'ബിഗ് ബോസ് തമിഴിലേക്കും മലയാളത്തിലേക്കും ക്ഷണം, ഇന്റർവ്യൂവും അറ്റന്റ് ചെയ്തു, അവിടെ വെച്ച് മനസിലായ കാര്യം'
ഇൻസ്റ്റഗ്രാം റീൽസിൽ സമയം ചിലവഴിക്കുന്നവർക്ക് സുപരിചിതയാണ് മഞ്ജുഷ മാർട്ടിൻ. ടിക്ക് ടോക്ക് ഇന്ത്യയിൽ പ്രചാരം നേടിയിരുന്ന കാലത്താണ് മഞ്ജുഷയും വീഡിയോകൾ ചെയ്ത് തുടങ്ങിയത്. ഡാൻസ്, അഭിനയം, ഷോർട്ട് വ്ലോഗ് വീഡിയോകൾ എന്നിവയെല്ലാമാണ് റീലായി മഞ്ജുഷ പങ്കുവെക്കാറുള്ളത്. അഡ്വക്കേറ്റായ മഞ്ജുഷ ഒരു സീരിയൽ താരം കൂടിയാണ്. ഒരിടയ്ക്ക് മലയാളത്തിൽ ഏറെ ആരാധകരുണ്ടായിരുന്ന സീരിയലായ സാന്ത്വനത്തിൽ ഒരു ശ്രദ്ധേയ വേഷം ചെയ്തിരുന്നു.
റീൽസുകളും യുട്യൂബ് വീഡിയോകളുമാണ് സീരിയലിലേക്ക് മഞ്ജുഷയ്ക്ക് വഴി തുറന്ന് കൊടുത്തത്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരുടെ ചില ചോദ്യങ്ങൾക്ക് മഞ്ജുഷ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. സാന്ത്വനത്തിനുശേഷം പുതിയ ഓഫറുകളൊന്നും വന്നില്ലേയെന്നാണ് ഒരാൾ ചോദിച്ചത്.

ബിഗ് ബോസിലേക്കും മഴവിൽ മനോരമയിലെ ഒരു സീരിയലിലേക്കും അവസരം വന്നിരുന്നുവെന്ന് മഞ്ജുഷ മറുപടി നൽകി. സോഷ്യൽമീഡിയയിൽ സജീവമായി നിൽക്കുന്നവരിൽ പലരും ബിഗ് ബോസിൽ ഭാഗമായിട്ടുണ്ട്. എന്നെങ്കിലും ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തുമെന്ന് പ്രതീക്ഷിക്കാമോയെന്നുള്ള ചോദ്യത്തിനും താരം മറുപടി നൽകി.
ബിഗ് ബോസിൽ പോകുമോയെന്ന് അറിയില്ല. സീസൺ അഞ്ച് മുതൽ അവർ വിളിക്കുന്നുണ്ട്. പക്ഷെ ഓരോ വർക്കുകൾ കാരണം പോകാൻ പറ്റിയില്ല. പിന്നെ കോൺഫിഡൻസും ഇല്ല. കഴിഞ്ഞ സീസണിൽ ബിഗ് ബോസ് തമിഴിലേക്ക് ക്ഷണം വന്നിരുന്നു. തമിഴ് ബിഗ് ബോസിലേക്ക് എന്തായാലും പോവില്ല. കാരണം എനിക്ക് തമിഴ് സംസാരിക്കാൻ അറിയില്ല.
ബിഗ് ബോസ് മലയാളത്തിന്റെ ഈ സീസണിൽ ഇന്റർവ്യുവിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു. ആ ഒരു മീറ്റിങിൽ തന്നെ എനിക്ക് മനസിലായി. നല്ല ബോൾഡായിരിക്കണമെന്ന്. മാത്രമല്ല എന്തും ഫെയ്സ് ചെയ്യാനുള്ള കോൺഫിഡൻസും വേണമെന്ന്. അതുകൊണ്ട് തൽക്കാലം പങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചു. എന്നെങ്കിലും അങ്ങനൊരു ധൈര്യം കിട്ടിയാൽ അപ്പോഴും അവസരം വന്നാൽ പങ്കെടുക്കാൻ നോക്കാമെന്ന് മഞ്ജുഷ പറഞ്ഞു.
സാന്ത്വനത്തിലെ എല്ലാവരേയും മിസ് ചെയ്യുന്നുണ്ടോ? എന്ന ചോദ്യത്തിന് ഒരുപാട് അറ്റാച്ച്മെന്റ് സൂക്ഷിക്കുന്നയാളല്ല താൻ എന്നായിരുന്നു മറുപടി. ലൊക്കേഷനിൽ ഒരുപാട് അറ്റാച്ച്മെന്റോ അല്ലെങ്കിൽ ഫ്രണ്ട്ഷിപ്പോ ഉള്ള ആളല്ല ഞാൻ. ഏത് ലൊക്കേഷനിൽ പോയാലും പപ്പയാണ് എന്റെ ബെസ്റ്റ്ഫ്രണ്ട്. അതുകൊണ്ട് ആരെയും മിസ് ചെയ്യുന്നതായി തോന്നാറില്ല.

പിന്നെ എന്തെങ്കിലും ആവശ്യങ്ങളൊക്കെ വരുമ്പോൾ മെസേജ് വഴി കോൺടാക്ട് ചെയ്യും അത്രമാത്രമാണെന്നും മഞ്ജുഷ പറഞ്ഞു. സാന്ത്വനത്തിൽ അച്ചു സുഗന്ധ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ വധുവായ അച്ചുവായാണ് മഞ്ജുഷ അഭിനയിച്ചത്. യുട്യൂബ് വീഡിയോകളിലെ മഞ്ജുഷയുടെ പ്രകടനം കണ്ട് ഒരുപാട് തവണ സീരിയലിലേക്ക് സാന്ത്വനത്തിന് മുമ്പും അവസരം വന്നിട്ടുണ്ട്. പക്ഷെ പേടിയായതുകൊണ്ട് പലപ്പോഴും മഞ്ജുഷ അത് മാറ്റിവച്ചു.
പെട്ടെന്നാണ് ദൂരെ ദൂരെ എന്നൊരു മ്യൂസിക്കൽ ആൽബത്തിൽ അഭിനയിക്കുന്നത്. അത് വൈറലായി ഒപ്പം മഞ്ഷയും ശ്രദ്ധിക്കപ്പെട്ടു. അങ്ങനെയാണ് സാന്ത്വനം സീരിയലിൽ നിന്ന് താരത്തിന് ക്ഷണം ലഭിക്കുന്നത്. അഭിനയം മാത്രമല്ല എഴുത്തും സംവിധാനവും കൊറിയോഗ്രഫിയും എല്ലാം മഞ്ജുഷയ്ക്ക് വശമുണ്ട്. താരത്തിന്റെ ചെറിയ യുട്യൂബ് സീരിസുകൾക്ക് ആരാധകർ ഏറെയാണ്.
ചേച്ചിയും മാതാപിതാക്കളുമെല്ലാം മഞ്ജുഷയ്ക്കൊപ്പം വീഡിയോയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഒരു സമയത്ത് അഭിനയം വേണ്ടെന്ന് വരെ തീരുമാനിച്ചിരുന്നയാളാണ് മഞ്ജുഷ. എന്റെ ശരീര പ്രകൃതിയൊക്കെ പലർക്കും ഒരു പ്രശ്നാമണ്. നിങ്ങൾ വീഡിയോയിലൊന്നും കണ്ടപോലെയല്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്.
ആദ്യമായി സാന്ത്വനത്തിന്റെ ലൊക്കേഷനിലെത്തിയപ്പോൾ അവിടെയുള്ള ചിലർക്കൊക്കെ എന്നെ കണ്ടപ്പോൾ അത്ര പിടിച്ചില്ല. ഞാൻ ഇത്രയും മെലിഞ്ഞതായതുകൊണ്ട് ചിലരൊക്കെ മുഖം ചുളിച്ച് അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്നും മുമ്പ് ബോഡി ഷെയ്മിങിനെ കുറിച്ച് സംസാരിക്കവെ മഞ്ജുഷ പറഞ്ഞിരുന്നു.


Click it and Unblock the Notifications











