത്. പോസ്റ്റ് ചെയ്ത് കുറച്ച് സമയത്തിനകം താരം അത് നീക്കം ചെയ്തു. അപ്പോഴത്തെ ഒരു മാനസീകാവസ്ഥയിൽ ഒരു അബദ്ധം പറ്റിപോയതാണെന്ന് പിന്നീട് നടി തന്നെ പറയുകയും ചെയ്തിരുന്നു.


Click it and Unblock the Notifications


