'എന്റെ മാത്രം തീരുമാനമായിരുന്നു വിവാഹം, ആരേയും കുറ്റപ്പെടുത്താനാവില്ല, ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്'; ഉമ നായർ!
സിനിമാ താരങ്ങളെക്കാൾ സീരിയൽ താരങ്ങൾക്കാണ് കുടുംബപ്രേക്ഷകർക്കിടയിൽ പോപ്പുലാരിറ്റി. കാരണം ദിവസേന കൃത്യമായ സമയത്ത് അവരുടെ സ്വീകരണ മുറികളിലേക്ക് സീരിയൽ താരങ്ങളാണ് എത്തുന്നത്.
മാത്രമല്ല ദിവസവും കണ്ടുകൊണ്ടിരിക്കുന്നതിനാൽ തങ്ങളുടെ വീട്ടിലെ കുടുംബാംഗത്തെ സ്നേഹിക്കുന്നത് പോലെയാണ് സീരിയൽ താരങ്ങളെ കുടുംബ പ്രേക്ഷകർ സ്നേഹിക്കുന്നത്. ഒട്ടനവധി പരമ്പരകൾ വിവിധ ചാനലുകളിലായി മലയാളത്തിൽ സംപ്രേഷണം ചെയ്യുന്നുണ്ട്.
അവരിൽ നായകനും നായികയും മുതൽ ചെറിയ വേഷങ്ങൾ ചെയ്യുന്ന നടീനടന്മാർ വരെ ഇന്ന് കുടുംബപ്രേക്ഷകർക്കിടയിൽ താരമാണ്. അത്തരത്തിൽ കേരളത്തിൽ ഒട്ടനവധി ആരാധകരുള്ള സീരിയൽ താരമാണ് ഉമ നായർ.
വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷക പ്രിയം നേടിയ നടിയാണ് നായര്‍. കൊല്ലം സ്വദേശിനിയാണ് ഉമ നായർ. ഷോർട്ട് ഫിലിമുകളിൽ ബാല നടിയായി അഭിനയിച്ചുകൊണ്ടായിരുന്നു ഉമ തന്റെ അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്.

അതിനുശേഷം ദൂരദർശൻ സീരിയലിൽ അഭിനയിച്ചുകൊണ്ട് പ്രേക്ഷകശ്രദ്ധ നേടി. തമിഴ് സിനിമയിലൂടെയാണ് ഉമ നായർ ചലച്ചിത്രാഭിനയം തുടങ്ങുന്നത്. 2005ൽ ഡിസംബർ എന്ന സിനിമയിലഭിനയിച്ചുകൊണ്ട് മലയാള സിനിമയിലും അരങ്ങേറി.
തുടർന്ന് ജയിംസ് ആന്റ് ആലീസ്, ലക്ഷ്യം, കോടതിസമക്ഷം ബാലൻ വക്കീൽ എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിലും ഉമ നായർ അഭിനയിച്ചു. സിനിമകളേക്കാൾ സീരിയൽ രംഗത്താണ് ഉമ നായർ പ്രശസ്തയായത്. വാനമ്പാടി, പൂക്കാലം വരവായി എന്നിവയടക്കം അറുപതിലധികം സീരിയലുകളിൽ അവർ അഭിനയിച്ചിട്ടുണ്ട്.

പരസ്യ ചിത്രങ്ങൾക്ക് മോഡലിംങ്ങും ചെയ്യുന്നുണ്ട് ഉമ നായർ. ഇപ്പോഴിത തന്റെ ജീവിതത്തിൽ താൻ എടുത്ത ഒരു തീരുമാനം കാരണം അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് നടി ഉമ നായർ സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ്.
വിവാഹം തന്റെ മാത്രം തീരുമാനമായിരുന്നതിനാൽ ആ ജീവിതത്തിൽ പ്രതിസന്ധികൾ വന്നപ്പോൾ ആരും തനിക്കൊപ്പം നിന്നില്ലെന്നും ഒറ്റയ്ക്ക് നിന്നാണ് പോരാടിയതെന്നുമാണ് ഉമ നായർ പറയുന്നത്.

'ഞാൻ ഇഷ്ടപ്പെട്ട് വിവാഹം കഴിച്ച ആളാണ്. അതിന് ശേഷം നിരവധി സങ്കടങ്ങൾ നേരിടേണ്ടി വന്നു. എന്റെ പേഴ്സണൽ ലൈഫിൽ വേദനിക്കേണ്ടി വന്നത് മുതലാണ് പലതും എനിക്ക് മനസിലായത്.'
'എന്റെ മാത്രം തീരുമാനം കൊണ്ട് വിവാഹം കഴിഞ്ഞതാണല്ലോ. അതുകൊണ്ട് അച്ഛനേയോ അമ്മയേയോ സഹോദരങ്ങളെയോ ഒന്നും കുറ്റപ്പെടുത്താനാവില്ല. അതിനാൽ കുടുംബ ജീവിതത്തിൽ വേദന വരുമ്പോൾ അത് എന്റെ മാത്രം പ്രശ്നമാണ്.'

'കുടുംബ ജീവിതത്തിൽ പ്രശ്നം വന്നപ്പോൾ ഞാൻ കാട്ടിൽ അകപ്പെട്ടപോലെയായിരുന്നു. അവിടെ വെച്ചാണ് ഞാൻ ജീവിതത്തിൽ ഒറ്റയ്ക്കാണെന്ന് തിരിച്ചറിഞ്ഞത്. ഇനി ഞാൻ ഒറ്റയ്ക്കാണ് ആ പ്രശ്നങ്ങളിൽ നിന്ന് കയറി വരേണ്ടതെന്ന് അന്ന് ഞാൻ മനസിലാക്കി.'
'കല്ലും മുള്ളും തീയും നിറഞ്ഞ വഴികളിലൂടെയാണ് പിന്നീട് സഞ്ചരിച്ചത്. അതെല്ലാം ഞാൻ ചാടി കടന്നു. കാരണം എന്നെ മാത്രം വിശ്വസിച്ച് രണ്ട് ജീവനുകൾ വീട്ടിലുണ്ടായിരുന്നു എന്റെ മക്കൾ. അവരെ ബാധ്യതയായി ഞാൻ ഇന്നേ വരെ കണ്ടിട്ടില്ല. ഒരു അമ്മയാകുക എന്നത് ഭൂമിയിലെ ഏറ്റവും വലിയ കാര്യമാണ്.'

'അതുകൊണ്ട് തന്നെ ഒരു അമ്മയെന്ന നിലയിൽ എന്റെ മക്കളെ എന്നാൽ കഴിയും വിധം പൂർണതയിൽ എത്തിക്കണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. വാശിയായിരുന്നു.'
'മക്കളെ നന്നായി വളർത്തി കൊണ്ടുവരാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. മോശമായിപ്പോകരുതെന്ന് കരുതി തന്നെയാണ് ജീവിച്ച് വന്നത്. എന്റെ നേട്ടം എന്റെ മക്കളെ നല്ല നിലയിൽ എത്തിച്ചുവെന്നതാണ്' ഉമ നായർ പറഞ്ഞു.


Click it and Unblock the Notifications











