'ആദ്യരാത്രി പരാജയമാകുമെന്ന് ബിജു ചേട്ടന് അറിയാമായിരുന്നു, ആ ഫഹദ് സിനിമയുടെ കഥ അനിയനിൽ നിന്നും മോഷ്ടിച്ചത്'
മിനിസ്ക്രീനിൽ നിന്നും സിനിമയിലേക്ക് എത്തി മലയാളികൾക്ക് സുപരിചിതനായ നടനും മിമിക്രി കലാകാരനുമെല്ലാമാണ് മനോജ് ഗിന്നസ്. സിനിമാല, ബഡായി ബംഗ്ലാവ് പരിപാടികളാണ് മനോജിനെ ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയത്. മഴത്തുള്ളിക്കിലുക്കത്തിൽ കുതിരവണ്ടിക്കാരന്റെ വേഷം ചെയ്തുകൊണ്ടാണ് മനോജ് ഗിന്നസ് സിനിമയിലേക്ക് എത്തിയത്. എന്നാൽ ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല.
മഡ്ഡിയാണ് അവസാനം മനോജ് ഗിന്നസ് അഭിനയിച്ച സിനിമ. ഇപ്പോഴിതാ ബിജു മേനോനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് മനോജ് ഗിന്നസ്. ഒപ്പം സഹോദരന് മലയാളം സിനിമയിൽ നിന്നുമുണ്ടായിട്ടുള്ള ദുരനുഭവങ്ങളും മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ നടൻ പങ്കുവെച്ചു.

2019ൽ ജിബു ജേക്കബിന്റെ സംവിധാനത്തിൽ ബിജു മേനോനെ കേന്ദ്രകഥാപാത്രമാക്കി തിയേറ്ററിൽ എത്തിയ സിനിമയായിരുന്നു ആദ്യരാത്രി. അനശ്വര രാജൻ ആയിരുന്നു നായിക. ആദ്യ രാത്രി എന്ന സിനിമ പരാജയമാകുമെന്ന് ബിജു ചേട്ടന് അറിയാമായിരുന്നു. പോരടാ... സീനുകൾ ഇങ്ങനെയല്ലടാ... എന്നൊക്കെ എന്നോട് പറയുമായിരുന്നു. ആ സിനിമയിൽ അഭിനയിച്ച സമയത്ത് അമ്പത്തിനാല് ദിവസം ബിജു ചേട്ടന്റെ കൂടെയായിരുന്നു. ഒരു കാരവാനായിരുന്നു ഞങ്ങളുടേത്.
എനിക്ക് വലിയ സിനിമാ അനുഭവങ്ങൾ ഇല്ലെങ്കിലും ബിജു ചേട്ടൻ ഓരോ കാര്യങ്ങൾ എന്നോട് പറയുമായിരുന്നു. വേറാരും സംസാരിക്കാൻ ഒന്നും ഇല്ലാത്തതുകൊണ്ട് ഞങ്ങൾ ഇരുന്ന് ഓരോരോ കാര്യങ്ങൾ പറയുമായിരുന്നു. ഞാൻ പാടുന്ന പാട്ടൊക്കെ ഏറ്റ് പാടുമായിരുന്നു. നല്ലൊരു സൗഹൃദം ഉണ്ടായിരുന്നു. പക്ഷെ ഇവരെയൊന്നും ഞാൻ അങ്ങനെ വിളിക്കാറില്ല.
ആദ്യ രാത്രി പരാജയമാകുമെന്ന് ബിജു ചേട്ടന് അറിയാമായിരുന്നുവെങ്കിലും എനിക്ക് അറിയില്ലായിരുന്നു. എന്നിട്ടും എന്തിന് അത് ചെയ്തുവെന്ന് ചോദിച്ചാൽ അറിയില്ല. പിന്നെ സിനിമകൾ അവർ നേരത്തെ കമ്മിറ്റ് ചെയ്യുന്നതാകുമല്ലോ. ബന്ധത്തിന്റെ പുറത്തുള്ള കമ്മിറ്റ്മെന്റുമൊക്കെയാകാം. സിനിമ പരാജയപ്പെടുന്നുമെന്ന് അദ്ദേഹം പറയുമ്പോൾ അങ്ങനൊന്നും സംഭവിക്കില്ലെന്നായിരുന്നു ഞാൻ പറഞ്ഞിരുന്നത്.
ബിജു ചേട്ടന് ഇത്രയധികം സിനിമകളിൽ നിന്നും കിട്ടിയ എക്സ്പീരിയൻസ് വെച്ചാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് അത്ര എക്സ്പീരിയൻസില്ലല്ലോ. പല സീനുകളും ഞാൻ ചെയ്ത് പരിശീലിക്കും. അപ്പോഴൊക്കെ പ്രോത്സാഹനം നൽകി സംസാരിക്കുമായിരുന്നു. അദ്ദേഹം നിഷ്പ്രയാസം അഭിനയിക്കും. ഡയലോഗ് പോലും വലിയ ശബ്ദത്തിൽ പറയില്ല.

പക്ഷെ ഡബ്ബിങിൽ കറക്ടായിരിക്കും. അതുപോലെ അഭിനയത്തിലും ഡയലോഗ് ഡെലിവറിയിലുമുള്ള കറക്ട് മീറ്ററും അദ്ദേഹത്തിന് അറിയാം. ബിജു ചേട്ടൻ നല്ല സ്വഭാവമുള്ള ആളുമാണ്. നല്ല നടനുമാണ്. വിജയരാഘവൻ ചേട്ടനും അതുപോലെയാണ്. മമ്മൂക്കയുടെ പേഴ്സണൽ നമ്പർ എന്റെ കയ്യിലുണ്ട്. പക്ഷെ ചാൻസ് ചോദിച്ചോ മറ്റ് ആവശ്യങ്ങൾക്കോ അദ്ദേഹത്തെ ഞാൻ വിളിക്കാറില്ല.
ചാൻസ് ചോദിച്ചിട്ട് ഇല്ലയെന്നാണ് മറുപടിയെങ്കിൽ വരുന്നൊരു വിഷമമുണ്ടല്ലോ... പിന്നെ ചാൻസ് ചോദിക്കാൻ മടിയുമുണ്ട്. അപകർഷതാബോധമെന്നൊക്കെ പറയാം. ആന കൊടുത്താലും ആശ കൊടുക്കരുതല്ലോ. അതുകൊണ്ട് തന്നെ ട്രൂപ്പിൽ ചാൻസ് ചോദിച്ച് വരുന്നവരോട് അവസരം ഇല്ലെങ്കിൽ ഇല്ലെന്ന് തന്നെ ഞാൻ പറയാറുണ്ടെന്നും മനോജ് പറയുന്നു. ഫഹദ് സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതിയ തന്റെ അനിയൻ പറ്റിക്കപ്പെട്ട കഥയും മനോജ് ഗിന്നസ് വെളിപ്പെടുത്തി.
എന്റെ സഹോദരൻ സംവിധാനം ചെയ്ത സിനിമയാണ് ചാർമിനാർ. മണിരത്നം എന്റെ അനിയന്റെ സ്ക്രിപ്റ്റാണ്. ഈ സിനിമകളുടെ പേരിൽ അവനുണ്ടായ തിക്താനുഭവങ്ങൾ എനിക്ക് അറിയാം. അവൻ എഴുതിയ കഥ കൂടെയുണ്ടായിരുന്ന ഡ്രൈവർ അടിച്ചുമാറ്റി രജിസ്റ്റർ ചെയ്ത് സിനിമ എടുത്തു. മണിരത്നം സിനിമ അങ്ങനെ ഉണ്ടായതാണ്. അവന് ഒരുപാട് പണം ഈ സിനിമ കൊണ്ട് നഷ്ടപ്പെട്ടിട്ടുണ്ടെന്നും മനോജ് ഗിന്നസ് പറയുന്നു.


Click it and Unblock the Notifications