തെറ്റിദ്ധരിക്കപ്പെട്ടു, എനിക്കും മകനുള്ളതല്ലേ?, ഫുക്രുവില്ലേയെന്ന് ചോദ്യം, അമ്മയിൽ ചേരാത്തതിന് പിന്നിൽ; മഞ്ജു
ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥികളിൽ ഒരാൾ നടി മഞ്ജു പത്രോസ് ആയിരുന്നു. അമ്പത് ദിവസത്തോളം മഞ്ജു ഹൗസിൽ നിന്നു. അന്നുണ്ടായിരുന്ന സഹത്സരാർത്ഥികളിൽ നടിക്ക് ഏറ്റവും അടുപ്പവും സൗഹൃദവും ഉണ്ടായിരുന്നത് യുവ നടനും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ ഫുക്രുവുമായിട്ടായിരുന്നു. ഇരുവരുടേയും സ്നേഹപ്രകടനങ്ങൾ പക്ഷെ എപ്പിസോഡുകൾ ടെലികാസ്റ്റ് ചെയ്യപ്പെട്ടശേഷം മോശമായാണ് പ്രേക്ഷകരിൽ ഒരു വിഭാഗം വ്യാഖ്യാനിച്ചത്.
അതുകൊണ്ട് തന്നെ വലിയ രീതിയിൽ ഹെയ്റ്റും ട്രോളും നടി ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴും ഫുക്രുവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ തന്റെ കമന്റ് ബോക്സിൽ വരാറുണ്ടെന്ന് പറയുകയാണ് മഞ്ജു പത്രോസ്. ബിഗ് ബോസ് ഷോ കാരണം ആളുകൾക്കിടയിൽ തന്നെ കുറിച്ച് തെറ്റിദ്ധാരണ പറന്നുവെന്നും ഐസ് ബ്രേക്ക് എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു.

വെറുതെ അല്ല ഭാര്യയുടെ സമയത്ത് എസ്കലേറ്ററിൽ കയറാൻ പോലും അറിയില്ലാത്ത ആളായിരുന്നു ഞാൻ. എസ്കലേറ്റർ എന്ന് പറയാൻ പഠിച്ചത് പോലും പിന്നീടാണ്. ആ മഞ്ജു പത്രോസിൽ നിന്നും കാലവും അനുഭവവും എന്നെ ഒരുപാട് മാറ്റി. നാൽപ്പതിന് മുമ്പും നാൽപ്പതിനുശേഷവും എന്നിങ്ങനെ രണ്ട് മഞ്ജു പത്രോസുണ്ട്. അന്ന് ഞാൻ വളരെ ജെനുവിനായ ആളായിരുന്നു.
ആ ഷോയിൽ പങ്കെടുത്തപ്പോൾ ചിരിച്ചതിനേക്കാൾ കൂടുതൽ ഞാൻ കരയുകയാണ് ചെയ്തിട്ടുള്ളത്. ബിഗ് ബോസിൽ പങ്കെടുത്തശേഷമാണ് ഞാൻ കൂടുതൽ തെറ്റദ്ധരിക്കപ്പെട്ടത്. ബിഗ് ബോസ് കാരണം എന്നെ കുറിച്ച് വന്ന വ്യാഖ്യാനങ്ങൾ തിരുത്തണമെന്ന് തോന്നിയിരുന്നു. ക്ലാരിറ്റി കൊടുക്കാനും ശ്രമിച്ചിരുന്നു. അതിന് വേണ്ടി എന്റെ ഫോൺ നമ്പർ വരെ ഞാൻ സോഷ്യൽമീഡിയയിൽ ഇട്ടിരുന്നു.
പക്ഷെ ആ ശ്രമത്തിലൂടെയല്ല എന്നെ കണ്ട് കണ്ട് ആളുകൾ യഥാർത്ഥ എന്നെ തിരിച്ചറിയുകയായിരുന്നു. ഫുക്രുവില്ലേയെന്ന് ചോദിച്ച് ഇപ്പോഴും കമന്റിടുന്ന ആളുകളുണ്ട്. അതൊക്കെ കണ്ടില്ലെന്ന് നടിക്കുന്നതാണ് നല്ലത്. ആ ഷോയ്ക്കുശേഷം ഞാൻ വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ട് പോയി. ചെറിയൊരു പയ്യനോട് വേറൊന്നും തോന്നുകയില്ലല്ലോ. എനിക്കും ഒരു മകനുള്ളതല്ലേ?.
ഇതൊക്കെ പറയാൻ എനിക്ക് ഇപ്പോഴും പ്രയാസമാണ്. ഒരിക്കലും ഫുക്രുവിന്റെ കാര്യത്തിൽ ഞാൻ അങ്ങനെ ചിന്തിക്കില്ല. അന്നുള്ള ദേഷ്യം ഇന്ന് എന്നെ മനസിലാക്കിയശേഷം പലർക്കും ഇല്ല. ബിഗ് ബോസിൽ പോകേണ്ടിയിരുന്നില്ലെന്ന് ഒരിക്കൽ പോലും തോന്നിയിട്ടില്ലെന്നും ഇന്ന് കാണുന്ന വീട് തനിക്ക് സ്വന്തമാക്കാൻ കഴിഞ്ഞത് ബിഗ് ബോസ് മൂലമാണെന്നും മഞ്ജു പറഞ്ഞു.

ഒരു ദിവസം 45000 രൂപയാണ് മഞ്ജുവിന് ബിഗ് ബോസിൽ പ്രതിഫലമായി ലഭിച്ചിരുന്നത്. നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടും എന്തുകൊണ്ട് താര സംഘടന അമ്മയിൽ അംഗത്വം എടുത്തില്ലെന്നതിനുള്ള മറുപടിയും അഭിമുഖത്തിൽ മഞ്ജു നൽകി. മെമ്പർഷിപ്പിന് നൽകേണ്ട ഭീമമായ തുകയാണെന്നും അത് ചിലവാക്കാൻ തന്റെ കയ്യിൽ ഇല്ലെന്നും അത്യാവശ്യമായി ചെയ്യേണ്ട പല കാര്യങ്ങളും തന്റെ ജീവിതത്തിൽ ഉണ്ടെന്നും നടി പറയുന്നു.
അമ്മയിൽ അംഗത്വം ഇല്ലാത്തതിന്റെ കാരണം മെമ്പർഷിപ്പിന് വലിയൊരു തുക നൽകണം എന്നതാണ്. ആ പൈസ കൊണ്ട് എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അതുകൊണ്ട് തന്നെ അത്രയും ലാവിഷാകാൻ എനിക്ക് പറ്റില്ല. പ്രധാന കാരണം അത് തന്നെയാണ്. അമ്മയിൽ അംഗമല്ലാത്തവർക്കും അവസരങ്ങൾ കിട്ടുന്നുണ്ട്.
അംഗത്വമുള്ളവർക്ക് കൂടുതൽ അവസരം കിട്ടുന്നതായും തോന്നിയിട്ടില്ലെന്നും മഞ്ജു പത്രോസ് പറഞ്ഞു. സുനിച്ചനാണ് മഞ്ജുവിന്റെ ഭർത്താവ്. ഇപ്പോൾ ഇരുവരും വേർപിരിഞ്ഞ് കഴിയുകയാണ്. മകനെ വളർത്തുന്നതും പഠിപ്പിക്കുന്നതും നടിയാണ്. സിനിമയ്ക്ക് പുറമെ സീരിയലുകളിലും സജീവമാണ്.


Click it and Unblock the Notifications

















