ചടങ്ങുകള്‍ കഴിഞ്ഞിട്ടും രഞ്ജുഷയെ വിടുന്നില്ല! നടിയുടെ മരണത്തില്‍ പ്രതികരണവുമായി നടന്‍ മനോജ് കുമാര്‍
സീരിയല്‍ രംഗത്തെ പ്രമുഖരായ താരങ്ങളുടെ വിയോഗ വാര്‍ത്തയാണ് അടുത്തിടെ സ്ഥിരമായി വന്ന് കൊണ്ടിരിക്കുന്നത്. ചിലര്‍ സ്വാഭവികമായിട്ടുള്ള മരണത്തിന് കീഴടങ്ങുമ്പോള്‍ മറ്റ് ചിലര്‍ സ്വയം മരണം തിരഞ്ഞെടുക്കുകയാണ്. അത്തരത്തില്‍ നടി രഞ്ജുഷ മേനോന്‍ ആത്മഹത്യ ചെയ്തതാണ് ഏറ്റവും അവസാനമായി പ്രേക്ഷകരെ ഞെട്ടലിലാഴ്ത്തിയത്.
ദാമ്പത്യ പ്രശ്‌നങ്ങള്‍ കൊണ്ട് നടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം. അതേ സമയം യൂട്യൂബ് ചാനലുകളിലൂടെയും മറ്റുമായി നടിയുടെ മരണം ഒരു ആഘോഷമാക്കുകയാണെന്ന് പറയുകയാണ് സീരിയല്‍ നടന്‍ മനോജ്. നേരത്തെ രഞ്ജുഷയുടെ മരണത്തില്‍ പ്രതികരണവുമായി മനോജിന്റെ ഭാര്യയും നടിയുമായ ബീന ആന്റണി എത്തിയിരുന്നു.

രഞ്ജുഷയെ കുറിച്ച് പറഞ്ഞവരെയും സീരിയലിലെ സഹതാരങ്ങളെയുമൊക്കെ കുറ്റക്കാരാക്കുന്ന തരത്തിലാണ് പ്രചരണം ഉണ്ടാവുന്നത്. ഇതില്‍ തന്റെ അഭിപ്രായമെന്താണെന്നാണ് മനോജ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്.
'രഞ്ജുഷയുടെ മരണത്തെക്കുറിച്ച് എന്നോട് എന്തെങ്കിലുമൊക്കെ പറയാനാണ് പലരും ആവശ്യപ്പെടുന്നത്. ഈ ലോകത്തുള്ള ജീവിതം മതിയെന്ന് പറഞ്ഞ് പോകുന്നവരെ കുറിച്ച് താനെന്ത് പറയാനാണെന്നാണ് മനോജ് ചോദിക്കുന്നത്. എ പി ഷിബു, സംവിധായകന്‍ ആദിത്യന്‍ എന്നിവരുടെ മരണമൊക്കെ വിധി ആണെന്ന് പറയാം. ശരിക്കുമത് വിധിയുടെ ക്രൂരതയാണ്. അപര്‍ണയും രഞ്ജുഷയുമൊക്കെ സ്വയം ചെയ്തതാണ്.
അപര്‍ണ എന്ന കുട്ടിയുമായി എനിക്കത്ര പരിചയമില്ല. എന്നാല്‍ രഞ്ജുഷയെ അറിയാം. താരോത്സവം എന്ന പരിപാടിയില്‍ എന്റെയും ബീനയുടെയും ടീമിലായിരുന്നു രഞ്ജുഷ ഉണ്ടായിരുന്നത്. അങ്ങനെയാണ് പരിചയപ്പെടുന്നത്. കുറേ കാലം ഈ പരിപാടി ഉണ്ടായിരുന്നു. ഇടയ്ക്ക് മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയില്‍ സലീം കുമാറിന്റെ ഭാര്യയായി അഭിനയിക്കാന്‍ രഞ്ജുഷയ്ക്ക് അവസരം കിട്ടി. അങ്ങനെ അവള്‍ പോയതിന് ശേഷം താരോത്സവത്തിലേക്ക് തിരികെ വന്നില്ല.

രഞ്ജുഷയുടെ പങ്കാളിയായ മനോജ് ശ്രീലകത്തിനെയും അറിയാം. ബീനയും താനും ഒരുമിച്ച് അഭിനയിച്ച സീരിയലിന്റെ സംവിധായകനായിരുന്നു മനോജ്. പിന്നെ ഈ വിഷയത്തില്‍ എന്തെങ്കിലും സംസാരിക്കണമെന്ന് കരുതിയതേ അല്ല. നമ്മള്‍ ചിലതൊക്കെ പറഞ്ഞാല്‍ പലര്‍ക്കും കൊള്ളും. പക്ഷേ യൂട്യൂബ് ചാനലുകള്‍ രഞ്ജുഷയുടെ മരണം വെച്ച് ആറാടുകയാണ്.
യൂട്യൂബ് ചാനലുകള്‍ തന്നെ മെനഞ്ഞ കഥകള്‍ അവര്‍ തന്നെ പറഞ്ഞ് കൊണ്ടിരിക്കുകയാണ്. എന്റെ ഭാര്യ ബീന ആന്റണി ഇന്‍സ്റ്റാഗ്രാമിലിട്ട ആദാരഞ്ജലികള്‍ കണ്ടിട്ട്, ബീനയ്ക്ക് എന്തൊക്കെയോ പറയാനുണ്ടെന്നും മനോജ് അവരെ വിലക്കിയെന്നുമൊക്കെ വരെ കഥകള്‍ വന്നു. ഈ വിഷയത്തില്‍ ഞങ്ങള്‍ക്ക് അറിയാവുന്ന അത്രയും കാര്യങ്ങളൊന്നും ഈ പറയുന്നവര്‍ക്കൊന്നും അറിയില്ല.
എന്നാലും ഇങ്ങനെ പറഞ്ഞ് കൊണ്ടിരിക്കുകയാണ്. രഞ്ജുഷയുടെ ചടങ്ങുകള്‍ കഴിഞ്ഞിട്ടും ഈ വിഷയം തീരാതെ പോവുന്നത് കൊണ്ടാണ് മറുപടിയുമായി വന്നതെന്നാണ് മനോജ് പറയുന്നത്. താനും ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് വീഡിയോ ഇട്ടിരുന്നെങ്കില്‍ വരുമാനം ഉണ്ടാക്കാമായിരുന്നു. പക്ഷേ അങ്ങനെയുള്ള വഴിയിലൂടെയൊന്നും പൈസ ഉണ്ടാക്കുന്നത് ഇഷ്ടമല്ലെന്നാണ് മനോജ് പറയുന്നത്.


Click it and Unblock the Notifications











