അങ്ങനെ പറയാനുള്ള അധികാരമില്ല, മറ്റൊരു വഴി ഇല്ലായിരുന്നു; സുനിച്ചനെക്കുറിച്ച് മഞ്ജു പത്രോസ്
ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന ഷോയിലൂടെയാണ് മഞ്ജു പത്രോസ് ജനശ്രദ്ധ നേടുന്നത്. ഭർത്താവ് സുനിച്ചനൊപ്പമാണ് മഞ്ജു ഈ ഷോയിലെത്തിയത്. പിന്നീട് മഞ്ജു അഭിനയ രംഗത്തേക്ക് കടന്ന് വന്നു. കുറച്ച് കാലങ്ങൾക്കുള്ളിൽ മഞ്ജുവിനൊപ്പം സുനിച്ചനെ കാണാതായി. ഇരുവരും പിരിഞ്ഞോ എന്ന് ചോദ്യങ്ങൾ വന്നു. അതേസമയം പിരിഞ്ഞില്ലെന്ന് മഞ്ജു പത്രോസ് വ്യക്തമാക്കിയിട്ടുണ്ട്. ഭർത്താവിനെക്കുറിച്ച് പലപ്പോഴും മഞ്ജുവിന് ചോദ്യങ്ങൾ നേരിടേണ്ടി വരാരുണ്ട്.
ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു പത്രോസ്. മെെൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു മനസ് തുറന്നത്.
ഭർത്താവ് ഉള്ളത് കൊണ്ടല്ലേ അങ്ങനെയൊരു റിയാലിറ്റി ഷോയിൽ വരാൻ പറ്റിയതെന്ന് പറയുന്നവരുണ്ട്. അത് സത്യമാണ്. പുള്ളിയുള്ളത് കൊണ്ടാണ് അതിൽ പങ്കെടുക്കാൻ പറ്റിയത്. പക്ഷെ അതിന് ശേഷം ഇവിടെ നിലനിൽക്കണമെങ്കിൽ കഴിവ് വേണമല്ലോ. അല്ലാതെ ഒരാളെ കണ്ടിട്ട് എന്നെ വിളിക്കണം എന്നില്ലല്ലോ. വഴി തുറന്ന് തന്നത് അദ്ദേഹവും കൂടിയായിരിക്കും.

പുള്ളി സമ്മതിച്ചത് കൊണ്ടല്ലേ വർക്കിന് പോകാൻ പറ്റിയത്. പുള്ളിയെ ഒരിടത്തും മെൻഷൻ ചെയ്യാറില്ലല്ലോ എന്ന് പറയുന്നവരുണ്ട്. തീർച്ചയായും പുള്ളി സമ്മതിച്ചത് കൊണ്ടാണ്. പക്ഷെ എപ്പോഴും ചിന്തിക്കേണ്ടത് വേറെന്ത് വഴി എന്നാണ്.
ഞാൻ രമ്യയോട് (ആങ്കറോട്) ഈ വർക്കിന് പോകേണ്ട, എനിക്കത് ഇഷ്ടമല്ല എന്ന് പറഞ്ഞാൽ രമ്യക്ക് ജീവിക്കാനുള്ള മറ്റൊരു വഴി തുറന്ന് കാണിക്കണം, അല്ലെങ്കിൽ ഞാൻ തരണം. അതല്ലാത്ത പക്ഷെ എനിക്കത് പറയാനുള്ള അധികാരമില്ല.
ഞാൻ വർക്കിന് പോകുക എന്നത് എന്റെ കുടുംബത്തിന്റെ ആവശ്യമായിരുന്നു. അത് ഒരാൾ ഒരാളോട് ചെയ്ത അവതാര്യം ഒന്നുമായിരുന്നില്ല. അവളുടെ കലാ ജീവിതം വളരട്ടെ എന്നോർത്ത് ചെയ്ത നന്മയല്ല. ഞങ്ങളുടെ ആവശ്യമായിരുന്നു അത്. ആളുകളുടെ ചോദ്യത്തിന് ഒന്നും പറയാറില്ലെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി.
2005 വരെ ഞാൻ ഭയങ്കര ഹാപ്പിയായിരുന്നു. പപ്പ കൂലിത്തൊഴിലാളിയായിരുന്നു. അമ്മ തയ്ക്കും. അന്ന് ഞങ്ങൾ വളരെ സന്തോഷത്തിലായിരുന്നു.

ഒരു കിളിക്കൂട് പോലൊരു വീടായിരുന്നു. എന്നെയും സഹോദരനെയും കല്യാണം കഴിപ്പിച്ചതിന്റെ പേരിൽ കടമൊന്നും ഇല്ലായിരുന്നു വളരെ പ്ലാൻഡായാണ് അവർ ജീവിച്ചത്. ഞങ്ങളുടേത് അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. ആരോടും പരാതിയൊന്നുമില്ല. കുറേ കടങ്ങൾ വന്നു. പരമാവധി മുന്നോട്ട് പോയി. ജീവിക്കാൻ സ്നേഹം മാത്രം മതിയെന്ന് ആരോ പിള്ളേരെ പറഞ്ഞ് പറ്റിക്കുന്നുണ്ട്. പെെസയില്ലാതെ ജീവിക്കാൻ പറ്റില്ല. സ്നേഹം അടുപ്പിലിട്ട് പുഴുങ്ങിയാൽ അരി ആകില്ല.
അതിന് പെെസ തന്നെ വേണം. ഞാനൊക്കെ സ്നേഹം മാത്രം മതിയെന്നാണ് വിചാരിച്ചത്. പക്ഷെ അതിന് ശേഷമുള്ള ജീവിതം ഈസിയല്ല. പെെസയില്ലാത്തതിന്റെ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ച ആളാണ് ഞാൻ. കിഡ്നി വിൽക്കാൻ വരെ പോയ ആളാണ് ഞാൻ. ഇനിയും താഴേക്ക് പോകാനാകില്ലെന്നായപ്പോൾ ജീവിക്കേണ്ട എന്ന് തോന്നി. അപ്പോഴും മകനും അമ്മച്ചിയും പപ്പയുമുണ്ട്. അവർക്കൊന്നും ഒന്നും അറിയില്ലല്ലോ.
പിടിച്ച് നിൽക്കുകയായിരുന്നു താനെന്നും മഞ്ജു പത്രോസ് കരഞ്ഞ് കൊണ്ട് പറഞ്ഞു. ആരും മനപ്പൂർവം ചെയ്യുന്നതല്ലെന്നും താൻ കുറ്റപ്പെടുത്തുന്നില്ലെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി. സുനിച്ചനുമായി മഞ്ജു പിരിഞ്ഞോ എന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുന്നുണ്ട്. പിരിഞ്ഞില്ലെന്നും ചില പ്രശ്നങ്ങൾ ഉണ്ടെന്നും മുമ്പൊരിക്കൽ മഞ്ജു പത്രോസ് പറഞ്ഞിരുന്നു. മകനും മാതാപിതാക്കൾക്കും ഒപ്പമാണ് മഞ്ജു പത്രോസ് ഇന്ന് കഴിയുന്നത്.


Click it and Unblock the Notifications











