'കുടുംബം വലുതാകുന്നു...'; വിവാഹത്തിന് പിന്നാലെ എത്തിയ പുതിയ സന്തോഷത്തെ കുറിച്ച് സാന്ത്വനം സീരിയലിലെ അമ്മു!
എല്ലാവർക്കും പ്രിയപ്പെട്ട മലയാളം പരമ്പരയാണ് സാന്ത്വനം. സീരിയലിലെ എല്ലാ കഥാപാത്രങ്ങളും ആരാധകർക്ക് സുപരിചിതരാണ്. അപർണയ്ക്കും ഹരിക്കും കുഞ്ഞ് പിറന്ന സന്തോഷത്തിലൂടെയാണ് പരമ്പര ഇപ്പോൾ സഞ്ചരിക്കുന്നത്. സിനിമാ താരങ്ങളെക്കാൾ ജനപ്രീതിയുള്ളവരാണ് സീരിയൽ താരങ്ങൾ.
അതുകൊണ്ട് തന്നെ സീരിയൽ താരങ്ങളുടെ ഓരോ വിശേഷവും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. അത്തരത്തിൽ ഇപ്പോൾ ശ്രദ്ധനേടുന്നത് പരമ്പരയിൽ അപർണയുടെ സഹോദരിയുടെ വേഷം ചെയ്ത കല്യാണി സുനിലിന്റെ വിശേഷങ്ങളാണ്.
അപ്പുവിന്റെ അനിയത്തിയായ അമ്മു എന്ന കഥാപാത്രത്തെയാണ് കല്യാണി സുനിൽ അവതരിപ്പിച്ചത്. അപ്പുവിനോടൊപ്പം അപ്പുവിന്റെ പ്രണയത്തിലും ഒളിച്ചോട്ടത്തിലുമെല്ലാം കൂട്ടുനിന്ന കുഞ്ഞനിയത്തിയെ മലയാളി പ്രേക്ഷകർ ഏറ്റെടുത്തു.
താരത്തിന്റെ യഥാർത്ഥപേര് സോനാ സുനിൽ എന്നാണ്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. സാന്ത്വനം താരങ്ങളെല്ലാം കല്യാണിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതിന്റെ വീഡിയോകൾ വൈറലായിരുന്നു.

അനൂപാണ് കല്യാണിയുടെ ജീവിത പങ്കാളി. ഇരുവരുടെയും അറേഞ്ച്ഡ് മാരേജായിരുന്നു. കുടുംബ സുഹൃത്തുക്കളായിരുന്നു ഇരുവരും. അങ്ങനെയാണ് വിവാഹത്തിലേക്ക് കാര്യങ്ങൾ എത്തിയത്. 'വിവാഹം കുറച്ച് നേരത്തെയാണ് അത് ശരിയാണ്. ഇപ്പോൾ എന്റെ വീട്ടിൽ അത്യാവശ്യം ജാതകത്തിൽ ഒക്കെ വിശ്വസിക്കുന്ന ആളുകൾ ആണുള്ളത്. അതാണ് വിവാഹം നേരത്തെ നടത്തിയത്.'
'പിന്നെ അതിത്തിരി നേരത്തെ ആയി പോയതുകൊണ്ട് വലിയ മാറ്റങ്ങൾ ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല', എന്നാണ് വിവാഹശേഷം സംസാരിക്കവെ കല്യാണി പറഞ്ഞത്. കുടുംബജീവിതം ആരംഭിച്ച് ആറ് മാസം പിന്നിടുമ്പോൾ പുതിയൊരു സന്തോഷം കല്യാണിയെ തേടി എത്തിയിരിക്കുകയാണ്.
താരം അമ്മയാകാൻ പോവുകയാണ്. പ്രഗ്നൻസി ടെസ്റ്റ് നടത്തിയതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് കല്യാണി തന്നെയാണ് തനിക്ക് കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം സോഷ്യൽമീഡിയ വഴി അറിയിച്ചത്. 'ബേബി ലോഡിങ്... ഞങ്ങളുടെ കുഞ്ഞുവാവയെ കാത്തിരിക്കുന്നു...' എന്നും കല്യാണി കുറിച്ചിട്ടുണ്ട്.
നിരവധി പേരാണ് താരത്തിനും ഭർത്താവിനും ആശംസകൾ നേർന്ന് എത്തിയത്. നർത്തകി കൂടിയായ കല്യാണി ഗർഭിണിയായതോടെ അഭിനയത്തിൽ നിന്നും ഇടവേള എടുക്കുമോയെന്ന സംശയവും ആരാധകർക്കുണ്ട്. പൊതുവെ സീരിയിൽ താരങ്ങൾ ഗർഭകാലത്തും സീരിയലുകളിൽ അഭിനയിക്കാറുണ്ട്.

കുഞ്ഞ് പിറക്കുന്നതിന് കുറച്ച് നാളുകൾക്ക് മുമ്പാണ് അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുന്നത്. നടി ചന്ദ്രലക്ഷ്മൺ അടക്കമുള്ളവർ നിറവയറിൽ സീരിയലിൽ അഭിനയിച്ച വീഡിയോകൾ വൈറലായിരുന്നു.
സാന്ത്വനത്തിന് പുറമെ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കനൽപ്പൂവ് എന്ന സീരിയലിലും കല്യാണി അഭിനയിക്കുന്നുണ്ട്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ് കല്യാണിയുടെ കനൽപ്പൂവിലെ ആതിര. ചേട്ടന്മാരുടെ ഒരേയൊരു പെങ്ങൾ, നാത്തൂന്മാരെ ഏറെ ഉപദ്രവിക്കുന്ന ഒരു കുശുമ്പി ഒക്കെയാണ് കല്യാണിയുടെ ആതിര.
സോഷ്യൽമീഡിയയിൽ സജീവമായ കല്യാണി പങ്കുവെക്കുന്ന റീൽസ് വീഡിയോകളും വൈറലാകാറുണ്ട്. ആനന്ദ് കുമാർ, അമ്പിളി ദേവി, മങ്കാ മഹേഷ്, ചിലങ്ക തുടങ്ങിയവരാണ് കല്യാണിക്ക് പുറമെ കനൽപ്പൂവിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. മറ്റുള്ള സീരിയൽ താരങ്ങളെപ്പോലെ തന്നെ കല്യാണിക്കും ആരാധകരെ സമ്പാദിച്ച് കൊടുത്തത് സാന്ത്വനം പരമ്പരയാണ്.
കുടുംബത്തിലെ നാല് സഹോദരന്മാരുടെ സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും കഥയാണ് ഈ സീരിയൽ പറയുന്നത്. ചിപ്പി രഞ്ജിത്ത് പ്രധാന കഥാപാത്രമായി എത്തുന്ന പരമ്പരയിൽ ഒട്ടനവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











