ഇങ്ങേരെ ഇതിന് പറ്റില്ലെന്ന് പറഞ്ഞു! അച്ഛനെ ന്യൂജെന്‍ താരങ്ങള്‍ ലൊക്കേഷനില്‍ നിന്നും ഇറക്കി വിട്ടു; മനു വര്‍മ്മ
ചെറുതും വലുതുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മുതിര്‍ന്ന നടനാണ് ജഗനാഥ വര്‍മ്മ. ഗംഭീര പ്രകടനം കാഴ്ച വെച്ച നിരവധി സിനിമകളിലാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത്. നമ്പൂതിരി വേഷങ്ങളിലും അച്ഛന്‍ കഥാപാത്രങ്ങളിലുമൊക്കെ ജഗനാഥ വര്‍മ്മ തിളങ്ങി. എന്നാല്‍ ഇത്രയും മുതിര്‍ന്ന നടനായിട്ട് കൂടെ സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് വളരെ മോശമായ ചില അനുഭവങ്ങള്‍ നടന് നേരിടേണ്ടതായി വന്നിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കിപ്പുറം അച്ഛന് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് അദ്ദേഹത്തിന്റെ മകനും നടനുമായ മനു വര്‍മ്മയാണ് വെളിപ്പെടുത്തിയത്. മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ന്യൂജെന്‍ താരങ്ങളില്‍ നിന്നുമുണ്ടായ അപമാനത്തെ കുറിച്ച് മനു തുറന്ന് സംസാരിച്ചത്.

സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചിട്ട് അച്ഛനെ തിരിച്ചയച്ചൊരു സംഭവമുണ്ട്. ന്യൂജെന്‍ സംവിധായകന്റെ പടമാണ്. ഈ കഥാപാത്രത്തിന് ഇങ്ങേര് പറ്റില്ലെന്നോ അങ്ങനെ എന്തോ സംവിധായകന്‍ പറഞ്ഞു. അത് വലിയ വിഷമമായി. വീട്ടില്‍ വന്നിരുന്ന അതേ കുറിച്ച് പറഞ്ഞ് അദ്ദേഹം കരഞ്ഞു. അത്രയും വലിയ ആര്‍ട്ടിസ്റ്റായിട്ട് പോലും അങ്ങനൊരു അനുഭവമുണ്ടായി. ആ പടം വലിയ ഹിറ്റൊന്നും ആയിട്ടില്ല.
ഇതുപോലൊരു അനുഭവം തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്നാണ് മനു പറയുന്നത്. അന്ന് ഞാന്‍ സീരിയലില്‍ നായകനായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. 1997 ലാണെന്ന് തോന്നുന്നു. അന്ന് എറണാകുളത്ത് അഭിനയിച്ച് കൊണ്ടിരിക്കുന്ന സമയത്ത് എന്നെ പ്രമുഖ സംവിധായകന്റെ സീരിയലില്‍ അഭിനയിക്കാന്‍ വിളിച്ചു. അച്ഛനെ പോലെ എന്തും അഡ്ജസ്റ്റ് ചെയ്യുന്ന ആളല്ല ഞാന്‍. നമുക്ക് തരേണ്ട സീനിയോററ്റിയൊക്കെ കിട്ടണമെന്ന് എനിക്കുണ്ട്. ആഗ്രഹമല്ല, ചിലപ്പോള്‍ പിടിച്ച് വാങ്ങിക്കുകയും ചെയ്യും. അങ്ങനെ ചെയ്തിട്ടില്ല. നിങ്ങള്‍ ഈ ക്യാരക്ടറിന് പറ്റിയ ആളല്ലെന്നാണ് സംവിധായകന്‍ പറഞ്ഞത്.
എന്നെ പോലെ ഒരാളെ ഇവിടേക്ക് വിളിച്ച് വരുത്തുമ്പോള്‍ നിങ്ങള്‍ക്ക് അത് അറിയില്ലായിരുന്നോ എന്ന് ഞാന്‍ അയാളുടെ മുഖത്ത് നോക്കി തന്നെ ചോദിച്ചു. തിലകന്‍ ചേട്ടനെ പോലൊരു നടനെ വിളിച്ചിട്ട് നിങ്ങളിതിന് ചേരില്ലെന്ന് പറഞ്ഞാല്‍ എങ്ങനെയുണ്ടാവും. അതുപോലൊരു രീതിയിലല്ലേ എന്നോട് സംസാരിച്ചതെന്ന് ഞാന്‍ ചോദിച്ചു.അച്ഛന്‍ പക്ഷേ അതൊക്കെ ക്ഷമിച്ചിട്ടിങ്ങ് പോന്നു. എനിക്ക് ന്യായം എന്ന് പറയുന്നതൊരു വലിയ പ്രശ്‌നമാണെന്നും മനു വര്‍മ്മ പറയുന്നു.

അവസാനകാലമായപ്പോഴെക്കും സിനിമയില്‍ നിന്നും സീരിയലിലേക്ക് അച്ഛന്‍ ഒതുങ്ങി. അദ്ദേഹത്തിന്റെ കംഫര്‍ട്ട് നോക്കിയായിരിക്കും സീരിയലില്‍ അഭിനയിച്ചത്. സീരിയലില്‍ അപ്പോള്‍ തന്നെ കാശ് കിട്ടും, അന്ന് തന്നെ വീട്ടിലേക്ക് വരാനും സാധിക്കും. അതുകൊണ്ടാവും അച്ഛന്‍ സീരിയലില്‍ സജീവമായത്.
തൈക്കാട് താമസിക്കുന്ന സമയത്ത് സിനിമയിലെ സുഹൃത്തുക്കളെല്ലാം അച്ഛനൊപ്പം വീട്ടില്‍ വരുമായിരുന്നു. സോമേട്ടന്‍, സുകുമാരേട്ടന്‍, ക്യാപ്റ്റന്‍ രാജുവേട്ടന്‍, സിദ്ദിഖ്, വിജയരാഘവന്‍ തുടങ്ങിയ താരങ്ങളൊക്കെ വീട്ടില്‍ വരും. അമ്മ നന്നായി ഭക്ഷണം പാചകം ചെയ്യുന്ന ആളായിരുന്നു. അമ്മ അവര്‍ക്കെല്ലാം ഭക്ഷണം ഉണ്ടാക്കി കൊടുക്കും. അങ്ങനെ എല്ലാവരുമായിട്ടും നല്ല സൗഹൃദമുണ്ടായിരുന്നുവെന്നും മനു വര്‍മ്മ പറയുന്നു.
സിനിമയില്‍ എത്തുന്നതിന് മുന്‍പ് പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്തിരുന്ന ആളായിരുന്നു ജഗനാഥവര്‍മ്മ. 33 വര്‍ഷത്തോളം നീണ്ട സര്‍വീസിന് ശേഷം 1996 ല്‍ എസ്പിയായിട്ടാണ് അദ്ദേഹം വിരമിച്ചത്. പോലീസിലായിരിക്കുമ്പോഴാണ് സിനിമയില്‍ അഭിനയിക്കാന്‍ എത്തുന്നത്. അങ്ങനെ 1978 ല്‍ പുറത്തിറങ്ങിയ ഹൃദയബന്ധങ്ങള്‍ എന്ന സിനിമയില്‍ ആദ്യമായി അഭിനയിച്ചു. എന്നാല്‍ ഈ പടം റിലീസിനെത്തിയില്ല. പിന്നീട് അതേ വര്‍ഷം തന്നെ മാറ്റൊലി എന്ന സിനിമയിലൂടെ അദ്ദേഹം അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചു.
കഥകളി, ചെണ്ട തുടങ്ങിയവയിലൊക്കെ പ്രാവീണ്യം നേടിയ ജഗനാഥ വര്‍മ്മ അവസാനകാലം വരെയും അഭിനയത്തില്‍ സജീവമായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് 2016 ഡിസംബറിലാണ് നടന്‍ ഈ ലോകത്തോട് വിട പറയുന്നത്.


Click it and Unblock the Notifications











