താലികെട്ടിയ ശേഷം ശ്രീ സ്‌നേഹയെ കെട്ടിപ്പിടിച്ചു.. ദൈവമേ ആ ദിവസം കഴിഞ്ഞിട്ട് ഒരു വര്‍ഷമായോ...
ബിഗ് സ്‌ക്രീനില്‍ മാത്രമല്ല, പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താര ജോഡികള്‍ ഇങ്ങ് മനി സ്‌ക്രീനിലുമുണ്ട്. അങ്ങനെ ഒരു താരദമ്പതികളാണ് ശ്രീകുമാറും സ്‌നേഹയും. മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട സ്‌നേഹയും ശ്രീകുമാറും ജീവിതത്തില്‍ ഒന്നിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. ആദ്യ വിവാഹ വാര്‍ഷികത്തിന്റെ സന്തോഷം താരദമ്പതികള്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. വിവാഹ വേളയിലെ നിമിഷങ്ങള്‍ പകര്‍ത്തിക്കൊണ്ടുള്ള വീഡിയോയ്‌ക്കൊപ്പമാണ് ഒരു വര്‍ഷം ഒന്നിച്ച് ജീവിച്ചതിന്റെ സന്തോഷം സ്‌നേഹ പങ്കുവച്ചത്.
ദൈവമേ ആ മനോഹര നിമിഷം കടന്ന് പോയിട്ട് ഒരു വര്‍ഷമായോ എന്ന എന്ന ക്യാപ്ഷനോടെയാണ് സ്‌നേഹ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. താലി കെട്ടിയ ശേഷം സ്‌നേഹയെ കെട്ടിപ്പിടിയ്ക്കുന്ന ശ്രീകുമാറിനെ വീഡിയോയില്‍ കാണാന്‍ കഴിയുന്നു. പ്രിയതമയ്ക്ക് സ്‌നേഹം അറിയിച്ചുകൊണ്ട് ശ്രീകുമാറും ഇന്‍സ്റ്റഗ്രാമിലെത്തി.
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന മറിമായത്തില്‍ മണ്ഡോതരി എന്ന കഥാപാത്രത്തിലൂടെയാണ് സ്‌നേഹ പ്രേക്ഷക ശ്രദ്ധ നേടിയത്. എപ്പോഴും ചിരിച്ചുകൊണ്ടിരിയ്ക്കുന്ന ലോഹിതനായി ശ്രീകുമാറും എത്തി. മറിമായത്തിലൂടെ തന്നെയാണ് ഇരുവരും സൗഹൃദത്തിലായതും ആ സൗഹൃദം പ്രണയത്തിലേക്ക് വഴിയൊരുക്കിയതും. വീട്ടുകാരുടെ സമ്മതത്തോടെ നടന്ന പക്ക ട്രഡീഷണല്‍ വിവാഹമായിരുന്നു ശ്രീകുമാറിന്റേയും സ്‌നേഹയുടെയും.

വിവാഹ ശേഷമുള്ള ഇരുവരുടെയും പ്രണയാദ്ര നിമിഷങ്ങളും മറ്റും നേരത്തെയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുണ്ട്. മൂന്നാറില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ അവയില്‍ ചിലതാണ്.
വിവാഹ ശേഷവും സ്‌നേഹ അഭിനയ ജീവിതം തുടരുന്നു. നടി എന്നതിനപ്പുറും പ്രൊഫഷണല്‍ ഡാന്‍സര്‍ കൂടെയാണ് സ്‌നേഹ. മോഹിനിയാട്ടം, കുച്ചുപ്പുടി, കഥകളി, ഓട്ടം തുള്ളല്‍, ഭരതനാട്യം തുടങ്ങിയ നൃത്ത കലാരൂപങ്ങളില്‍ പ്രാവീണ്യം തെളിയിച്ച സ്‌നേഹ ദേശീയ- അന്താരാഷ്ട്ര വേദികളില്‍ പെര്‍ഫോം ചെയ്തിട്ടുണ്ട്.
ടെലിവിഷന് പുറമെ ശ്രീകുമാറിന് വലിയൊരു കരിയര്‍ ബ്രേക്ക് ലഭിച്ച സിനിമയായിരുന്നു മെമ്മറീസ്. പൃഥ്വിരാജിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രതിനായക വേഷത്തിലാണ് ശ്രീകുമാര്‍ എത്തിയത്. അയാള്‍ ഞാനല്ല, എ ബി സി ഡി തുടങ്ങിയ സിനിമകളിലും ശ്രീകുമാര്‍ അഭിനയിച്ചിട്ടുണ്ട്. നിലവില്‍ ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരിയിലാണ് ശ്രീകുമാര്‍ അഭിനയിക്കുന്നത്. വിവാഹ ശേഷം ഇരുവരും ഒന്നിച്ച് ചെയ്ത നെല്ലിക്ക എന്ന ഹാസ്യ പരിപാടിയും ശ്രദ്ധ നേടി. കൈരളി ടിവിയിലാണ് പരമ്പര സംപ്രേക്ഷണം ചെയ്തത്.


Click it and Unblock the Notifications











