മഞ്ജു സിമിയുമായി അടിച്ച് പിരിഞ്ഞോ? ഒരു ഫോട്ടോ പോലുമിടാതെ മാസങ്ങളായി! സത്യാവസ്ഥ വെളിപ്പെടുത്തി താരങ്ങള്‍
റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് മഞ്ജു പത്രോസും സിമി സാബുവും. ഇരുവരും ഒരുമിച്ച് പരിപാടിയില്‍ പങ്കെടുത്തത് മുതലുള്ള സൗഹൃദം പിന്നീടും ജീവിതത്തില്‍ പിന്തുടരുകയായിരുന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കളായ ഇരുവരും ബ്ലാക്കീസ് എന്ന പേരില്‍ യൂട്യൂബ് ചാനലും നടത്തിയിരുന്നു.
കഴിഞ്ഞ കുറേക്കാലമായി യൂട്യൂബില്‍ വീഡിയോയുമില്ല, സോഷ്യല്‍ മീഡിയയില്‍ രണ്ടാളുടെയും ചിത്രങ്ങളും ഇല്ലാതെയായി. ഇതോടെ മഞ്ജുവും സിമിയും തമ്മില്‍ പിണക്കത്തിലാണോ, ഇനി അടിച്ചു പിരിഞ്ഞോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ വരാന്‍ തുടങ്ങി. ഒടുവില്‍ യൂട്യൂബ് ചാനലിലൂടെയുള്ള വ്‌ലോഗിങ് നിര്‍ത്തി എന്ന് പറയുകയാണ് താരങ്ങള്‍ ഇപ്പോള്‍. അതിന്റെ കാരണവും പുതിയ വീഡിയോയില്‍ സൂചിപ്പിച്ചിട്ടുണ്ട്..

നിരന്തരം ആളുകള്‍ ചോദിക്കുന്നത് കൊണ്ടാണ് അതില്‍ ഒരു വിശദീകരണം നല്‍കാമെന്ന് വിചാരിക്കുന്നത്. ഇനി ഞങ്ങളുടെ അടുത്തുനിന്ന് ഒരു വ്‌ളോഗ് ഉണ്ടാവാന്‍ സാധ്യത തീരെ കുറവാണെന്ന് പറഞ്ഞാണ് മഞ്ജു സംസാരിക്കുന്നത്. താല്‍ക്കാലികമായി ഞങ്ങള്‍ അത് നിര്‍ത്തി. അതെന്താണ് നിര്‍ത്തിയതെന്ന് ചോദിച്ചാല്‍ രണ്ടുമൂന്നു കാരണങ്ങളുണ്ട്. കൊറോണ സമയത്ത് ഞങ്ങള്‍ക്ക് ഒരുമിച്ച് എന്തെങ്കിലും ചെയ്യണമെന്ന് വിചാരിച്ചും ഞങ്ങളുടെ സ്ട്രസ്സ് റിലീഫിന് വേണ്ടിയും തുടങ്ങിയതാണിത്.
അതില്‍ നിന്നൊരു വരുമാനം ഉണ്ടാവണമെന്നും ഞങ്ങളുടെ ജീവിതമാര്‍ഗം ആവണമെന്നും കരുതി തുടങ്ങിയതല്ല. അതുപോലെ തന്നെ കാര്യമായ വരുമാനം ഒന്നും ഞങ്ങള്‍ക്ക് കിട്ടിയിട്ടുമില്ല. ഇതിനെ വളരെ സീരിയസായി കാണുന്നവരും ഇതൊരു ജീവിതമാര്‍ഗമായി കൊണ്ടുപോകുന്ന ഒത്തിരി വ്‌ലോഗര്‍മാരുണ്ട്. അവര്‍ക്കിടയില്‍ ഞങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല എന്നതാണ് സത്യം.
ഞങ്ങള് വായില്‍ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു കൊണ്ട് നില്‍ക്കുന്നു എന്നല്ലാതെ ക്വാളിറ്റിയുള്ള യാതൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. അതുപോലെ ഞങ്ങള്‍ രണ്ടുപേരും തിരക്കിലാണ്. സിമി പുതിയതായി ഒരു ബിസിനസ് തുടങ്ങി. ഞാനും രണ്ട്, മൂന്ന് പ്രൊജക്ടുകളുമായി തിരക്കിലാണെന്ന് മഞ്ജു പറയുന്നു.
വ്‌ളോഗ് ചെയ്യുന്നതിന് അത്യാവശ്യം കാശ് ചിലവുണ്ട്. യാത്ര ചെയ്യുന്നതിനും താമസിക്കുന്നതിനുമോക്കെ നല്ല ചെലവ് വരും. ഇത് ചെയ്തു തുടങ്ങിയപ്പോഴാണ് ഞങ്ങള്‍ക്ക് മനസ്സിലായത്. പിന്നെ വീഡിയോ എഡിറ്റിങ് അടക്കം ചിലവുകള്‍ കൂടാന്‍ തുടങ്ങിയതോടെ ഇത് ചെയ്യണ്ടെന്ന് തീരുമാനിച്ചു. അതോടെ ഞങ്ങളുടെ ക്വാളിറ്റി ടൈം നഷ്ടപ്പെടുത്തുകയാണല്ലോ എന്ന് തോന്നലുണ്ടായി.
ഇതിനിടെ സിമിയുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോന്ന് ഞാനുമായി അടുത്ത ആളുകള്‍ പോലും ചോദിച്ചു തുടങ്ങി. അതുപോലെ സിമിയോടും ആളുകള്‍ ചോദിച്ചിരുന്നു. കാരണം ഞങ്ങള്‍ ഒരുമിച്ചുള്ള വീഡിയോസും ഫോട്ടോസും ഒക്കെ കുറവായി. ഇതുവരെ അങ്ങനൊരു അവസ്ഥയിലേക്ക് ഞങ്ങള്‍ എത്തിയിട്ടില്ല. പലപ്പോഴും സുഹൃത്തുക്കള്‍ക്കിടയില്‍ ബിസിനസും പണവും ഒക്കെ വരുമ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഞങ്ങള്‍ക്ക് പങ്കിടാന്‍ പൈസയുമില്ല അങ്ങനത്തൊരു കൂട്ട് ബിസിനസുമില്ല. ഇനി അങ്ങനെ ഒരു പൈസയുടെ കാര്യം വരികയാണെങ്കിലും പ്രശ്‌നമുണ്ടാകുമെന്ന് തോന്നുന്നില്ല.
ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് പഴയ അതേ വൈബിലാണ് ഞങ്ങളുള്ളത്. ഫോട്ടോയും വീഡിയോയും ഇടാന്‍ സമയമില്ലെന്നേ ഉള്ളൂ. ഇതുവരെ ഞങ്ങള്‍ പിരിഞ്ഞിട്ടില്ലെന്നും മഞ്ജു പറയുന്നു.
രാവിലെ എഴുന്നേല്‍ക്കുന്നു, വീട്ടിലെ കാര്യം നോക്കുന്നു, അങ്ങനൊരു ലൈഫ് ആണിപ്പോള്‍. മുന്‍പ് മാസത്തില്‍ മൂന്നാല് ദിവസം എവിടെയെങ്കിലും പോയി ഞങ്ങളുടെ സ്ട്രസ്സും സങ്കടങ്ങളും ദേഷ്യവും ഒക്കെ പങ്കുവയ്ക്കാന്‍ സാധിക്കുമായിരുന്നു. ഇപ്പോള്‍ അതിന് സാധിക്കാതെ വന്നതുകൊണ്ട് പുതിയൊരു ആലോചനയുമായി വന്നതാണ്. വ്‌ലോഗ് ചെയ്യുന്നില്ലെന്ന് തീരുമാനിച്ച സ്ഥിതിക്ക് വെബ് സീരീസ് ചെയ്താലോ എന്നൊരു ആലോചനയുണ്ട്. ഇനി അതല്ലെങ്കില്‍ ചെറിയ കഥകള്‍ ആയിട്ട് 15 മിനിറ്റ് വരുന്ന വീഡിയോ ചെയ്യാമെന്ന് കരുതുന്നു. അതില്‍ നിങ്ങളുടെ അഭിപ്രായം എന്താണെന്നാണ് മഞ്ജുവും സിമിയും ചോദിക്കുന്നത്


Click it and Unblock the Notifications