ഹാർട്ട്, ലിവർ പ്രശ്നങ്ങൾ, എല്ലിന്റെ പ്രശ്നം; സർജറിക്ക് ശേഷം ഞാൻ നേരിടുന്നത്...; തുറന്ന് പറഞ്ഞ് രഞ്ജു രഞ്ജിമാർ
മേക്കപ്പ് രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ളയാളാണ് രഞ്ജു രഞ്ജിമാർ. ട്രാൻസ് വുമണായ രഞ്ജുവിന് ജീവിതത്തിൽ വിജയം കെെവരിക്കുക എളുപ്പമായിരുന്നില്ല. തന്റെ സർജറിയെക്കുറിച്ച് പലപ്പോഴും രഞ്ജു സംസാരിച്ചിട്ടുണ്ട്. സ്ത്രീ എന്ന സ്വത്വത്തോട് പൂർണമായ നീതി പുലർത്താനാണ് രഞ്ജു രഞ്ജുമാർ സർജറി ചെയ്തത്. പുതിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് രഞ്ജു തുറന്ന് സംസാരിക്കുന്നുണ്ട്. സർജറി തനിക്ക് ജീവൻ മരണ പോരാട്ടം പോലെയായിരുന്നെന്ന് രഞ്ജു പറയുന്നു. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് തുറന്ന് പറച്ചിൽ.
കേരളത്തിൽ തന്നെയാണ് ഞാൻ എന്റെ സർജറി ചെയ്തത്. ഭയാനകമായ സർജറിയാണ്. സർജറിക്ക് മൂന്ന് ഓപ്ഷനുകളാണുള്ളത്. നോർമൽ സർജറി, എസ്ആർഎസ് സർജറി, കോളൻ സർജറി. കുടൽ കട്ട് ചെയ്തുള്ള സർജറിയാണ് മൂന്നാമത്തേത്. പത്ത് വർഷത്തോളമായി ഈ സർജറി ഇവിടെയുണ്ട്. 20 ശതമാനം വിജയസാധ്യതയുള്ള സർജറിയാണിത്. കുറച്ച് ബുദ്ധിമുട്ടാണ്. ഒരു നൂല് കെട്ടിക്കൊടുത്ത് അതിൽ കയറി നടക്കാൻ പറയുന്നത് പോലെ.

ചിലപ്പോൾ പൊട്ടും. അല്ലെങ്കിൽ അപ്പുറത്തെത്തും. ഒരു സ്ത്രീ അനുഭവിക്കുന്ന പ്രസവ വേദന ലോകത്താർക്ക് പറഞ്ഞാലും മനസിലാകില്ല. അത് അനുഭവിക്കുക തന്നെ വേണം. അതുപോലെയാണിതും. ഈ സർജറിക്ക് ശേഷം ഞാൻ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഹോർമോണൽ ഇൻബാലൻസ്, എല്ലിന്റെ പ്രശ്നങ്ങൾ, ഹാർട്ട്, ലിവർ പ്രശ്നങ്ങൾ എന്നിവയെല്ലാം. കാരണം സർജറിക്ക് ശേഷം ഞാനൊരുപാട് ഹോർമോൺ എടുക്കുന്നുണ്ട്. തന്റെ എല്ലുകളുടെ ബലം കുറഞ്ഞിട്ടുണ്ടെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി.
ആരോ എറിഞ്ഞ പന്ത് പോലെ ഞാൻ സിനിമാ രംഗത്ത് വന്ന് വീണു. വഴി തെറ്റി വന്ന മേക്കപ്പ് ആർട്ടിസ്റ്റാണ്. എന്റെ പിന്നിലുള്ള ഒരുപാട് പേരെ എനിക്ക് സംരക്ഷിക്കണം എന്ന് തോന്നി. അങ്ങനെ കുറേ പേരെ സംരക്ഷിച്ചെന്നും രഞ്ജു രഞ്ജിമാർ പറയുന്നു. കൊച്ചിയിൽ എനിക്ക് വഴികാട്ടിയായി ആരും ഇല്ലായിരുന്നു. സ്വയം തീരുമാനമെടുത്ത് അത് നല്ലതാണെങ്കിൽ അതിലൂടെ പോകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുള്ളത്. ഇപ്പോഴത്തെ കുട്ടികൾ ഭാഗ്യമുള്ളവരാണ്.
സിനിമാ രംഗത്തേക്ക് വന്നപ്പോൾ എനിക്ക് സ്ട്രഗിൾ ഉണ്ടായിരുന്നു. ആ സമയത്ത് ഒരു സംരക്ഷണവും ഇല്ല. ഒരു ഗ്ലാസ് വെള്ളം ചോദിച്ചാൽ പോലും തരില്ല. അവിടെ പോയി വെള്ളമെടുത്ത് കുടിക്ക് എന്ന് പറയും. ഭക്ഷണം കഴിക്കാൻ പോയി പാത്രം വിളമ്പാൻ വേണ്ടി നീട്ടുമ്പോൾ എടുത്ത് കഴിച്ചോ എന്ന് പറയും. നമ്മൾക്കെതിരെയിരുന്ന് കഴിക്കുന്നവർ നമ്മളെ ഇറിറ്റേറ്റ് ചെയ്ത് കളിയാക്കും. നാളെ നീ എനിക്ക് ചായ എടുത്ത് തരും. ഒരു ദിവസം വരും. അന്ന് നീ എനിക്ക് ഭക്ഷണം കാരവാനിൽ കൊണ്ട് തരും എന്ന് ഞാൻ ചുമ്മാ പറയും. കർമ്മ എന്നൊന്നുണ്ടെന്ന് തന്റെ ജീവിതാനുഭവങ്ങളിൽ നിന്നും മനസിലായിട്ടുണ്ടെന്ന് രഞ്ജു രഞ്ജിമാർ പറഞ്ഞു.സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റെന്നതിന് പുറമെ ബിസിനസുകാരിയുമാണ് രഞ്ജുവിന്ന്. കരിയറിന് താൻ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും വിവാഹമല്ല തന്റെ സ്വപ്നമെന്നും രഞ്ജു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications











