ഞാൻ ആ റോൾ ചെയ്യാതിരിക്കാൻ അയാൾ പല പാരകളും വെച്ചു... പക്ഷെ എന്നെ ദിലീപേട്ടൻ സഹായിച്ചു; മനോജ് ഗിന്നസ്
മിമിക്രിയിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ശ്രദ്ധനേടി സിനിമയിൽ തിളങ്ങിയിട്ടുള്ള കലാകാരനാണ് മനോജ് ഗിന്നസ്. എന്നാൽ മലയാള സിനിമ മനോജിനെ വേണ്ടരീതിയിൽ ഉപയോഗിച്ചോയെന്ന കാര്യം സംശയമാണ്. താരം ഏറെയും സഹനടൻ, കോമഡി റോളുകളിലാണ് തിളങ്ങിയിട്ടുള്ളത്. മനോജിനെ സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത് നടൻ ദിലീപാണ്. താരത്തിന്റെ ആദ്യ സിനിമ മഴത്തുള്ളിക്കിലുക്കമായിരുന്നു. ചെറിയൊരു വേഷം ചെയ്യാൻ പോയ തനിക്ക് ദിലീപെന്ന നടന്ന നൽകിയ പരിഗണന വളരെ വലുതായിരുന്നുവെന്ന് പറയുകയാണിപ്പോൾ മനോജ് ഗിന്നസ്.
മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. നഷ്ടപ്പെട്ട് പോകുമായിരുന്ന കഥാപാത്രം ദിലീപ് സഹായിച്ചത് കൊണ്ടാണ് ഭംഗിയായി ചെയ്യാൻ കഴിഞ്ഞതെന്നും മനോജ് പറയുന്നു. ആദ്യമായി ദിലീപേട്ടന്റെ മഴത്തുള്ളിക്കിലുക്കത്തിലാണ് അവസരം ലഭിക്കുന്നത്.

മിമിക്രിയിൽ നിന്ന് ഉയർന്ന വന്ന കലാകാരനായതുകൊണ്ട് അദ്ദേഹത്തോട് ഒരു ആരാധനയുണ്ടായിരുന്നു. നാളെയാണ് ഷൂട്ടെങ്കിൽ തലേദിവസമാണ് എനിക്ക് സിനിമയിലേക്ക് ക്ഷണം വരുന്നത്. കർണാടകയിലെ ഒരു സ്ഥലത്തായിരുന്നു ഷൂട്ട്. ആദ്യമായി ഒരു സിനിമയുടെ ലൊക്കേഷനിൽ ചെന്നതിന്റെ ഭയം എനിക്കുണ്ടായിരുന്നു. നവ്യ നായരൊക്കെ ഉണ്ടായിരുന്നു.
ഞാൻ ആകെ പാടെ പകച്ച് നിൽക്കുകയാണ്. എന്നെ കണ്ട് ദിലീപേട്ടൻ അടുത്തേക്ക് വന്ന് തോളത്ത് കയ്യിട്ടു. വിശേഷങ്ങളും മിമിക്രിയുടെ കാര്യങ്ങളുമെല്ലാം ചോദിച്ചു. ദിലീപേട്ടൻ എന്നെയും കൂട്ടി പോയി ഇരിക്കുന്നത് കണ്ടപ്പോൾ ലൊക്കേഷനിലെ മറ്റുള്ളവരെല്ലാം നോക്കി. ദിലീപേട്ടന്റെ അടുത്തയാളാണ് എന്ന തോന്നൽ എന്നെ കുറിച്ച് അവരിൽ ഉണ്ടായി. അദ്ദേഹം കാരണം അങ്ങനൊരു പരിഗണന കിട്ടി.
ദിലീപേട്ടൻ ഷോട്ടിന് വേണ്ടി മാറിയപ്പോൾ എനിക്ക് അവിടെയുള്ളവർ ചായയും കസേരയുമെല്ലാം കൊണ്ട് വന്ന് തന്നു. കുതിരവണ്ടിക്കാരന്റെ വേഷമായിരുന്നു. അതുപോലെ ഞാൻ ഓടിച്ച കുതിരവണ്ടിയുടെ ഉടമയ്ക്ക് എന്നെ മാറ്റി അയാൾക്ക് ആ വേഷം ചെയ്യണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ പോരായെന്ന് അയാൾ ഇടയ്ക്കിടെ പറയും. പാരവെയ്ക്കും. പക്ഷെ ദിലീപേട്ടൻ എന്നെ സപ്പോർട്ട് ചെയ്തു.
എന്റെ തലയുടെ പൊക്കമുണ്ട് കുതിരയ്ക്ക്. തുടക്കത്തിൽ ഞാൻ എത്ര ശ്രമിച്ചിട്ടും കുതിര വണ്ടി ഓടിക്കാൻ എനിക്ക് പറ്റുന്നില്ലായിരുന്നു. ഞാൻ ഭയങ്കര പ്രാർത്ഥനയായിരുന്നു. ദിലീപേട്ടൻ സപ്പോർട്ട് ചെയ്തതുകൊണ്ടും എങ്ങനെ ചെയ്യണമെന്ന് നിർദേശിച്ചതുകൊണ്ടും കൃത്യമായി ചെയ്യാൻ പറ്റി. എല്ലാവരും ഷോട്ട് കഴിഞ്ഞപ്പോൾ കയ്യടിച്ചു.

ഡയലോഗുണ്ടായിരുന്നു. കന്നഡയിലായിരുന്നു. ഷോട്ടും ഡയലോഗുമെല്ലാം ദിലീപേട്ടൻ പലതവണ പ്രാക്ടീസ് ചെയ്താണ് സീനിന് ഒരുങ്ങുന്നത്. ചെറിയ ഡയലോഗ് പോലും പല സ്റ്റൈലിൽ ആദ്യം പറഞ്ഞ് നോക്കും. അതിൽ ബെസ്റ്റാണ് ഷോട്ടിൽ പറയുകയെന്നും മനോജ് പറഞ്ഞു. മേക്കപ്പിട്ട് ഒരുങ്ങി ഇരുന്നിട്ടും അവസരം നഷ്ടപ്പെട്ട് പോയ അവസരങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മനോജ് പറയുന്നു. മഴത്തുള്ളിക്കിലുക്കത്തിനും വർഷങ്ങൾക്ക് മുമ്പ് അഞ്ചരകല്യാണം സിനിമയിൽ അഭിനയിക്കാൻ അവസരം വന്നിരുന്നു. എനിക്കും സുഹൃത്തിനുമാണ് അവസരം കിട്ടിയത്.
അന്നൊക്കെ മിമിക്രി കലാകാരന് സിനിമയിൽ അവസരം ലഭിക്കുക എന്നത് വലിയ സംഭവമാണ്. അങ്ങനെ ഷൂട്ടിങ് സെറ്റിലെത്തി. ചേരനെല്ലൂർ റെയിൽവെ ഗേറ്റിന് മുമ്പിലുള്ള ഒരു ചായക്കടയിലാണ് ഷൂട്ട്. അവിടെ മുഴുവൻ ജനമാണ്. സലീം കുമാർ റേഡിയോ മോഷ്ടിച്ച് ഇറങ്ങിയോടുമ്പോൾ അത് കണ്ട് അദ്ദേഹത്തിന് മുമ്പിൽ ഞങ്ങൾ ഓടണം അതായിരുന്നു സീൻ.
ഞാനും സുഹൃത്തും എല്ലാം പ്ലാൻ ചെയ്ത് അഭിനയിക്കാൻ റെഡിയായി ഇരുന്നു. പക്ഷെ സമയം കുറേയായിട്ടും ഞങ്ങളെ വിളിച്ചില്ല. ചെന്ന് നോക്കിയപ്പോൾ മറ്റ് രണ്ടുപേർ ആ റോൾ ചെയ്യുന്നതാണ് കണ്ടത്. അത് എനിക്ക് ഉള്ളിൽ ഒരു വിഷമയായിരുന്നു എന്നാണ് അനുഭവം വിവരിച്ച് നടൻ പറഞ്ഞത്.


Click it and Unblock the Notifications