മതം മാറണോ എന്ന് ബീന എന്നോട് ചോദിച്ചു, ഞാൻ നൽകിയ മറുപടി; വിവാഹസമയത്തേ തീരുമാനിച്ചു: മനോജ്
ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് മനോജ് നായരും ബീന ആന്റണിയും. പ്രണയിച്ച് വിവാഹം ചെയ്വരാണിവർ. എപ്പോഴും സന്തോഷത്തോടെയാണ് ഇവരെ പാെതുവേദികളിലും അഭിമുഖങ്ങളിലും കാണാറുള്ളത്. ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും പരസ്പരം താങ്ങും തണലുമായവർ. ഇപ്പോഴിതാ ബീന ആൻ്റണിയെക്കുറിച്ച് പുതിയ അഭിമുഖത്തിൽ മനോജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വ്യത്യസ്ത മതക്കാരാണെങ്കിലും ബീനയോട് താൻ മതം മാറാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് മനോജ് നായർ പറയുന്നു. സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
ക്രിസ്ത്യാനിയായ എന്റെ ഭാര്യയെ ഞാൻ മതം മാറ്റിയിട്ടില്ല. നായർ തറവാടുകളിൽ ഇത്തരം കാര്യങ്ങൾ കുറച്ച് കൂടുതലാണ്. മതം മാറണോ എന്ന് അവൾ ചോദിച്ചിരുന്നു. അവൾക്ക് പ്രശ്നമില്ല. അവൾ പള്ളിയിലും അമ്പലത്തിലുമൊക്കെ നേരത്തെ പോയിട്ടുണ്ട്. അപ്പോൾ ഞാനോ, എന്റെ കയ്യിലും കുരിശുണ്ടല്ലോ എന്ന് ഞാൻ ചോദിച്ചു. ഞാൻ യേശുവിന്റെ ആരാധകനല്ലേ. പിന്നെ ഞാനെങ്ങനെയാണ് നിന്നോട് മറക്കാൻ പറയുക, വേറെ പണിയൊന്നുമില്ലേ എന്ന് ഞാൻ ചോദിച്ചു.

അല്ല മനുവിന് ഭാവിയിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത അമ്പലത്തിലൊക്കെ പോകുമ്പോൾ വിഷമം വരില്ലേ എന്നവൾ ചോദിച്ചു. അങ്ങനെ നിനക്ക് കയറാൻ പറ്റാത്ത അമ്പലത്തിൽ ഞാനും കയറില്ല, പോയി വല്ല പണി നോക്ക് എന്ന് പറയുമെന്ന് ഞാൻ മറുപടി നൽകി. അഹിന്ദുക്കൾക്ക് കയറാൻ പറ്റില്ലെന്ന് എഴുതിവെക്കുന്നത് വൃത്തികേടല്ലേ. എന്നേ എടുത്ത് കളയേണ്ടതാണ്. ഞാനിതിനൊക്കെ വളരെ എതിരാണ്. കാലം മാറുമ്പോൾ കോലവും മാറും.
പണ്ട് മാറ് മറയ്ക്കാതെ നടന്ന്, ഇപ്പോൾ മാറ് മറയ്ക്കാനുള്ള അവകാശം വന്നില്ലേ, ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാകണം എന്ന അന്ധവിശ്വാസവും മാറിയില്ലേ. ഇന്ന് ഭാര്യയോട് ചാടാൻ പറഞ്ഞാൽ ഒരൊറ്റ അടി തരും. കല്യാണം ഒരു മണ്ടത്തരമായിരുന്നെന്ന് തോന്നിയിട്ടില്ല. 22 വർഷമായി. നല്ല വഴക്കും ഉണ്ടാകാറുണ്ട്. പിണങ്ങും സ്നേഹിക്കും. ഞങ്ങളുടെ ജീവിതം അതാണ്. എന്റെ ഭാര്യക്ക് ചെറിയ കാര്യങ്ങളിൽ ടെൻഷനാകും. ഞാനവളെ വിളിക്കുന്നത് വ്യാകുല മാതാവേ എന്നാണെന്നും മനോജ് തമാശയോടെ പറഞ്ഞു.

നേരത്തെ തന്നെയും ബീന ആന്റണിയെയും കുറിച്ച് വന്ന ഗോസിപ്പുകളെക്കുറിച്ച് മനോജ് സംസാരിച്ചിരുന്നു. വളരെ വേഗത്തിലാണ് ഇത്തരം വാർത്തകൾ പ്രചരിച്ചത്. ഇതൊക്കെ സത്യമാണോ എന്നറിയാൻ വിളിക്കുന്നവരും നിരവധിയായിരുന്നു. ആദ്യമൊക്കെ വിഷമം തോന്നി. പിന്നെ ശീലമായി. എന്നാൽ വിവാഹത്തിന് മുമ്പ് ബീന നേരിടേണ്ടി വന്ന അപവാദ പ്രചരണങ്ങൾ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. ബീന ഒരുപാട് സഹിച്ചിട്ടുണ്ട്. തിളങ്ങി നിന്ന സമയത്ത് എന്തെല്ലാം കഥകളാണ് പ്രചരിച്ചത്.
ബീനയുടെ പിതാവ് വളരെ കാർക്കശ്യത്തോടെയാണ് മകളെ വളർത്തിയത്. അമ്മയോ അപ്പനോ ഇല്ലാതെ ബീന പുറത്തിറങ്ങുന്നത് ഞാൻ കണ്ടിട്ടില്ല. അങ്ങനെയൊരാളെക്കുറിച്ചാണ് ഇത്തരം കഥകൾ വന്നത്. മറ്റുള്ളവരെ വേദനിപ്പിച്ച് ആസ്വദിക്കുന്നവരുണ്ട്. അവർ എന്തും പറയുമെന്നും അന്ന് മനോജ് പറഞ്ഞു. സീരിയൽ രംഗത്താണ് മനോജും ബീന ആന്റണിയും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ബീന ആന്റണിയെ നേരത്തെ നിരവധി സിനിമകളിൽ സഹനടിയായി അഭിനയിച്ചിട്ടുണ്ട്. എന്നാൽ ശ്രദ്ധേയ റോളുകൾ തുടരെ ലഭിച്ചത് ടെലിവിഷൻ രംഗത്താണ്. അഭിനയ രംഗത്ത് ബീന ആന്റണി ഇപ്പോഴും സജീവമാണ്.


Click it and Unblock the Notifications











